BusinessNews

ഗൂഗിൾ പേ ഉൾപ്പെടെ പേയ്മെന്റ് കമ്പനികൾക്ക് സർക്കാർ നിർദേശം; ഈ ഐഡികൾ ഉടന്‍ റദ്ദാക്കണം

മുംബൈ: രാജ്യത്തെ ഓണ്‍ലൈന്‍ പണമിടപാടുകളില്‍ പുതുവിപ്ലവം കൊണ്ടുവന്ന യുപിഐ ഇടപാടുകളുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള കൂടുതല്‍ നടപടികളുമായി മൂന്നോട്ട്  പോവുകയാണ് നാഷണല്‍ പേയ്മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ. കഴിഞ്ഞ മാസം രാജ്യത്തെ പേയ്മെന്റ് ആപ്ലിക്കേഷന്‍ കമ്പനികള്‍ക്കും ബാങ്കുകള്‍ക്കും അയച്ച സര്‍ക്കുലറില്‍ ഇതിന്റെ ഭാഗമായുള്ള ചില സുപ്രധാന നിര്‍ദേശങ്ങള്‍ എന്‍പിസിഐ നല്‍കിയിട്ടുണ്ട്. ഒരു വര്‍ഷമോ അതിലധികമോ ആയി ഉപയോഗിച്ചിട്ടില്ലാത്ത യുപിഐ ഐഡികള്‍ പ്രവര്‍ത്തനരഹിതമാക്കണമെന്നാണ് ഇതില്‍ പ്രധാനം. ഈ ഡീ ആക്ടിവേഷന്‍ പ്രക്രിയ ഡിസംബര്‍ 31ന് പ്രാബല്യത്തില്‍ വരുന്ന തരത്തില്‍ ക്രമീകരണങ്ങള്‍ നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

കഴിഞ്ഞ നവംബര്‍ ഏഴിനാണ് രാജ്യത്തെ എല്ലാ ബാങ്കുകള്‍ക്കും ഗൂഗിള്‍ പേ, പേടിഎം, ഫോണ്‍ പേ ഉള്‍പ്പെടെയുള്ള യുപിഐ പണമിടപാട് ആപുകള്‍ക്കും എന്‍.പി.സി.ഐ സര്‍ക്കുലര്‍ നല്‍കിയത്. യഥാര്‍ത്ഥ ഉപഭോക്താക്കള്‍ അറിയാതെ നടക്കാന്‍ സാധ്യതയുള്ള പണമിടപാടുകള്‍ തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മൊബൈല്‍ നമ്പര്‍ മാറ്റുന്ന ഉപഭോക്താക്കള്‍ പലപ്പോഴും തങ്ങളുടെ പഴയ നമ്പറുകള്‍ ബാങ്കിങ് സംവിധാനങ്ങളില്‍ നിന്ന് മാറ്റാന്‍ മറന്നുപോവുകയോ അല്ലെങ്കില്‍ മനഃപൂര്‍വം ചെയ്യാതിരിക്കുകയോ ചെയ്യാറുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ പഴയ മൊബൈല്‍ നമ്പറുകളുമായി ലിങ്ക് ചെയ്തിരിക്കുന്ന യുപിഐ ഐഡികള്‍ വഴി പണമിടപാടുകള്‍ നടന്നേക്കും. ഇത് തടയാന്‍ വേണ്ടിയാണ് ഈ നീക്കം. വിപണി വിവിഹം കണക്കാക്കുമ്പോള്‍ ഗൂഗിള്‍ പേയും പേടിഎമ്മും ഫോണ്‍ പേയുമാണ് രാജ്യത്തെ ഏറ്റവും വലിയ യുപിഐ പേയ്മെന്റ് കമ്പനികള്‍.

