CrimeKeralaNews

അറസ്റ്റിലായത് 7674 ഗുണ്ടകള്‍, അന്യസംസ്ഥാന തൊഴിലാളികളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ ഡി.ജി.പിയുടെ നിര്‍ദ്ദേശം

തിരുവനന്തപുരം:അന്യസംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്ത് കൃത്യമായി സന്ദര്‍ശനം നടത്തി പ്രര്‍ത്തനങ്ങള്‍ നിരീക്ഷിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് സോണല്‍ ഐ.ജിമാര്‍, റേഞ്ച് ഡി ഐ ജിമാര്‍ ജില്ലാ പോലീസ് മേധാവിമാര്‍ എന്നിവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതിനായി തൊഴില്‍ വകുപ്പിന്‍റെ ആവാസ് പദ്ധതി പ്രകാരം ശേഖരിച്ച വിവരങ്ങള്‍ ഉപയോഗിക്കാം. പോലീസ് ആസ്ഥാനത്തും ഓണ്‍ലൈനിലുമായി ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യാനായി വിവിധ ജില്ലകളില്‍ റെയ്ഡ് ഉള്‍പ്പെടെയുളള പോലീസ് നടപടികള്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ സംസ്ഥാനത്ത് 7674 സാമൂഹിക വിരുദ്ധര്‍ അറസ്റ്റിലായി. 7767 വീടുകള്‍ റെയ്ഡ് ചെയ്തു. 3245 മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച 53 പേരുടെ ജാമ്യം റദ്ദ് ചെയ്തു. കാപ്പ നിയപ്രകാരം 175 പേര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. ഗുണ്ടകള്‍ക്കെതിരെ നടത്തിവരുന്ന റെയിഡുകള്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകാന്‍ സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശം നല്‍കി.

അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പുകളില്‍ പോലീസ് ഉദ്യോഗസ്ഥര്‍ കര്‍ശന നിരീക്ഷണം നടത്തണം. അവര്‍ മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കണം. ഇവര്‍ സമാഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടോ എന്നും നിരീക്ഷിക്കണം. ഇതിനായി സംസ്ഥാന വ്യാപകമായി പരിശോധന നടത്താനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പുതുവത്സര ആഘോഷങ്ങള്‍, ഒമിക്രോണ്‍ വ്യാപനം എന്നിവയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാനും സംസ്ഥാന പോലീ മേധാവി നിര്‍ദ്ദേശിച്ചു. രാത്രി 10 മണിക്ക് മുമ്പ് നടക്കുന്ന ആഘോഷങ്ങളിലും കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം. നിയന്ത്രണങ്ങള്‍ നടപ്പിലാക്കാനായി മുഴുവന്‍ പോലീസ് സേനയെയും വിന്യസിക്കും.

മയക്കുമരുന്ന്, സ്വര്‍ണ്ണം, മണ്ണ്, ഹവാല എന്നിവയുടെ കളളക്കടത്ത് തടയുന്നതിനായി ഇന്‍റലിജന്‍സ് സംവിധാനം ശക്തിപ്പെടുത്തും. ഇതിനായി പ്രത്യേക ഇന്‍റലിജന്‍സ് സംഘങ്ങള്‍ ഇതിനകം തന്നെ രൂപീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ നടന്ന വര്‍ഗ്ഗീയ കൊലപാതകങ്ങളിലെ പ്രതികളെ എത്രയും വേഗം പിടികൂടാന്‍ പോലീസിന് കര്‍ശന നിര്‍ദ്ദേശം നല്‍കി. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരെയും അതിന് സാമ്പത്തിക സഹായം നല്‍കുന്നവരെയും കണ്ടെത്തും.

വര്‍ഗ്ഗീയ വിദ്വേഷം പരത്തുന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ സന്ദേശങ്ങൾ നിര്‍മ്മിച്ച് പ്രചരിപ്പിക്കുന്നവരെ പിടികൂടി കേസ് എടുത്തുവരുന്നു. ഇതിനകം 88 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. 31 പേര്‍ അറസ്റ്റിലായി. വര്‍ഗ്ഗീയ വിദ്വേഷം പരത്തുന്ന ഗ്രൂപ്പിലെ അഡ്മിന്‍മാരും കേസില്‍ പ്രതികളാകും. ഇത്തരം പോസ്റ്റുകള്‍ നിരീക്ഷിക്കുന്നതിനും പ്രതികളെ കണ്ടെത്തുന്നതിനും സൈബര്‍ പോലീസ് സ്റ്റേഷനെയും സൈബര്‍ സെല്ലിനെയും സൈബര്‍ഡോമിനെയും ചുമതലപ്പെടുത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker