27.8 C
Kottayam
Wednesday, October 4, 2023

കള്ളപ്പണക്കാരെ സംരക്ഷിക്കാൻ സർക്കാർ ശ്രമം;പുറത്തുവന്നത് മഞ്ഞുമലയുടെ ഒരറ്റം: കെ.സുരേന്ദ്രൻ

Must read

തിരുവനന്തപുരം: നോട്ട് നിരോധനസമയത്ത് കരുവന്നൂർ ബാങ്ക് വഴി കോടിക്കണക്കിന് രൂപ കള്ളപ്പണം വെളുപ്പിച്ച കേസിൽ, പ്രതികളെ സംരക്ഷിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. എ.സി.മൊയ്തീൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇഡി) മുൻപിൽ ഹാജരാകാതിരുന്നത് സിപിഎം നിർദേശത്തെ തുടർന്നാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. 

‘‘തൃശൂര്‍ ജില്ലയിലെ മറ്റു പല ബാങ്കുകളിലായി 500 കോടിയിലധികം രൂപയുടെ കള്ളപ്പണം വെളുപ്പിച്ചുവെന്ന വാർത്ത ഞെട്ടിക്കുന്നതാണ്. ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്. സിപിഎമ്മിലെ സമുന്നതരായ പല നേതാക്കളുടെയും ബെനാമിയാണ് അറസ്റ്റിലായ സതീശൻ.

ഉന്നതർ കുടുങ്ങുമെന്ന് മനസ്സിലായതു കൊണ്ടാണ് ക്രൈംബ്രാഞ്ചിനെ ഉപയോഗിച്ച് കേസ് അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നത്. ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തിയെന്ന സിപിഐ ബോർഡ് മെമ്പറുടെ വെളിപ്പെടുത്തൽ ഇതിന് അടിവരയിടുന്നതാണ്’’– അദ്ദേഹം പറഞ്ഞു.

‘‘പാവപ്പെട്ടവരുടെ പണമാണ് സിപിഎം നേതാക്കൾ കൊള്ളയടിച്ചിരിക്കുന്നത്. സഹകരണമേഖലയെ തകർത്ത് കള്ളപ്പണം വെളുപ്പിക്കുക മാത്രമാണ് സിപിഎമ്മിന്റെ ലക്ഷ്യം. ഇഡിക്കെതിരെ സിപിഎം സമരം ചെയ്യുന്നത് മടിയിൽ കനമുള്ളത് കൊണ്ടാണ്. കോൺഗ്രസും സിപിഎമ്മും സഹകരണ അഴിമതിയിലും പരസ്പരം സഹകരിക്കുകയാണ്.

കേരളത്തിലെ സഹകരണ ബാങ്കുകളിൽ നടന്ന അഴിമതിക്കെതിരെ രണ്ടു ജില്ലകളിൽ ബിജെപി സഹകരണ അദാലത്ത് നടത്തി കഴിഞ്ഞു. മറ്റു ജില്ലകളിലും അദാലത്തുകൾ സംഘടിപ്പിക്കും. പണം നഷ്ടമായവർക്ക് നീതി ലഭിക്കും വരെ ബിജെപി പോരാടും. അഴിമതിക്കാരെ തുറങ്കിലടയ്ക്കും വരെ പ്രക്ഷോഭം തുടരും’’– അദ്ദേഹം കൂട്ടിച്ചേർത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week