
കോഴിക്കോട്: ചോദ്യംചെയ്യലിനായി നിര്‍മാതാവും ശ്രീഗോകുലം ചിറ്റ്‌സ് ഉടമയുമായ ഗോകുലം ഗോപാലനെ ചെന്നൈ കോടമ്പാക്കത്തെ ഓഫീസില്‍ എത്തിച്ചു. ഗോകുലത്തിന്റെ കോര്‍പ്പറേറ്റ് ഓഫീസില്‍വെച്ച് ഗോകുലം ഗോപാലനെ ചോദ്യംചെയ്യുകയാണ്. ചെന്നൈ ഓഫീസിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന പത്തുമണിക്കൂര്‍ പിന്നിട്ടു.
വിശദമായി ചോദ്യംചെയ്യാന്‍ ഗോകുലം ഗോപാലനെ ചെന്നൈയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ചെന്നൈയിലേയും കോഴിക്കോട്ടേയും ഓഫീസുകളില്‍ രാവിലെ ഇഡി പരിശോധനയ്ക്കായി എത്തിയിരുന്നു. രാവിലെ പത്തുമണിക്കാണ് ഇഡി ചെന്നൈയിലെ ഓഫീസില്‍ എത്തിയത്. 11 മണിയോടെ കോഴിക്കോടും ഇഡി സംഘം എത്തി. ഗോകുലം ഗ്രൂപ്പുമായി ബന്ധപ്പെട്ട ഒരു സ്ഥാപനത്തിന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗം നടക്കുന്നതിനാല്‍ ