തിരുവനന്തപുരം:- കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സംഘപരിവാര്‍ പ്രചാരകനായി മാറിയെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി.ഭരണഘടനാപരമായി ഉന്നത സ്ഥാനത്തുള്ള ഗവര്‍ണ്ണര്‍ പദവിയുടെ അന്തസ്സിന് യോജിച്ച നടപടിയല്ല അദ്ദേഹം നടത്തുന്നത്.ഭരണഘടനയുടെ അടിസ്ഥാന തത്വമായ മതേതരത്വത്തിനും തുല്യതയ്ക്കും എതിരായ പൗരത്വ ഭേദഗതി നിയമത്തിനെതിരായി വ്യാപക പ്രതിഷേധം രാജ്യത്ത് ഉയരുകയും നിയമഭേദഗതിക്കെതിരെ സുപ്രീം കോടതി ഹര്‍ജികള്‍ ഫയലില്‍ സ്വീകരിക്കുകയും ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ ഗവര്‍ണ്ണര്‍ താന്‍ വഹിക്കുന്ന പദവി പോലും മറന്ന് ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ മുഖ്യ പ്രചാരകനായതിലൂടെ ഗവര്‍ണ്ണര്‍ പദവിയില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് തെളിയിച്ചിരിക്കുകയാണ്.
ഭരണഘടനാപരമായ പദവിയിലിരിക്കെ രാഷ്ട്രീയ നേതൃത്വത്തെപ്പോലെ രാഷട്രീയ ലക്ഷ്യത്തോടെ അഭിപ്രായം പറയുന്നതും ആര്‍.എസ്.എസ് അജണ്ടകള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതും ഉയര്‍ന്നു വരുന്ന പ്രതിഷേധങ്ങള്‍ക്കെതിരെ അസഹിഷ്ണുത പ്രകടിപ്പിക്കുന്നതും പഴയ കാല ബി.ജെ.പി ബന്ധത്തിന്റെ തെളിവാണ്. നിഷ്പക്ഷമായും നീതിയുക്തമായും പ്രവര്‍ത്തിക്കുവാന്‍ യോഗ്യനല്ലെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ ഗവര്‍ണ്ണര്‍ സ്ഥാനം രാജിവച്ച് ബി.ജെ.പി ഭാരവാഹിത്വം ഏറ്റെടുക്കുകയാണ് ഗവര്‍ണ്ണര്‍ ചെയ്യേണ്ടതെന്ന്
എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ: ആര്‍.സജിലാല്‍, സെക്രട്ടറി മഹേഷ് കക്കത്ത് എന്നിവര്‍ ആവശ്യപ്പെട്ടു.