KeralaNews

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളെ എന്‍ഐഎ കോടതിയില്‍ എത്തിച്ചു

കൊച്ചി: സ്വര്‍ണക്കടത്ത് നടത്തിയ കേസിലെ മുഖ്യപ്രതികളെ എന്‍ഐഎ കോടതിയില്‍ എത്തിച്ചു. പ്രത്യേക കോടതി ജഡ്ജി പി കൃഷ്ണകുമാറിന് മുമ്പാകെ അല്‍പ്പസമയത്തിനകം ഇരുവരെയും ഹാജരാക്കും. എന്‍ഐഎ ഓഫിസിലെത്തിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷമാണ് പ്രതികളെ കോടതിയിലേക്ക് എത്തിച്ചത്. പ്രതികളുടെ കൊവിഡ് പരിശോധനാ ഫലം ലഭിക്കാത്തതിനാല്‍ ഇന്ന് എന്‍ഐഎ കസ്റ്റഡി ആവശ്യപ്പെട്ടേക്കില്ലെന്നാണ് വിവരം.

അങ്കമാലി കറുകുറ്റിയിലെ കോവിഡ് കെയര്‍ സെന്ററിലേക്കാവും റിമാന്‍ഡ് ചെയ്ത പ്രതികളെ ഇന്ന് അയക്കുക. നാളെ പ്രതികളുടെ കോവിഡ് പരിശോധനാഫലം ലഭിക്കും. ഫലം നെഗറ്റീവ് ആണെങ്കില്‍ മാത്രമാവും പ്രതികളെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വിട്ടുകൊടുക്കുക.

ആലുവ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന നടത്തിയ ശേഷമാണ് സ്വപ്നയെയും സന്ദീപിനെയും ഓഫീസിലേക്ക് എത്തിച്ചത്.

ഞായറാഴ്ച രാവിലെ 11.15-ഓടെയാണ് പ്രതികളുമായി എന്‍.ഐ.എ. വാഹനവ്യൂഹം വാളയാര്‍ അതിര്‍ത്തി കടന്നത്. ഇതിനിടെ എന്‍.ഐ.എ. വാഹനത്തിന്റെ ടയര്‍ പഞ്ചറായി. പാലക്കാട് കഴിഞ്ഞപ്പോഴാണ് സ്വപ്ന സഞ്ചരിച്ച വാഹനത്തിന്റെ ടയര്‍ പഞ്ചറായത്. പിന്നീട് മറ്റൊരു വാഹനത്തിലേക്കു സ്വപ്നയെ മാറ്റിയാണ് യാത്ര തുടര്‍ന്നത്.

ബംഗളുരുവില്‍നിന്ന് എവിടെയും നിര്‍ത്താതെയാണു പ്രതികളുമായി സംഘം കേരളത്തിലേക്കു യാത്ര ചെയ്തത്.
സന്ദീപ് നായരുമായി വന്നിരുന്ന വാഹനത്തിലേക്കാണ് സ്വപ്നയെ മാറ്റിയത്. എന്നാല്‍ അല്‍പദൂരം പിന്നിട്ടതിന് ശേഷം ഈ വാഹനം വീണ്ടും ദേശീയപാതയില്‍ നിര്‍ത്തിയിട്ടു. യാത്രയിലെ ആശയക്കുഴപ്പം പരിഹരിച്ചശേഷമാണ് പിന്നീട് യാത്ര തുടര്‍ന്നത്. മുഖംമറച്ചാണ് സ്വപ്ന വാഹനത്തിലുണ്ടായിരുന്നത്. മറ്റൊരു വാഹനത്തിലേക്ക് മാറ്റുന്നതിനിടെ മാധ്യമപ്രവര്‍ത്തകര്‍ ഇവരോട് പ്രതികരണം തേടിയെങ്കിലും മറുപടിയൊന്നും പറഞ്ഞില്ല.

വളരെ വേഗത്തിലാണ് സ്വപ്നയെ ഉദ്യോഗസ്ഥര്‍ പുതിയ വാഹനത്തിലേക്ക് മാറ്റി യാത്ര തുടര്‍ന്നത്. കേരളത്തിലേക്ക് പ്രവേശിച്ച വാഹനവ്യൂഹത്തിന് അതിര്‍ത്തി മുതല്‍ കേരള പോലീസിന്റെ അകമ്പടിയുമുണ്ടായിരുന്നു.
കേസുമായി ബന്ധപ്പെട്ട് ഒരാളെ കൂടി കസ്റ്റംസ് അറസ്റ്റ് ചെയ്തു. സ്വര്‍ണക്കടത്ത് കേസിലെ ഇടനിലക്കാരില്‍ ഒരാളെയാണ് അറസ്റ്റ് ചെയ്തത് എന്നാണ് സൂചന. ഇയാളെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തിച്ചു. കേസുമായി ബന്ധപ്പെട്ട് അഞ്ചാമത്തെ ആളാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലായിരിക്കുന്നത്.

സ്വര്‍ണക്കടത്ത് ശൃംഖലയിലെ മുഖ്യകണ്ണികളിലൊരാളായ മലപ്പുറം പെരിന്തല്‍മണ്ണ വെട്ടത്തൂര്‍ സ്വദേശിയായ റമീസിനെ ഞായറാഴ്ച പുലര്‍ച്ചെ വീട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker