കൊച്ചി: കൊച്ചി മെട്രോയിൽ ഗ്രാഫിറ്റി വരച്ചത് ഇറ്റാലിയന്‍ പൗരന്മാരല്ലെന്ന് പൊലീസ്. അഹമ്മദാബാദിൽ അറസ്റ്റിലായ ഇറ്റാലിയൻ സ്വദേശികൾ ഇന്ത്യയിലെത്തിയത് സെപ്റ്റംബർ 24 നാണ്. എന്നാല്‍ കൊച്ചി മെട്രോയിൽ ഗ്രാഫിറ്റി വരച്ചത് മെയ് മാസത്തിലാണ്. ഈ സമയത്ത് നിലവിൽ അറസ്റ്റിലായവ൪ ഇന്ത്യയിലെത്തിയിരുന്നില്ല. അഹമ്മദാബാദ് മെട്രോ സ്റ്റേഷനിൽ ഗ്രാഫിറ്റി വരച്ച പ്രതികളെ പൊലീസ് പിടികൂടിയിരുന്നു. ഇവ൪ തന്നെയാണ് കൊച്ചിയിലെ പ്രതികളെന്ന സംശയത്തിലാണ് കൊച്ചി പൊലീസ് അഹമ്മദാബാദിലെത്തി പ്രതികളെ ചോദ്യം ചെയ്തത്. കൊച്ചിയില്‍ നിന്നുള്ള മെട്രോ പൊലീസ് സംഘം അഹമ്മദാബാദില്‍ നിന്ന് മടങ്ങി.
രാജ്യവ്യാപകമായി ഗ്രാഫിറ്റി വാന്‍റലിസം പ്രചരിപ്പിക്കുന്ന റെയിൽവേ ഗൂൺസ് സംഘത്തിലെ നാലുപേരാണ് അഹമ്മദാബാദിൽ അറസ്റ്റിലായത്. കഴിഞ്ഞയാഴ്ച്ച അഹമ്മദാബാദ് മെട്രോയുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നതിന് തൊട്ട് മുൻപാണ് ടാസ് എന്ന് ഗ്രാഫിറ്റി വരച്ച് ഇവർ കടന്നുകളഞ്ഞത്. ഈ കേസിലാണ് ജാൻലുക, സാഷ, ഡാനിയേൽ, പൗലോ എന്നിവരെ അഹമ്മദാബാദിൽ ഇവർ താമസിച്ച ഫ്ലാറ്റിൽ വെച്ച് അറസ്റ്റ് ചെയ്തത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊച്ചി ഉൾപ്പടെ ജയ്പൂർ, ദില്ലി, മുബൈ മെട്രോ സ്റ്റേഷനിലെ ഗ്രാഫിറ്റിക്ക് പിന്നിലും ഇവരെന്ന സൂചന പുറത്തുവന്നത്. പിന്നാലെ ഇതിൽ വ്യക്തത വരുത്താൻ കൊച്ചി മെട്രോ പൊലീസ് സ്റ്റേഷനിലെ സിഐ യുടെ നേതൃത്വത്തിൽ അന്വേഷണസംഘം അഹമ്മദാബാദിലേക്ക് പോവുകയായിരുന്നു. എന്നാല്‍ ഇവരല്ല കൊച്ചിയില്‍ ഗ്രാഫ്റ്റി വരച്ചെന്ന് പൊലീസ് വ്യക്തമാക്കുന്നു.
കഴിഞ്ഞ മെയ് മാസത്തിലാണ് കൊച്ചി മെട്രോയുടെ തന്ത്രപ്രധാനമേഖലയായ മുട്ടം യാർഡിലെ നിർത്തിയിട്ടിരുന്ന ബോഗികളിൽ Burn, Splash എന്നിങ്ങനെ വരച്ച് ഒരു സംഘം കടന്നുകളഞ്ഞത്. നഗരത്തിൽ സ്ഫോടനമെന്ന ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. കലാകാരന്മാരെങ്കിലും കല വിധ്വംസക ഉദ്ദേശങ്ങൾക്ക് ഉപയോഗിക്കുന്ന റെയിൽവേ ഗൂൺസ് ആണ് ഇവർ എന്ന് കണ്ടെത്തിയെങ്കിലും ഈ രാജ്യാന്തര സംഘത്തിലേക്കെത്താൻ കൊച്ചി പൊലീസിന് കഴിഞ്ഞിരുന്നില്ല.