KeralaNews

ശബരിമലയിൽ സ്പോട്ട് ബുക്കിംഗിന് വഴങ്ങി സർക്കാർ, പ്രതിദിനം 10,000 പേർക്ക് ദർശനം

തിരുവനന്തപുരം: ശബരിമല ദർശനത്തിന് ഓണ്‍ലൈന്‍ രജിസ്ട്രേഷനെതിരെ ഉയർന്ന പ്രതിഷേധങ്ങൾക്ക് പിന്നാലെ 10,000 പേർക്ക് സ്പോട്ട് ബുക്കിം​ഗ് അനുവദിച്ച് സർക്കാർ. ശബരിമലയിൽ പ്രതിദിനം വെർച്വൽ ബുക്കിം​ഗ് 70,000 പേർക്ക് മാത്രമാക്കി അനുവദിക്കുകയായിരുന്നു സർക്കാർ. ബാക്കി വരുന്നവരെ സ്പോട്ട് ബുക്കിംഗിലേക്ക് മാറ്റാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. നേരത്തെ, 80,000 പേർക്ക് വെർച്വൽ ക്യൂ വഴി ദർശനമെന്നായിരുന്നു സർക്കാർ തീരുമാനിച്ചത്. എന്നാലിത് പ്രതിഷേധങ്ങളെ തുടർന്ന് മാറ്റുകയായിരുന്നു. നിലവിൽ വെർച്വൽ ക്യൂ ബുക്കിംഗ് ആരംഭിച്ചതായാണ് റിപ്പോർട്ട്. 

ശബരിമല ദർശനത്തിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്താതെയും ഈ സമ്പ്രദായത്തെക്കുറിച്ച് അറിയാതെയും എത്തുന്ന തീര്‍ത്ഥാടകര്‍ക്കും സുഗമമായ ദര്‍ശനത്തിനുള്ള സൗകര്യം സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇത്തരത്തിൽ ദര്‍ശനം ഉറപ്പുവരുത്തിയിരുന്നുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വി. ജോയിയുടെ സബ്മിഷന് നിയമസഭയിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.  

ശബരിമല മണ്ഡല-മകര വിളക്ക് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും തീര്‍ത്ഥാടനം സുമഗമമാക്കാനുമുള്ള നടപടികളുടെയും ഭാഗമായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലും ദേവസ്വം വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തിലും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, പൊലീസ്, ജില്ലാ ഭരണകൂടം എന്നിവരുമായി യോഗങ്ങള്‍ ചേര്‍ന്ന് വിശദമായ ആസൂത്രണം നടത്തിയിരുന്നു.

തീര്‍ത്ഥാടനത്തിനെത്തുന്ന എല്ലാവര്‍ക്കും സന്നിധാനത്തും പമ്പയിലും ഇടത്താവളങ്ങളിലും മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, പൊലീസ്, വനം, ആരോഗ്യം, പൊതുമരാമത്ത്, ഫയര്‍ ആൻ്റ് റസ്ക്യൂ, ലീഗല്‍ മെട്രോളജി, ദുരന്തനിവാരണം, ഭക്ഷ്യ- പൊതുവിതരണം, ഇറിഗേഷന്‍, കെ.എസ്.ഇ.ബി, കെ.എസ്.ആര്‍.ടി.സി, ബി.എസ്.എന്‍.എല്‍, വാട്ടര്‍ അതോറിട്ടി, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നീ വകുപ്പുകളും സ്ഥാപനങ്ങളും തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചു. 

നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ ആംബുലന്‍സ് സംവിധാനം ഏര്‍പ്പെടുത്തുന്നതിനും 12 എമര്‍ജന്‍സി മെഡിക്കല്‍ സെന്‍ററുകള്‍ ആരംഭിക്കുന്നതിനും കരിമല റൂട്ടില്‍ ഫോറസ്റ്റുമായി സഹകരിച്ച് മെഡിക്കല്‍ സെന്‍ററുകള്‍ ആരംഭിക്കുന്നതിനും കാര്‍ഡിയോളജിസ്റ്റുകളുടെ സേവനം ഉറപ്പുവരുത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്. റോഡുകളുടെ അറ്റകുറ്റപണിക്കും കാനന പാതകളില്‍ ഭക്തര്‍ക്ക് സൗകര്യങ്ങളും സംരക്ഷണവും ഒരുക്കുന്നതിനും അന്യസംസ്ഥാനത്ത് നിന്ന് എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍  ഉറപ്പുവരുത്തുന്നതിനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

തിരക്ക് നിയന്ത്രിക്കുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ മുന്‍കൂട്ടി സ്വീകരിക്കുന്നതിനായി തീര്‍ത്ഥാടകര്‍ ഏത് പാതയാണ് തീര്‍ത്ഥാടനത്തിന് തെരഞ്ഞെടുക്കുന്നത് എന്ന വിവരം വെര്‍ച്ച്വല്‍ ക്യൂവില്‍ ഉള്‍പ്പെടുത്തുന്നതിനും, തിരക്ക് കുറഞ്ഞ ദിവസം ഭക്തര്‍ക്ക് യഥേഷ്ടം തിരഞ്ഞെടുക്കുന്നതിനും ആവശ്യമായ ക്രമീകരണങ്ങള്‍ സോഫ്റ്റ് വെയറില്‍ കൊണ്ടുവന്ന് ഓരോ ദിവസവും ബുക്ക് ചെയ്യുന്ന തീര്‍ത്ഥാടകരുടെ എണ്ണം ജില്ലാ ഭരണകൂടത്തിനും പൊലീസിനും മറ്റു വകുപ്പുകള്‍ക്കും മുന്‍കൂട്ടി നല്‍കുന്നതിനും യോഗത്തില്‍ തീരുമാനിച്ചിരുന്നു. ശബരിമലയില്‍ എത്തുന്ന എല്ലാ തീര്‍ത്ഥാടകര്‍ക്കും ദര്‍ശനം നടത്താനുള്ള സൗകര്യമൊരുക്കണമെന്നും യോഗം തീരുമാനിച്ചിരുന്നു.

വെര്‍ച്ച്വല്‍ ക്യൂ രജിസ്ട്രേഷനിലൂടെ തീര്‍ത്ഥാടകരുടെ വിശദാംശങ്ങള്‍ ഡിജിറ്റല്‍ രേഖയായി ലഭ്യമാകും. ഇത് ശബരി മലയിലെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും അപകടങ്ങളും കൂട്ടം തെറ്റലുകളും ഉണ്ടായാല്‍ ആളുകളെ കണ്ടെത്തുന്നതിനും സഹായകരമാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മെച്ചപ്പെട്ട തീര്‍ത്ഥാടന സൗകര്യങ്ങളും സര്‍ക്കാര്‍ ഉറപ്പുവരുത്തിയിട്ടുണ്ട്.

തിരുപ്പതി ഉള്‍പ്പെടെയുള്ള പ്രമുഖ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ കുറ്റമറ്റരീതിയില്‍ വെര്‍ച്ച്വല്‍ ക്യൂ സമ്പ്രദായം നടന്നുവരുന്നു. ഇതേ മാതൃകയിലാണ് 2011 മുതല്‍ ശബരിമലയിലും വെര്‍ച്ച്വല്‍ക്യൂ സംവിധാനം ഏര്‍പ്പെടുത്തിയത്. വെര്‍ച്ച്വല്‍ ക്യൂ കുറ്റമറ്റ രീതിയില്‍ ശക്തിപ്പെടുത്താന്‍ തന്നെയാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker