KeralaNews

സര്‍ക്കാരിനെതിരേ വിമര്‍ശനമില്ല; പുസ്തകം എഴുതിയതിന് ശിവശങ്കറിനെതിരേ നടപടി വേണ്ടെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പുസ്തകമെഴുതിയ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരേ തൽക്കാലം നടപടി വേണ്ടെന്ന് സർക്കാർ. സർക്കാരിനേയോ സർക്കാർ നയങ്ങളേയോ വിമർശിക്കുന്ന പരാമർശങ്ങളൊന്നും പുസ്തകത്തിൽ ഇല്ലെന്നാണ് വിലയിരുത്തൽ.

1968-ലെ ഓൾ ഇന്ത്യ സർവീസ് റൂൾ അനുസരിച്ച് സർവീസിലിരിക്കുന്ന ഒരു ഐഎഎസ് ഉദ്യോഗസ്ഥന് സർവീസിലിരിക്കുന്ന കാലയളവിൽ പുസ്തകം എഴുതുന്നതിന് മുൻകൂർ അനുമതിയുടെ ആവശ്യമില്ല. എന്നാൽ ഐഎഎസ് ഉദ്യോഗസ്ഥൻ എഴുതുന്ന പുസ്തകത്തിൽ സർക്കാരിന്റെ നയങ്ങളെയോ സർക്കാരിനെയോ വിമർശിക്കുന്നുണ്ടെങ്കിൽ നടപടി സ്വീകരിക്കാം. ഇത് പ്രകാരമാണ് മുൻ ഡിജിപി ജേക്കബ് തോമസിന്റെ പുസ്തകം ‘സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ’ പുറത്തിറങ്ങിയപ്പോൾ അദ്ദേഹത്തിനെതിരേ നടപടി സ്വീകരിക്കേണ്ടിവന്നത്. അതേസമയം എം ശിവശങ്കറിന്റെ പുസ്തകത്തിൽ സർക്കാരിനെതിരേ വിമർശനമില്ലെന്നാണ് വിലയിരുത്തൽ.

എം. ശിവശങ്കറിന്റെ ‘അശ്വത്ഥാമാവ് വെറും ഒരു ആന’ എന്ന പുസ്തകത്തിൽ കേന്ദ്രസർക്കാർ ഏജൻസികൾക്കെതിരേയും മാധ്യമങ്ങൾക്കെതിരേയുമാണ് പ്രധാന വിമർശനം. ഈ പശ്ചാത്തലത്തിലാണ് തൽക്കാലം നടപടി സ്വീകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരിക്കുന്നത്. അതേസമയം, പുസ്തകത്തിന്റെ പശ്ചാത്തലത്തിൽ ശിവശങ്കറിനെതിരേ ഏതെങ്കിലും തരത്തിലുള്ള പരാതികൾ ഉയർന്നാൽ നടപടിയെക്കുറിച്ച് പുനരാലോചിക്കാമെന്നാണ് സർക്കാർ നിലപാട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker