KeralaNews

നയപ്രഖ്യാപനപ്രസംഗം മുഴുവൻ വായിക്കാതെ ഗവർണർ വിട്ടുകളഞ്ഞ സംഭവം മുമ്പുണ്ടായിട്ടുണ്ട്, സർക്കാരിന് മുന്നിൽ കീഴടങ്ങി ഗവർണർ

 

തിരുവനന്തപുരം :പൗരത്വ ഭേദഗതി നിയമ വിഷയത്തിൽ നയപ്രഖ്യാപന പ്രസംഗത്തിലെ ഒരു വരി പോലും മാറ്റില്ലെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിനുമുന്നില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്‌ ഖാന്‍ ഒടുവില്‍ വഴങ്ങി. മന്ത്രിസഭ അംഗീകരിച്ച സർക്കാരിന്റെ നയപ്രഖ്യാപനപ്രസംഗം ഗവർണർ അതേപടി അംഗീകരിക്കുമോ വായിക്കാതെ വിടുമോ എന്നൊക്കെയുള്ള സന്ദേഹങ്ങള്‍ക്ക് പ്രസംഗത്തോടെ അന്ത്യമായി. ഉള്ളടക്കത്തോട് വ്യക്‌തിപരമായ വിയോജിപ്പ്‌ ഉണ്ടെന്നും എന്നാൽ മുഖ്യമന്ത്രിയോട് ബഹുമാനമുള്ളതു കൊണ്ട് വായിക്കുന്നുവെന്നുമുള്ള ആമുഖത്തോടെ പതിനെട്ടാമത് ഖണ്ഡിക വായിക്കാന്‍ ഗവര്‍ണര്‍ നിര്‍ബ്ബന്ധിതനായി.

പ്രസംഗത്തിലെ ഈ ഭാഗം വായിക്കില്ലെന്ന ഗവര്‍ണറുടെ നിലപാടിനെ തുടര്‍ന്ന്‍ പ്രസംഗത്തിനു വാര്‍ത്താപ്രാധാന്യം ഏറിയിരുന്നു. എന്നാല്‍ വായിക്കണം എന്ന നിലപാടില്‍ നിന്ന് സര്‍ക്കാരും പിന്നോട്ടുപോയില്ല.പൗരത്വനിയമത്തിനെതിരെ നിയമസഭയിൽ പ്രമേയം പാസാക്കിയതിനോടും സുപ്രീംകോടതിയെ സമീപിച്ചതിനോടും ഗവർണർക്ക്‌ എതിർപ്പായിരുന്നു.അതിന്റെ തുടര്‍ച്ചയായാണ് നയപ്രഖ്യാപന പ്രസംഗത്തിലെ പരമര്‍ശങ്ങള്‍ക്കെതിരെയും ഗവര്‍ണര്‍ നിലപാടെടുത്തത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സര്‍ക്കാര്‍ ഉയര്‍ത്തിയ ശക്തമായ എതിർപ്പ്‌ ഗവര്‍ണര്‍ വായിച്ചില്ലെങ്കിലും നയപ്രഖ്യാപനപ്രസംഗത്തിൽ ഇടംപിടിക്കുമായിരുന്നു. എങ്കിലും അദ്ദേഹം ആ ഭാഗം വായിക്കുമോ എന്നതായിരുന്നു സംശയം ഉയര്‍ത്തിയത്. വായിക്കാതെ വിടുന്ന ഭാഗവും പ്രസംഗത്തിന്റെ ഭാഗമായി വരുന്നതാണ്‌ കീഴ്‌വഴക്കം. ഒരു വരിപോലും വായിക്കാതിരിക്കുകയോ, പ്രസംഗം മേശപ്പുറത്തു വച്ച്‌ ഗവർണർ പിൻവാങ്ങുകയോ ചെയ്‌താലും അതേപടി അംഗീകരിക്കും. ഇതുസംബന്ധിച്ച്‌ ശ്രദ്ധേയമായ റൂളിങ്‌ തന്നെ പല സ്‌‌പീക്കർമാരും നൽകിയിട്ടുണ്ട്‌. മന്ത്രിസഭ അംഗീകരിച്ച്‌ അച്ചടിച്ചു നൽകിയ പ്രസംഗമാണ്‌ അംഗീകൃതമെന്ന്‌ 2001ൽ കേരള സ്‌പീക്കറുടെ റൂളിങ്‌ പ്രാബല്യത്തിലുണ്ട്‌.