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം ഒരു ഉപഭോക്താവ് ഉപയോഗിക്കാതെ ഉപേക്ഷിക്കുകയോ നിശ്ചിത കാലം പ്രവര്‍ത്തിക്കാതെ ഇരിക്കുകയോ ചെയ്യുന്ന മൊബൈല്‍ നമ്പറുകള്‍ 90 ദിവസത്തെ കാലാവധിക്ക് ശേഷം ടെലികോം കമ്പനികള്‍ക്ക് മറ്റൊരു ഉപഭോക്താവിന് നല്‍കാന്‍ സാധിക്കും. നേരത്തെ ഇതേ നമ്പര്‍ ഉപയോഗിച്ചിരുന്ന ഉപഭോക്താവ് തന്റെ ബാങ്കിങ് വിവരങ്ങളില്‍ നിന്ന് ഈ നമ്പര്‍ മാറ്റിയിട്ടില്ലെങ്കില്‍  പുതിയതായി ഇതേ നമ്പര്‍ മറ്റൊരാള്‍ക്ക് ലഭിക്കുമ്പോള്‍ പ്രയാസങ്ങള്‍ നേരിടാന്‍ സാധ്യതയുണ്ട്. ഇക്കാര്യം നാഷണല്‍ പേയ്മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ സര്‍ക്കുലറില്‍ വിശദീകരിച്ചിരിക്കുന്നു.

പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം ഒരു വര്‍ഷത്തിനിടെ ഉപയോഗിക്കപ്പെട്ടിട്ടില്ലാത്ത യുപിഐ ഐഡികള്‍ ഡിസംബര്‍ 31ഓടെ റദ്ദാക്കണം. യുപിഐ പണമിടപാടുകള്‍ നടത്തുന്ന ഉപഭോക്താക്കള്‍ ബാങ്കുകളില്‍ തങ്ങളുടെ വിവരങ്ങള്‍ കൃത്യമാണെന്ന് ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും എന്‍.പി.സി.ഐ എടുത്തുപറയുന്നു.

ഇക്കാര്യങ്ങള്‍ കൊണ്ടുതന്നെ ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം പോലുള്ള ഏത് യുപിഐ അധിഷ്ഠിത പേയ്മെന്റ് ആപുകളും ഉപയോഗിക്കുന്നവര്‍ തങ്ങളുടെ യുപിഐ ഐഡികള്‍ ഒരു വര്‍ഷത്തിലേറെയായി ഉപയോഗിക്കാതെ കിടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. ഒരാള്‍ക്ക് ഒന്നിലധികം യുപിഐ ഐഡികളുണ്ടെങ്കില്‍ ഓരോ ഐഡികളിലും ഇക്കാര്യം ശ്രദ്ധിക്കുകയും വേണം. 

യുപിഐ ലിങ്ക് ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറുകളുമായി ബന്ധപ്പെട്ട ഓരോ ഐഡികളില്‍ നിന്നും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഒരു സാമ്പത്തിക ഇടപാടോ സാമ്പത്തികമല്ലാത്ത ഇടപാടോ നടന്നിട്ടുണ്ടെന്ന് കമ്പനികളും ബാങ്കുകളും ഉറപ്പുവരുത്തണമെന്നാണ് പ്രധാന നിര്‍ദേശം. ഒരു വര്‍ഷമായി ഉപയോഗിക്കാതെ കിടക്കുന്ന ഐഡികളിലേക്ക് വരുന്ന പേയ്മെന്റുകള്‍ സ്വീകരിക്കാന്‍ കഴിയാതെ തടയണം.

ഇത്തരം ഫോണ്‍ നമ്പറുകള്‍ യുപിഐ ഇടപാടുകളില്‍ നിന്ന് ഒഴിവാക്കുകയും വേണം. ഈ രീതിയില്‍ ഒഴിവാക്കപ്പെട്ട യുപിഐ ഐഡികളും ഫോണ്‍ നമ്പറുകളും ഉള്ളവര്‍ പിന്നീട് യുപിഐ വഴി പണം സ്വീകരിക്കാന്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടി വരും. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button