KeralaNews

വാക്‌സിനെടുക്കാത്ത അധ്യാപകര്‍ക്കെതിരേ നടപടി; മെഡിക്കല്‍ ബോര്‍ഡിന് മുന്നില്‍ ഹാജരാകണം

തിരുവനന്തപുരം:കോവിഡ് വാക്സിൻ എടുക്കാത്ത അധ്യാപകർക്കെതിരേ സർക്കാർ കടുത്ത നടപടിയിലേക്ക്. വാക്സിൻ എടുക്കാത്ത അധ്യാപകർ മെഡിക്കൽ ബോർഡിന് മുന്നിൽ ഹാജരാകണം. ഏതെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്നമുള്ളവരെ ഒഴിവാക്കും. മറ്റുള്ളവരെല്ലാം വാക്സിനെടുക്കണം. അല്ലെങ്കിൽ നടപടി സ്വീകരിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിക്കുന്നത്.

സ്കൂൾ തുറന്ന് ഒരുമാസമായിട്ടും അയ്യായിരത്തോളം അധ്യാപകർ ഇനിയും കോവിഡ് വാക്സിനെടുത്തിട്ടില്ല. സ്കൂൾ തുറക്കുംമുമ്പ് അധ്യാപകർ വാക്സിനെടുക്കണമെന്ന് സർക്കാർ നിർദേശം നൽകിയിരുന്നെങ്കിലും ഒരുവിഭാഗം ഇതിന് തയ്യാറായിട്ടില്ല. അരോഗ്യപ്രശ്നങ്ങളുടെ പേരിലും വിശ്വാസത്തിന്റെ പേരിലുമാണ് ഈ വിമുഖത.

ഇതോടെയാണ് ആരോഗ്യപ്രശ്നങ്ങൾമൂലം വാക്സിൻ എടുക്കാൻ കഴിയാത്തവർ അക്കാര്യം ശാസ്ത്രീയമായി ബോധ്യപ്പെടുത്തണമെന്ന് സർക്കാർ നിലപാടെടുത്തത്. അടുത്ത ദിവസം തന്നെ ഇതിനായുള്ള മെഡിക്കൽ ബോർഡ് രൂപവത്കരിക്കും.

വാക്സിനെടുക്കാത്ത അധ്യാപകരും അനധ്യാപകരും സ്കൂളിൽ വരുന്നതിനെ പ്രോത്സാഹിപ്പിക്കില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞിരുന്നു. ഭൂരിപക്ഷം അധ്യാപക-അനധ്യാപക ജീവനക്കാരും സഹകരിക്കുമ്പോഴാണ് ചിലർ മാറിനിൽക്കുന്നത്. വാക്സിനെടുക്കാത്ത അധ്യാപകരെ സംബന്ധിച്ച വിവരങ്ങൾ ആരോഗ്യവകുപ്പിനെയും കോവിഡ് ഉന്നതതല സമിതിയെയും അറിയിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button