മലപ്പുറം: മലപ്പുറം എടപ്പാൾ കെഎസ്ആര്‍ടിസി ബസിലെ സ്വര്‍ണ്ണ കവര്‍ച്ചയിൽ 3 പ്രതികൾ പിടിയിൽ. പള്ളുരുത്തി സ്വദേശികളായ നിസാർ, നൗഫൽ, കോഴിക്കോട് സ്വദേശിയായ ബാബു എന്നിവരാണ് പിടിയിലായത്. തൃശ്ശൂരിലെ ജ്വല്ലറി ജീവനക്കാരനായ ജിബിന്‍റെ ബാഗിൽ നിന്ന് സ്വർണ്ണം കവർന്ന ശേഷം കടന്നു കളഞ്ഞ പ്രതികളെ ചങ്ങരംകുളം പോലീസാണ് പിടികൂടിയത്.
പ്രതികളിൽ നിന്ന് സ്വർണ്ണം കണ്ടെടുത്തിട്ടുണ്ട്. പ്രതികൾ ഈ മേഖലയിൽ സ്ഥിരമായി പോക്കറ്റ് അടിക്കുന്നവരാണെന്ന് പോലീസ് വ്യക്തമാക്കി. ഇത്തരത്തിൽ പോക്കറ്റ് അടിക്കാനായി തിരക്കുള്ള ബസ് നോക്കി കയറിയപ്പോഴാണ് സ്വർണ്ണം അടങ്ങിയ ബാഗ് കണ്ടത്തിയതും മോഷ്ടിച്ചതും. ഞായറാഴ്‌ച്ച രാത്രിയാണ് മലപ്പുറം എടപ്പാളിൽ വച്ച് ഒരു കോടി എട്ട് ലക്ഷം രൂപ വില വരുന്ന 1512 ഗ്രാം സ്വർണം കവർച്ച ചെയപ്പെട്ടത്. തിരൂരിലെ ജ്വല്ലറിയില്‍ കാണിക്കുന്നതിന് തൃശ്ശൂരിൽ നിന്ന് കൊണ്ടുവന്ന സ്വർണ്ണമാണ് കവർന്നത്.