കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ആശ്വാസം. അവധിക്ക് ശേഷം സജീവമായ വിപണിയില്‍ വില കുറഞ്ഞു. വരും ദിവസങ്ങൡ വിലയില്‍ ചാഞ്ചാട്ടമുണ്ടാകാനാണ് സാധ്യത. പശ്ചിമേഷ്യന്‍ സാഹചര്യം വഷളായാല്‍ വില വീണ്ടും കുതിച്ചേക്കും. അതേസമയം, ദേശീയ വിപണിയില്‍ സ്വര്‍ണ വില നേരിയ തോതില്‍ ഉയരുകയാണ് ചെയ്തത്.
ഒക്ടോബര്‍ മാസത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്നാണ് ഇന്ന് സ്വര്‍ണവില കുറഞ്ഞിരിക്കുന്നത്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്ക് 41920 രൂപയും ഉയര്‍ന്ന നിരക്ക് 45280 രൂപയുമാണ്. അതായത് 3300 രൂപയുടെ വര്‍ധനവാണ് ഈ മാസം മാത്രം സ്വര്‍ണവിലയിലുണ്ടായത്. വിവാഹ ആവശ്യങ്ങള്‍ക്ക് ഉള്‍പ്പെടെ സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് വലിയ പ്രയാസം സൃഷ്ടിക്കുന്നതായിരുന്നു ഈ വില വര്‍ധന.
കേരളത്തില്‍ കഴിഞ്ഞ ശനിയാഴ്ച രേഖപ്പെടുത്തിയ വില പവന് 45280 രൂപയായിരുന്നു. ഞായറാഴ്ച കഴിഞ്ഞ് വിപണി തുറന്നതോടെ വിലയില്‍ 200 രൂപയുടെ കുറവുണ്ടായി. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 45080 രൂപയാണ്. ഗ്രാമിന് 25 രൂപ കുറഞ്ഞ് 5635 രൂപയായി. അതേസമയം, ദേശീയ വിപണിയില്‍ വില ഉയരുകയാണ് ചെയ്തത്.
ദേശീയ വിപണിയില്‍ സ്വര്‍ണവില ഗ്രാമിന് 5675 രൂപയാണെന്ന് ലൈവ് മിന്റ് വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. 24 ക്യാരറ്റ് സ്വര്‍ണം ഗ്രാമിന് 6190 രൂപയും നല്‍കണം. വെള്ളി കിലോയ്ക്ക് 72645 രൂപയായി ഉയര്‍ന്നിട്ടുണ്ട്. വിവിധ ആഘോഷങ്ങള്‍ ഉത്തരേന്ത്യയില്‍ നടക്കുന്നതിനാല്‍ വില ഇനിയും വര്‍ധിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. അതേസമയം, ആഗോള തലത്തില്‍ വിലയില്‍ ഉയര്‍ച്ചയുണ്ടായിട്ടില്ല.
ആവശ്യക്കാര്‍ കുറഞ്ഞതാണ് കേരളത്തില്‍ സ്വര്‍ണവില കുറയാനുള്ള ഒരു കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഡോളര്‍ കരുത്താര്‍ജിച്ചതും വില കുറയാന്‍ കാരണമായി. രൂപയുടെ മൂല്യത്തില്‍ നേരിയ മുന്നേറ്റം പ്രകടമായിട്ടുണ്ട്. ഡോളര്‍ ഇന്‍ഡക്‌സ് 106.29 ലെത്തിയിട്ടുണ്ട്. ഇന്ത്യന്‍ രൂപ ഡോളറിനെതിരെ 83.13 എന്ന നിരക്കിലാണ്. രൂപ കഴിഞ്ഞ ദിവസം 83.24 എന്ന നിരക്കിലായിരുന്നു.
എണ്ണവിലയില്‍ നേരിയ കുറവുണ്ടായത് ആഗോള വിപണിയില്‍ ആശ്വാസത്തിന് ഇടയാക്കിയിട്ടുണ്ട്. ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 91.15 ഡോളര്‍ എന്ന നിരക്കിലാണ്. പശ്ചിമേഷ്യയിലെ യുദ്ധം വ്യാപിച്ചാല്‍ എണ്ണവില ഉയരും. സമാധാന ശ്രമങ്ങള്‍ ഒരു ഭാഗത്ത് നടക്കുന്നുണ്ടെങ്കിലും ലബ്‌നാനിലും സിറിയയിലും ആക്രമണമുണ്ടായത് ഭീതി സൃഷ്ടിച്ചിട്ടുണ്ട്. എങ്കിലും യുദ്ധം വ്യാപിച്ചേക്കില്ല എന്നാണ് കരുതുന്നത്.
സ്വര്‍ണ വിലയിലെ മാറ്റം നിശ്ചയിക്കുന്നതിന് ഒട്ടേറെ ഘടകങ്ങളുണ്ട്. സ്വര്‍ണത്തിന് ആവശ്യക്കാര്‍ കൂടുന്നതും കുറയുന്നതുമാണ് ഇതില്‍ ഒരു ഘടകം. വിവിധ രാജ്യങ്ങളുടെ കറന്‍സി മൂല്യം, പലിശ നിരക്ക്, സ്വര്‍ണ വ്യാപാരത്തോടുള്ള സര്‍ക്കാരിന്റെ നയങ്ങള്‍, ആഗോള സാമ്പത്തിക-രാഷ്ട്രീയ സാഹചര്യം, ഡോളറിന്റെ മൂല്യത്തിലുള്ള മാറ്റം എന്നിവയെല്ലാം സ്വര്‍ണവിലയെ നേരിട്ടോ പരോക്ഷമായോ ബാധിക്കും.