കൊച്ചി:സംസ്ഥാനത്തെ ആഭരണ വിപണിയിൽ സ്വർണവിലയിൽ ഗണ്യമായ ഇടിവ്. 2023 മാർച്ച് മാസത്തിൽ രേഖപ്പെടുത്തിയതിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് സ്വർണ നിരക്കുകളുള്ളത്. 22 കാരറ്റ് പരിശുദ്ധിയുള്ള ഒരു പവൻ (8 ഗ്രാം) സ്വർണത്തിന് 42,680 രൂപയാണ് ഇന്നത്തേക്ക് നിരക്ക് നിശ്ചയിച്ചിട്ടുള്ളത്. ഒരു ഗ്രാം സ്വർണത്തിന് 5,335 രൂപയുമാണ് ഇന്നത്തെ വില.
കഴിഞ്ഞ ദിവസമാണ് സ്വർണ നിരക്കുകൾ ഈ നിലവാരത്തിലേക്ക് താഴ്ന്നത്. വെള്ളിയാഴ്ച 42,920 രൂപ നിലവാരത്തിലാണ് ഒരു പവൻ സ്വർണത്തിന്റെ വ്യാപാരം നടന്നത്. അതേസമയം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഒരു പവൻ സ്വർണത്തിൽ 1,280 രൂപയുടെ കുറവ് രേഖപ്പെടുത്തി. ഒരു ഗ്രാം സ്വർണത്തിൽ 160 രൂപ വീതവും താഴ്ന്നു.
അതേസമയം സെപ്റ്റംബർ മാസക്കാലയളവിൽ സംസ്ഥാനത്ത് സ്വർണ വിലയിൽ കടുത്ത ചാഞ്ചാട്ടമാണ് നേരിട്ടത്. സെപ്റ്റംബർ മാസത്തിന്റെ തുടക്കത്തിൽ, ഒരു പവന്റെ വില 44,200 രൂപ നിലവാരത്തിലായിരുന്നു. സെപ്റ്റംബർ 4ന് രേഖപ്പെടുത്തിയ 44,240 രൂപയായിരുന്നു ഒരു പവന്റെ ഏറ്റവും കൂടിയ വിലനിലവാരം. എന്നാൽ മാസവസാനം ആയപ്പോഴേക്കും ഒരു പവന്റെ വില 42,700 രൂപ നിലവാരത്തിലേക്ക് വീണു. അതായത്, സെപ്റ്റംബർ മാസക്കാലയളവിൽ ഒരു പവൻ സ്വർ വിലയിൽ 1,560 രൂപയുടെ ഇടിവാണുണ്ടായതെന്ന് ചുരുക്കം.
രാജ്യാന്തര വിപണിയിൽ സ്വർണത്തിന് നേരിടുന്ന തിരിച്ചടിയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ്, ഇക്കഴിഞ്ഞ ധനനയ യോഗത്തിലും പണപ്പെരുപ്പം താഴുന്നില്ലെങ്കിൽ പലിശ നിരക്ക് വർധനയ്ക്ക് മടിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനോടൊപ്പം യുഎസ് ഡോളർ ശക്തിയാർജിക്കുന്നതും സ്വർണത്തിന് തിരിച്ചടിയേകുന്ന ഘടകമാണ്. അതേസമയം രാജ്യാന്തര വിപണിയിൽ ഒരു ഔൺസ് സ്വർണത്തിന് 1,848 ഡോളർ നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്.