തിരുവനന്തപുരം: പോലീസ് നിയമ ഭേദഗതി വിവാദമായതോടെ തിരുത്തല്‍ വരുത്തുന്നത് സര്‍ക്കാരിന്റെ പരിഗണനയില്‍. സാമൂഹിക മാധ്യമങ്ങളിലെ അധിക്ഷേപമെന്ന തരത്തില്‍ നിയമം കൃത്യമാക്കുന്നതിനെപ്പറ്റി സര്‍ക്കാര്‍ തലത്തില്‍ ആലോചന തുടങ്ങി. അതേസമയം കോടതിയിലേക്ക് നീങ്ങാന്‍ പ്രതിപക്ഷവും ആലോചന തുടങ്ങി.
ഭേദഗതി സംബന്ധിച്ച് വ്യക്തത വരുമെന്ന് സിപിഎം നേതൃത്വം പറയുന്നു. പോലീസ് നിയമഭേദഗതി അഭിപ്രായ സ്വാതന്ത്ര്യത്തെയോ നിഷ്പക്ഷ മാധ്യമപ്രവര്‍ത്തനെത്തെയോ ബാധിക്കില്ലെന്ന് മുഖ്യമന്ത്രി പറയുന്നതിന് അപ്പുറം നിയപരമായ തിരുത്തല്‍ തന്നെ വേണമെന്ന് നിലപാട് സിപിഎമ്മില്‍ ശക്തമാണ്. ഏതു മാധ്യമമായാലും അപകീര്‍ത്തികരമായ രീതിയില്‍ പ്രസിദ്ധീകരിച്ചാല്‍ കേസ് എന്ന നിലയില്‍ തന്നെയാണ് സര്‍ക്കാര്‍ നിയമ ഭേദഗതിയെ കണ്ടത്.
എന്നാല്‍ വിവാദമായതോടെ സാമൂഹിക മാധ്യമങ്ങള്‍ക്കെതിരെ മാത്രമാണെന്ന് പറഞ്ഞൊഴിയാന്‍ മുഖ്യമന്ത്രി ശ്രമിക്കുകയായിരുന്നു. ഭരണഘടനയുടെ അതിരുകള്‍ക്കുള്ളില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന സാമ്പ്രദായിക മാധ്യമങ്ങളെയല്ല, പണത്തിന് വേണ്ടി എല്ലാ പരിധിയും വിടുന്ന വ്യക്തിഗത ചാനലുകളെ നിയന്ത്രിക്കുകയാണ് സര്‍ക്കാര്‍ ഉദ്ദശിക്കുന്നതെന്നാണ് മുഖ്യമന്ത്രിയുടെ വാദം.
എന്നാല്‍ നിയമം നിയമമായി നില്‍ക്കുന്നിടത്തോളം കാലം പ്രസ്താവന കൊണ്ട് മാത്രം കാര്യമില്ലെന്നാണ് സിപിഎമ്മിലെ വികാരം. നിയഭേദഗതിക്കെതിരെ പൊലീസിനുള്ളിലും കടുത്ത അമര്‍ഷമുണ്ട്. ചാനലുകളോ പത്രങ്ങളോ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തക്കെതിരെ ഓരോരുത്തരും പരാതിയുമായി പൊലീസ് സ്റ്റേഷനിലേക്ക് വന്നാലുള്ള അപകടമാണ് പൊലീസ് ചൂണ്ടിക്കാണിക്കുന്നത്. പരാതികള്‍ സ്റ്റേഷനുകളില്‍ കുന്നുകൂടുമെന്നും ഏതില്‍ കേസ് എടുക്കാമെന്ന ആശയകുഴപ്പുമുണ്ടാകുമെന്നുമാണ് പൊലീസ് ഉദ്യോഗ്സ്ഥര്‍ നേരിടാന്‍ പോകുന്ന പ്രശ്‌നം.
ഇതെല്ലാം കണക്കിലെടുത്താണ് തിരുത്തല്‍ വരുത്താന്‍ സര്‍ക്കാര്‍ തലത്തില്‍ ആലോചന. എല്ലാ അഭിപ്രായങ്ങളും പരിഗണിക്കുമെന്ന് സിപിഎം കേന്ദ്ര നേതൃത്വം നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷമോ മാധ്യമ പ്രവര്‍ത്തകരുടെ യൂണിയനോ കോടതിയിലേക്ക് പോയാല്‍ തിരിച്ചടിയുണ്ടാകുമെന്നത് കൂടി പരിഗണിച്ചാണ് തിരുത്താനുള്ള ആലോചന.