NationalNews

മുട്ടവിൽപ്പനക്കാരന് ​ഗൂ​ഗിൾ പേ ചെയ്തത് തുമ്പായി, പിടിയിലായത് ഭാര്യയും കാമുകനും; പൊലീസുകാരന്റെ മരണം കൊലപാതകം

മുംബൈ: പൊലീസ് ഹെഡ്കോൺസ്റ്റബിളിനെ ട്രെയിനിന് മുന്നിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ പ്രതികളെ പിടികൂടി മുംബൈ റെയിൽവേ പൊലീസ്. പുതുവത്സര ദിനത്തിലാണ് 42 കാരനായ പോലീസ് ഹെഡ് കോൺസ്റ്റബിൾ വിജയ് രമേഷ് ചവാനെ കഴുത്ത് ഞെരിച്ച് ഓടുന്ന ട്രെയിനിന് മുന്നിൽ തള്ളിയിട്ട് കൊലപ്പെടുത്തിയത്.

സംഭവത്തിൽ ഭാര്യയും കാമുകനുമടക്കം നാല് പേരെ പിടികൂടി. ചവാൻ്റെ ഭാര്യ പൂജ(35), കാമുകൻ ഭൂഷൺ നിംബ ബ്രാഹ്മണെ (29) എന്നിവരാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. വിജയ് മരിച്ച് കഴിഞ്ഞാൽ വിവാഹിതരാകാമെന്നായിരുന്നു ഇവരുടെ പദ്ധതി. പ്രകാശ് എന്ന ധീരജ് ഗുലാബ് ചവാൻ (23), പ്രവീൺ ആബ പാൻപാട്ടിൽ (21) എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ. 

റെയിൽവേ പോലീസ് കമ്മീഷണർ രവീന്ദ്ര ഷിശ്വെയുടെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം.  ബ്രാഹ്മണെയുടെ പദ്ധതിയുടെ ഭാഗമായി പാൻപാട്ടിൽ ചവാനെ പുതുവർഷ രാവിൽ പാർട്ടിക്ക് വിളിച്ചതായി റെയിൽവേ പോലീസ് കണ്ടെത്തി.

ചവാൻ എത്തിയപ്പോൾ, അവർ ധീരജിൻ്റെ ഇഇസിഒ കാറിൽ കറങ്ങി. പിന്നീട് രാത്രി 11.30 ഓടെ ചവാൻ അമിതമായി മദ്യപിച്ച് ലക്കുകെട്ടപ്പോൾ ബ്രാഹ്മണും പാൻപാട്ടീലും ചേർന്ന് കാറിനുള്ളിൽ കയറി കയർ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

തുടർന്ന് മൃതദേഹം റെയിൽവേ ട്രാക്കിലേക്ക് കൊണ്ടുപോയി. ലോക്കൽ ട്രെയിൻ വന്നപ്പോൾ, ചവാൻ്റെ മൃതദേഹം ട്രെയിൻ അപകടത്തിൽ മരിച്ചെന്ന് വരുത്തിത്തീർക്കാൻ പാളത്തിലേക്ക് വലിച്ചെറിഞ്ഞു.

എന്നാൽ, ട്രെയിനിൻ്റെ ലോക്കോപൈലറ്റുമാർ ഇവരെ കണ്ടതിനെ തുടർന്ന് ട്രെയിൻ നിർത്തുകയും പിന്നീട് റെയിൽവേ കൺട്രോൾ റൂമിൽ അറിയിക്കുകയുമായിരുന്നു. ചവാൻ്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് പ്രതികളിലേക്കെത്തിയത്.

ഗാൻസോലി പ്രദേശത്തെ മുട്ട വിൽപ്പനക്കാരന് തൻ്റെ അവസാന ഗൂഗിൾ പേ പേയ്മെൻ്റ് നടത്തിയതായി പൊലീസ് കണ്ടെത്തി. പോലീസ് ഈ സ്റ്റാളിൽ എത്തിയപ്പോൾ അതിനടുത്തായി ഒരു വൈൻ ഷോപ്പ് കണ്ടെത്തി. അവിടെ അന്വേഷിച്ചപ്പോൾ ചവാൻ ധീരജിനൊപ്പം അവിടെ എത്തിയതായി മനസ്സിലാക്കി. പോലീസ് സംഘം പ്രദേശത്തെ സിസിടിവികൾ പരിശോധിച്ച് പ്രതികളുടെ വഴി കണ്ടെത്തി.

കൂടാതെ, ചവാൻ തൻ്റെ സഹപ്രവർത്തകനോട് അവസാനമായി വീഡിയോ കോൾ ചെയ്ത് ഒരു പാർട്ടിക്ക് പോകുകയാണെന്ന് അറിയിച്ചു. ഈ വീഡിയോ കോളിൽ ധീരജിനെ പശ്ചാത്തലത്തിൽ കണ്ടതായി ഡിസിപി പാട്ടീൽ പറഞ്ഞു. ചവാൻ്റെ ഭാര്യയുടെ ഫോൺകോൾ വിശദാംശങ്ങളും പരിശോധിച്ചപ്പോൾ അവരും ധീരാജും തമ്മിൽ നിരവധി തവണ വിളിച്ചതായി കണ്ടെത്തി.

ധീരജിൻ്റെ കെട്ടിടത്തിൻ്റെ സിസിടിവിയും പോലീസ് പരിശോധിച്ചപ്പോൾ, പുതുവത്സര ദിനത്തിൽ പുലർച്ചെ 1.30 ഓടെ ഇഇസിഒ പാർക്ക് ചെയ്യുന്നത് കണ്ടെത്തി.  തുടർന്നാണ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. മദ്യപാനത്തിന് പുറമെ ചവാൻ ലൈംഗികത്തൊഴിലാളികളെ സന്ദർശിക്കുന്ന ശീലവുമുണ്ടായിരുന്നെന്നും തന്നെ സ്ഥിരമായി മർദ്ദിച്ചിരുന്നെന്നും പൂജ പൊലീസിനോട് പറഞ്ഞു.  

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker