തിരുവനന്തപുരം: കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ജൂനിയര്‍ വാറണ്ട് ഓഫീസര്‍ എ. പ്രദീപിന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാരിന്റെ സഹായം. എ പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മിക്ക് ജോലിയും കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും നല്‍കും. പിതാവിന്റെ ചികിത്സയ്ക്ക് മൂന്ന് ലക്ഷം രൂപ കൂടി നല്‍കാനും തീരുമാനമായെന്ന് മന്ത്രി കെ രാജന്‍ വ്യക്തമാക്കി.
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു രാജ്യത്തെ ഞെട്ടിച്ച അപകടമുണ്ടായത്. ദുരന്തത്തില്‍ ജീവനോടെ രക്ഷപ്പെട്ട ഒരേയൊരാളായ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗും ചികിത്സയിലിരിക്കെ മരിച്ചു. തൃശൂര്‍ പൊന്നൂക്കര അറയ്ക്കല്‍ വീട്ടില്‍ രാധാകൃഷ്ണന്റെ മകനായ പ്രദീപ് സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു.
ഛത്തീസ്ഗഢിലെ മാവോവാദികള്‍ക്കെതിരായ സേനാ നീക്കം, ഉത്തരാഖണ്ഡിലെയും കേരളത്തിലെയും പ്രളയസമയത്തെ രക്ഷാദൗത്യം തുടങ്ങി നിരവധി സേനാ മിഷനുകളില്‍ പ്രദീപ് പങ്കെടുത്തിട്ടുണ്ട്. 2018ല്‍ കേരളത്തിലെ പ്രളയ സമയത്ത് കോയമ്പത്തൂര്‍ വ്യോമസേനാ താവളത്തില്‍നിന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി പുറപ്പെട്ട ഹെലികോപ്റ്റര്‍ സംഘത്തില്‍ എയര്‍ ക്രൂ ആയി സ്വമേധയാ ഡ്യൂട്ടി ഏറ്റെടുത്ത് സ്തുത്യര്‍ഹസേവനവും പ്രദീപ് കാഴ്ചവെച്ചിരുന്നു.
ഭാര്യ ശ്രീലക്ഷ്മിക്കും അഞ്ചും രണ്ടും വയസ്സുള്ള മക്കള്‍ക്കുമൊപ്പം കോയമ്പത്തൂര്‍ സൈനിക ക്വാര്‍ട്ടേഴ്‌സിലായിരുന്നു താമസം. അച്ഛന്റെ ചികിത്സാ ആവശ്യത്തിനായി നാട്ടില്‍ എത്തിയ പ്രദീപ്, തിരികെ ജോലിയില്‍ പ്രവേശിച്ച് നാലാം ദിവസമാണ് അപകടമുണ്ടായത്.