തിരുവനന്തപുരം: ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സിന് സംസ്ഥാന മന്ത്രിസഭ അംഗീകാരം നല്‍കി. ലോകായുക്തയുടെ വിധി സര്‍ക്കാരിന് തള്ളുകയോ കൊള്ളുകയോ ചെയ്യാന്‍ അധികാരം നല്‍കുന്നത് അടക്കമുള്ള നിയമ ഭേദഗതികളാണ് സര്‍ക്കാര്‍ കൊണ്ടുവരുന്നത്. ഓര്‍ഡിനന്‍സ് അംഗീകാരത്തിനായി ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചു. അഴിമതി തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തകര്‍ അധികാരസ്ഥാനത്തിരിക്കാന്‍ യോഗ്യരല്ലെന്നു വിധിക്കാന്‍ ലോകായുക്തയ്ക്ക് അധികാരമുണ്ട്.
ഇത്തരം വിധി ഓരോ വിഷയവുമായി ബന്ധപ്പെട്ട അധികാരി ആരാണോ അവര്‍ക്ക് നല്‍കണമെന്നാണ് നിലവിലെ നിയമം. ഇത് ബന്ധപ്പെട്ട അധികാരി അംഗീകരിക്കണമെന്നും വ്യവസ്ഥയുണ്ട്. ഇതില്‍ മാറ്റംവരുത്തി ഇത്തരം വിധിയില്‍ അധികാര സ്ഥാനത്തുള്ള ആളിന് ഒരു ഹിയറിങ് കൂടി നടത്തി, വിധി തള്ളുകയോ കൊള്ളുകയോ ചെയ്യാമെന്നാണ് ഭേദഗതിയിലെ പ്രധാന വ്യവസ്ഥ. ഭേദഗതി അംഗീകരിക്കപ്പെടുന്നതോടെ, മന്ത്രിമാര്‍ക്കെതിരായ ലോകായുക്തയുടെ വിധിയില്‍ മുഖ്യമന്ത്രിക്ക് ഒരു ഹിയറിങ് നടത്തി തീരുമാനമെടുക്കാം.
ഓര്‍ഡിനന്‍സ് പ്രകാരം ലോകായുക്തയുടെ വിധിയില്‍ ബന്ധപ്പെട്ട അധികാരി മൂന്നുമാസത്തിനകം തീരുമാനമെടുക്കണം. ഇല്ലെങ്കില്‍ വിധി അംഗീകരിക്കപ്പെട്ടതായി കണക്കാക്കും. സര്‍ക്കാരിനെതിരേ നിലവില്‍ ലോകായുക്തയില്‍ നില്‍ക്കുന്ന ചില കേസുകള്‍ ശക്തമാണെന്ന് മുന്‍കൂട്ടിക്കണ്ട് കൊണ്ടുവരുന്നതാണ് നിയമഭേദഗതിയെന്ന് വിമര്‍ശനമുണ്ട്. പുതിയ നിയമഭേദഗതി ലോകായുക്തയെ ദുര്‍ബലമാക്കുന്നു എന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
പൊതുരംഗത്തുള്ളവരുടെ അഴിമതി അന്വേഷിക്കാനും ഇതുസംബന്ധിച്ച കേസുകള്‍ വിചാരണ ചെയ്യാനുമാണ് 1998-ല്‍ കേന്ദ്ര നിര്‍ദേശപ്രകാരം സംസ്ഥാനങ്ങളില്‍ ലോകായുക്ത സ്ഥാപിച്ചത്. ലോകായുക്തക്കുള്ള അധികാരത്തില്‍ ഏറ്റവും പ്രബലപ്പെട്ടതായിരുന്നു പൊതുപ്രവര്‍ത്തകര്‍ക്കെതിരായ അഴിമതിയുടെ അന്വേഷണവും കുറ്റംതെളിഞ്ഞാല്‍ അവര്‍ സ്ഥാനത്തുനിന്ന് മാറണമെന്ന് ഉത്തരവിടാനും കഴിയുമെന്നത്. പുതിയ ഭേദഗതിയോടെ ഈ അധികാരവും ലോകായുക്തയ്ക്ക് നഷ്ടമാകും.