നയപ്രഖ്യാപനപ്രസംഗം മുഴുവൻ വായിക്കാതെ ഗവർണർ വിട്ടുകളഞ്ഞ സംഭവം മുമ്പ്‌ ഉണ്ടായിട്ടുണ്ട്‌. സുഖ്‌ദേവ്‌സിങ്‌ കാങ്‌, ജസ്‌റ്റിസ്‌ പി സദാശിവം എന്നിവർ ഗവർണർമാരായിരുന്നപ്പോഴാണ്‌ ഇത്‌. ബി രാച്ചയ്യ ഉൾപ്പെടെ ചില ഗവർണർമാർ അനാരോഗ്യം കാരണം പൂർണമായി വായിക്കാതെ വിട്ടിട്ടുണ്ട്‌. ആമുഖവും അവസാനഭാഗവും വായിച്ചശേഷം ഗവർണർ വിടവാങ്ങിയതിനും സഭ സാക്ഷ്യംവഹിച്ചിട്ടുണ്ട്‌.

ജസ്‌റ്റിസ്‌ പി സദാശിവം കേന്ദ്ര സർക്കാരിനെ നേരിട്ട്‌ വിമർശിക്കുന്ന ഭാഗം വിട്ടുകളഞ്ഞിരുന്നു. 2001ൽ യുഡിഎഫ്‌ അധികാരത്തിൽ വന്നപ്പോൾ മുൻ എൽഡിഎഫ്‌ സർക്കാരിനെ വിമർശിക്കുന്ന ഭാഗം ഗവർണർ സുഖ്‌ദേവ്‌സിങ്‌ കാങ്‌ ഒഴിവാക്കി. ഗവർണർക്കെതിരെ ശാസനപ്രമേയം അംഗീകരിച്ചതും രേഖകളിലുണ്ട്‌.
1987ലെ ഇ കെ നായനാർ സർക്കാരിന്റെ കാലത്ത്‌ ഗവർണർ രാംദുലാരി സിൻഹയ്‌ക്ക്‌ എതിരെയാണ്‌ ശാസനപ്രമേയം പാസാക്കിയത്‌. കലിക്കറ്റ്‌ സർവകലാശാലയുടെ ചാൻസലർ എന്നനിലയിൽ നടത്തിയ സർക്കാർവിരുദ്ധ നടപടിയായിരുന്നു ഇതിനു വഴിവച്ചത്‌. ഗവർണറെ തിരിച്ചുവിളിക്കാനുള്ള പ്രമേയം പാസാക്കാനും സഭയ്‌ക്ക്‌ അധികാരമുണ്ടെന്ന്‌ അന്ന്‌ സ്‌പീക്കറായിരുന്ന വർക്കല രാധാകൃഷ്‌ണൻ റൂളിങ്‌ പുറപ്പെടുവിച്ചു. കലിക്കറ്റ്‌ സിൻഡിക്കറ്റിലേക്ക്‌ സർക്കാർ ശുപാർശ ചെയ്‌ത പേരുകൾ ഒഴിവാക്കി പ്രതിപക്ഷ നേതാവായിരുന്ന കെ കരുണാകരൻ നിർദേശിച്ചവരെ ഉൾപ്പെടുത്തിയതാണ്‌ ഏറ്റുമുട്ടലിനു വഴിയൊരുക്കിയത്‌

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker