
ന്യൂഡൽഹി: പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷ ബുധനാഴ്ച സുപ്രീംകോടതി പരിഗണിക്കും. നടന്റെ അഭിഭാഷകന്റെ ആവശ്യപ്രകാരമാണ് നടപടി. അതേസമയം കേസിലെ പരാതിക്കാരിയെ ഭീഷണിപ്പെടുത്താൻ നടന്റെ ഭാഗത്തുനിന്ന് ശ്രമം നടക്കുന്നതായി സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.
കൂട്ടിക്കൽ ജയചന്ദ്രൻ നൽകിയിരുന്ന മുൻകൂർ ജാമ്യാപേക്ഷ ജസ്റ്റിസ് ബി.വി. നാഗരത്നയുടെ അധ്യക്ഷതയുടെ ബെഞ്ചിന് മുമ്പാകെയായിരുന്നു ലിസ്റ്റ് ചെയ്തിരുന്നത്. മുതിർന്ന അഭിഭാഷകൻ ആർ. ബസന്ത് തങ്ങൾക്കുവേണ്ടി ഹാജരാകുമെന്നാണ് കൂട്ടിക്കൽ ജയചന്ദ്രന്റെ ഇപ്പോഴത്തെ അഭിഭാഷകൻ കോടതിയിൽ അറിയിച്ചത്.
അദ്ദേഹത്തിന്റെ സൗകര്യം കണക്കിലെടുത്ത് ഹർജി പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ഈ ആവശ്യം സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു.
നേരത്തേ കൂട്ടിക്കൽ ജയചന്ദ്രന്റെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞിരുന്നു. തിങ്കളാഴ്ച വരെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്നായിരുന്നു നിർദേശം. ഈ ഇടക്കാല ഉത്തരവ് ബുധനാഴ്ചവരെ നീട്ടിക്കൊണ്ട് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിക്കുകയുംചെയ്തു.
നാലു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കസബ പൊലീസാണ് നടൻ ജയചന്ദ്രന് എതിരേ പോക്സോ കേസെടുത്തത്. കുട്ടിയുടെ ബന്ധു ചൈൽഡ് പ്രൊട്ടക്‌ഷൻ യൂണിറ്റ് മുഖേന നൽകിയ പരാതി പൊലീസിനു കൈമാറുകയായിരുന്നു. നടനെതിരേ പോലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു. കഴിഞ്ഞവർഷമായിരുന്നു കേസിനാസ്പദമായ സംഭവം.