മണിപ്പുരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തിയ വീഡിയോ നീക്കം ചെയ്യാനാവശ്യപ്പെട്ട് കേന്ദ്രം; പ്രധാന പ്രതി അറസ്റ്റിൽ
ന്യൂഡല്‍ഹി: മണിപ്പുരില്‍ രണ്ടുസ്ത്രീകളെ ഇതര സമുദായക്കാരായ അക്രമികള്‍ ചേര്‍ന്ന് നഗ്നരാക്കി റോഡിലൂടെ പ്രകടനമായി നടത്തിക്കുന്ന വീഡിയോ നീക്കം ചെയ്യാന്‍ ട്വിറ്ററിനോടും മറ്റു സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളോടും ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍. വീഡിയോ വ്യാപകമായി പ്രചരിക്കാനിടയായതില്‍ ട്വിറ്ററിനെതിരെ നടപടിക്ക് സാധ്യതയുണ്ടെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
വീഡിയോ വൈറലായതിന് പിന്നാലെ രാജ്യവ്യാപകമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു.സ്ത്രീകളെ നഗ്നരാക്കി നടത്തുകയും ബലാത്സംഗം ചെയ്യുകയും ചെയ്ത സംഭവത്തില്‍ പ്രധാന പ്രതി അറസ്റ്റിലായതായും പോലീസ് അറിയിച്ചു. രണ്ടര മാസം മുമ്പ് നടന്ന മനുഷ്യ മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവത്തിന്റെ വീഡിയോ വൈറലായതിന് പിന്നാലെയാണ് പ്രതികളിലൊരാളെ പോലീസ് പിടികൂടിയത്. ഹെര്‍ദാസ് (32) എന്നയാളാണ് പിടിയിലായതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
സംസ്ഥാനത്ത് കലാപം പൊട്ടിപ്പുറപ്പെട്ടതിനുപിന്നാലെ മേയ് നാലിന് ചിത്രീകരിച്ച വീഡിയോ ആണ് പുറത്തുവന്നിരുന്നത്. രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിക്കുകയും പാടത്തുവെച്ച് കൂട്ടബലാത്സംഗത്തിന് ഇരയായെന്നും കുക്കി ഗോത്രസംഘടനയായ ഐ.ടി.എല്‍.എഫ്. കുറ്റപ്പെടുത്തി. ആക്രമിച്ചത് മെയ്ത്തികളാണെന്നും കുക്കി-സോ വിഭാഗക്കാരാണ് ഇരകളായ സ്ത്രീകളെന്നും അവര്‍ പറഞ്ഞു. സംഭവത്തില്‍ തട്ടിക്കൊണ്ട് പോകല്‍, കൂട്ടബലാത്സംഗം, കൊലപാതകം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നതെന്ന് മണിപ്പൂര്‍ പോലീസ് അറിയിച്ചു.
ഈ സംഭവം നടക്കുന്നതിന് മുമ്പ് ഇവിടെ കുക്കി – മെയ്തെയ് വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെ കാങ്‍കോപിയിലാണ് സംഭവം നടന്നതെന്ന് ഇന്റിജീനസ് ട്രൈബല്‍ ലീഡേഴ്‍സ് ഫോറം അറിയിച്ചു. എന്നാല്‍ സംഭവം നടന്നത് മറ്റൊരു ജില്ലയിലാണെന്നും കാങ്‍കോപിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതാണെന്നും മണിപ്പൂര്‍ പൊലീസിന്റെ വാദം.
അതിനിടെ വിഷയത്തിൽ നിലപാട് കടുപ്പിച്ചിരിക്കുകയാണ് പ്രതിപക്ഷം. മണിപ്പൂർ കലാപത്തിൽ ചർച്ച ആവശ്യപ്പെട്ട് ഇടത് എംപിമാരായ ബിനോയ് വിശ്വം, എ എ റഹീം എന്നിവർ രാജ്യസഭയിൽ നോട്ടീസ് നൽകി. വിഷയത്തിൽ ടിഎൻ പ്രതാപൻ എംപിയും എൻകെ പ്രേമചന്ദ്രനും ലോക്സഭയിലും നോട്ടീസ് നൽകി. ഇവർക്ക് പുറമെ കോൺഗ്രസ് എംപി മനീഷ് തിവാരി എന്നിവർ ലോക്സഭയിലും നോട്ടീസ് നൽകി. രാജ്യസഭയിൽ ഇതേ വിഷയത്തിൽ കോൺഗ്രസ് എംപി മാണിക്യം ടാഗോറും, ആം ആദ്മി പാർട്ടി എംപി സഞ്ജയ് സിംഗ് എന്നിവരും നോട്ടീസ് നൽകിയിട്ടുണ്ട്.