
കല്‍പ്പറ്റ: വയനാട്ടിലെ കല്‍പ്പറ്റ പോലീസ് സ്‌റ്റേഷന്റെ ശുചിമുറിയില്‍ ആദിവാസി യുവാവ് ആത്മഹത്യചെയ്ത സംഭവത്തില്‍ രണ്ടു പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. ജിഡി ചാര്‍ജുണ്ടായിരുന്ന എഎസ്‌ഐ ദീപ, സിവില്‍ പോലീസ് ഓഫീസര്‍ ശ്രീജിത്ത് എന്നിവര്‍ക്കെതിരേയാണ് നടപടി. സംഭവം നടന്ന് മണിക്കൂറുകള്‍ക്കകംതന്നെ കണ്ണൂര്‍ റേഞ്ച് ഐജിക്ക് വയനാട് ജില്ലാ പോലീസ് മേധാവി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ക്ക് ജാഗ്രതക്കുറവുണ്ടായി എന്ന് റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
അമ്പലവയല്‍ നെല്ലാറച്ചാല്‍ പുതിയപാടി വീട്ടില്‍ ഗോകുല്‍ ആണ് കഴിഞ്ഞദിവസം രാവിലെ കല്പറ്റ പോലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍തൂങ്ങിമരിച്ചത്. ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. പോലീസ് കസ്റ്റഡിയിലായിരുന്ന ഗോകുല്‍ 7.45-ഓടെ ശൗചാലയത്തില്‍ പോകണമെന്ന് ആവശ്യപ്പെട്ടെന്നും എട്ടുമണിയായിട്ടും യുവാവ് പുറത്തുവരാത്തതിനാല്‍ വാതില്‍ ചവിട്ടിപ്പൊളിച്ച് പരിശോധിച്ചപ്പോഴാണ് ധരിച്ചിരുന്ന ഫുള്‍കൈ ഷര്‍ട്ട് ഊരി ശൗചാലയത്തിലെ ഷവറില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെത്തിയതെന്നുമാണ് പോലീസ് പറയുന്നത്. ഉടന്‍ പോലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ഗോകുല്‍, ശുചിമുറിയിലേക്ക് പോയ ശേഷം മടങ്ങിയെത്താന്‍ വൈകിയപ്പോള്‍, അവിടെയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ വേണ്ടവിധത്തില്‍ ഇടപെട്ടില്ല എന്നായിരുന്നു ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഗോകുലിന്റെ ആത്മഹത്യ, ഇപ്പോള്‍ ക്രൈം ബ്രാഞ്ചാണ് അന്വേഷിക്കുന്നത്. കസ്റ്റഡി മരണം ആയതിനാല്‍ മജിസ്റ്റീരിയല്‍ അന്വേഷണവും നടക്കുന്നുണ്ട്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും ഗോകുലിനെയും ദിവസങ്ങള്‍ക്ക് മുമ്പാണ് നാട്ടില്‍നിന്ന് കാണാതായിരുന്നു. ഈ കേസിലാണ് ഗോകുലിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. തിങ്കളാഴ്ച ഇരുവരെയും കോഴിക്കോട് ബീച്ചില്‍വെച്ച് പോലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കോഴിക്കോട് വനിതാ സെല്ലില്‍ ഹാജരാക്കിയ ഇരുവരെയും പിന്നീട് കല്‍പ്പറ്റ സ്റ്റേഷനിലെത്തിച്ചു. തുടര്‍ന്ന് ഇരുവരുടെയും വീട്ടുകാരെ വിവരമറിയിക്കുകയും രേഖകളുമായി വരാന്‍ ആവശ്യപ്പെടുകയും ചെയ്തെന്നും പെണ്‍കുട്ടിയെ സഖി സെന്ററിലും ഗോകുലിനെ കസ്റ്റഡിയിലും വെച്ചെന്നുമാണ് പോലീസിന്റെ വിശദീകരണം. ഗോകുലിനെ ഒരുകേസിലും പ്രതിചേര്‍ത്തിട്ടില്ലെന്നും പോക്സോ ഉള്‍പ്പെടെയുള്ളവ പരിശോധിക്കാനാണ് കസ്റ്റഡിയില്‍ വെച്ചതെന്നും രണ്ടുവീട്ടുകാരെയും വിവരമറിയിച്ചിരുന്നതായും പോലീസ് പറഞ്ഞിരുന്നു.