KeralaNews

ജോയിയുടെ കുടുംബത്തെ സംരക്ഷിക്കുമെന്ന് സർക്കാർ; അമ്മയ്ക്ക് 10 ലക്ഷം രൂപയും വീടും നൽകും

തിരുവനന്തപുരം: മാലിന്യം നീക്കംചെയ്യുന്നതിനിടെ ആമയിഴഞ്ചാന്‍ തോട്ടില്‍ വീണ് മരിച്ച ജോയിയുടെ കുടുംബത്തെ സംരക്ഷിക്കുമെന്ന് സര്‍ക്കാരിന്റെ ഉറപ്പ്. ജോയിയുടെ സഹോദരന്റെ മകന് ജോലി നല്‍കുമെന്നും പാറശാല എം.എല്‍.എ സി.കെ ഹരീന്ദ്രനും മേയര്‍ ആര്യാ രാജേന്ദ്രനും കുടുംബത്തെ അറിയിച്ചു.

ജോയിയുടെ അമ്മയ്ക്ക് വീടുനിര്‍മിച്ച് നല്‍കും. പൊളിഞ്ഞ് കിടക്കുന്ന വീട്ടിലേക്കുള്ള വഴി ശരിയാക്കും. അമ്മയ്ക്ക് 10 ലക്ഷം രൂപധനസഹായവും നല്‍കും. ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നാണ് സൂചന.

ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായി മൂന്ന് ദിവസത്തിന് ശേഷമാണ് ജോയിയുടെ മൃതദേഹം ലഭിച്ചത്. തകരപ്പറമ്പിലെ കനാലില്‍ പൈപ്പില്‍ കുടുങ്ങിയനിലയിലായിരുന്നു മൃതദേഹം. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ച് തുടര്‍നടപടികള്‍ക്ക് ശേഷം മൃതദേഹം ജോയിയുടേതെന്ന് സ്ഥിരീകരിച്ചു. മൂന്ന് ദിവസത്തെ പഴക്കമുള്ളതിനാല്‍ അഴുകിയനിലയിലായിരുന്നു മൃതദേഹം.

കാണാതായ സ്ഥലത്തുനിന്ന് ഒരു കിലോമീറ്റര്‍ അകലെ തകരപ്പറമ്പിലെ കനാലില്‍ നിന്നായിരുന്നു മൃതദേഹം കണ്ടെത്തിയത്. കാണാതായതിന് പിന്നാലെ സമീപത്തെ തോടുകളില്‍ പരിശോധനയ്ക്കായി നഗരസഭ ജീവനക്കാരെ നിയമിച്ചിരുന്നു. ഇവരാണ് രാവിലെ 9.15-ഓടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍നടപടികള്‍ക്കായി മെഡിക്കല്‍ കോളേജില്‍ എത്തിച്ച മൃതദേഹം, കുടുംബക്കാര്‍ എത്തി തിരിച്ചറിയുകയായിരുന്നു. മൃതദേഹം നെയ്യാറ്റിന്‍കരയിലെ മാരായമുട്ടത്തെ വീട്ടിലേക്ക് കൊണ്ടുപോയി സംസ്‌കരിച്ചു.

ആമയിഴഞ്ചാന്‍ തോടിന്റെ തമ്പാനൂര്‍ റെയില്‍വേ പാളത്തിന്റെ അടിയിലൂടെ കടന്നുപോകുന്ന ഭാഗത്താണ് ശനിയാഴ്ച പതിനൊന്നുമണിയോടെ ജോയി ഒഴുക്കില്‍പ്പെട്ടത്. തോട്ടില്‍ ആള്‍പ്പൊക്കം ഉയരത്തില്‍ മാലിന്യം കുമിഞ്ഞുകൂടിയത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കിയിരുന്നു. പാളത്തിന്റെ അടിഭാഗത്ത് 140 മീറ്റര്‍ നീളത്തില്‍ തുരങ്കത്തിലൂടെയാണ് വെള്ളം ഒഴുകുന്നത്. തുടര്‍ന്ന് സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനമായിരുന്നു നടന്നത്. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker