നയൻതാര-വിഘ്‌നേഷ് ശിവൻ വിവാഹം സിനിമാ സ്‌റ്റൈലിൽ; സംവിധാനം ഗൗതം മേനോൻ
നടി നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും വിവാഹിതരാകാന്‍ പോവുകയാണ്. ദീര്‍ഘനാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു. ഇരുവരുടെയും വിവാഹ ഒരുക്കങ്ങള്‍ ഗംഭീരമായി നടക്കുകയാണ്. അതിനിടെ വളരെ കൗതുകകരമായ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഒരു സിനിമ സ്‌റ്റൈല്‍ വിവാഹ ചടങ്ങിനാണ് ഇരുവരും പദ്ധതിയിട്ടിരിക്കുന്നത്. സംവിധായകന്‍ ഗൗതം മേനോനായിരിക്കും ചടങ്ങിന്റെ സംവിധാനം. ഒട്ടേറെ പ്രണയചിത്രങ്ങള്‍ അണിയിച്ചൊരുക്കിയ ഗൗതം മേനോനെ സംബന്ധിച്ച് ഇത് പുതിയ ഒരു അനുഭവമായിരിക്കുമെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.
വിവാഹ ചടങ്ങുകള്‍ സ്ട്രീം ചെയ്യുന്നതിനുള്ള അവകാശം നെറ്റ്ഫ്‌ലിക്‌സിന് നല്‍കിയിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. റെക്കോര്‍ഡ് തുകയ്ക്കാണ് അവകാശം വിറ്റുപോയത്. സെലിബ്രിറ്റികളുടെ വിവാഹങ്ങള്‍ക്ക് ഒടിടി പ്ലാറ്റ്‌ഫോമില്‍ ഒട്ടേറെ പ്രേക്ഷകരുണ്ട്. സമീപകാലത്ത് നിരവധി താരങ്ങളുടെ വിവാഹം ചടങ്ങുകള്‍ സമാനമായി ഒടിടി പ്ലാറ്റ്‌ഫോമുകള്‍ സ്വന്തമാക്കിയിരുന്നു.
ജൂണ്‍ 9-നാണ് വിവാഹം. മഹാബലിപുരത്തെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ഹിന്ദു ആചാരപ്രകാരമായിരിക്കും വിവാഹം നടക്കുക. വിവാഹത്തിന് മുപ്പത് പേര്‍ക്കാണ് ക്ഷണം. സിനിമാപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കുമായി വിവാഹ വിരുന്ന് സംഘടിപ്പിക്കും. രജനികാന്ത്, സാമന്ത, കമല്‍ ഹാസന്‍, വിജയ്, അജിത്ത്, സൂര്യ, കാര്‍ത്തി, ശിവകാര്‍ത്തിയേകന്‍ വിജയ് സേതുപതി തുടങ്ങിയവര്‍ അതിഥികളായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
‘ഗോള്‍ഡ്’ എന്ന അല്‍ഫോണ്‍സ് പുത്രന്‍ ചിത്രമാണ് മലയാളത്തില്‍ നയന്‍താരയുടെ ഏറ്റവും പുതിയ റിലീസ്. ബോളിവുഡില്‍ അറ്റ്ലി സംവിധാനം ചെയ്യുന്ന ഷാരൂഖ് ഖാന്‍ ചിത്രത്തില്‍ നയന്‍താര അഭിനയിക്കുന്നു. കാത്തുവാക്കുല രണ്ടു കാതല്‍ എന്ന ചിത്രമാണ് വിഘ്‌നേഷ് ഒടുവില്‍ സംവിധാനം ചെയ്തത്. നയന്‍താരയും സാമന്തയും വിജയ് സേതുപതിയുമായിരുന്നു ചിത്രത്തിലെ താരങ്ങള്‍.