തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. ശനിയാഴ്ച രണ്ട് തവണ സ്വർണവില പരിഷ്കരിച്ചിരുന്നു. രാവിലെ നേരിയ തോതിൽ ഉയർന്ന സ്വർണ വില ഉച്ചയോടെ കൂപ്പുകുത്തി. ശനിയാഴ്ച രാവിലെ 80 രൂപയാണ് ഉയർന്നത്. ഉച്ചയോടെ 320 രൂപ കുറഞ്ഞു. ഇതോടെ രണ്ട് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വർണവിലയുള്ളത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില (Today’s Gold Rate) 36960 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ശനിയാഴ്ച ഉച്ചയ്ക്ക് 40 രൂപ കുറഞ്ഞു. രാവിലെ 10 രൂപ ഉയർന്നിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4620 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്റെ വിലയും ശനിയാഴ്ച ഇടിഞ്ഞു. 35 രൂപയാണ് ഉച്ചയ്ക്ക് കുറഞ്ഞത്. രാവിലെ 10 രൂപ ഉയർന്നിരുന്നു. 18 ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 3815 രൂപയാണ്.
സംസ്ഥാനത്ത് വെള്ളിയുടെ വിലയിലും മാറ്റമില്ല. സാധാരണ വെള്ളിയുടെ വില 62 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വില ഒരു ഗ്രാമിന് 90 രൂപയിൽ തന്നെ ഇപ്പോഴും തുടരുന്നു.
ഓഹരി വിപണി (share market) ഇന്ന് നേട്ടത്തിൽ വ്യാപാരം ആരംഭിച്ചു. സെൻസെക്സ് (sensex) 446.07 പോയിന്റ് അല്ലെങ്കിൽ 0.83 ശതമാനം ഉയർന്ന് 54206.85 ലും നിഫ്റ്റി (nifty) 139.70 പോയിന്റ് അല്ലെങ്കിൽ 0.87 ശതമാനം ഉയർന്ന് 16188.90 ലും ആണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.8 ശതമാനം വരെ ഉയർന്നു.
ഇൻഫോസിസ്, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, എൽ ആൻഡ് ടി, ടെക് മഹീന്ദ്ര, ബജാജ് ഫിൻസെർവ് എന്നീ ഓഹരികൾ നിഫ്റ്റിയിൽ മുന്നേറുന്നു. അതെ സമയം എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, എം ആൻഡ് എം, ബ്രിട്ടാനിയ ഇൻഡസ്ട്രീസ് എന്നീ ഓഹരികൾ നഷ്ടത്തിലാണ്. നിഫ്റ്റി ബാങ്ക്, ഐടി, മെറ്റൽ, എഫ്എംസിജി തുടങ്ങിയ മേഖലകൾ നേട്ടത്തിലാണ്.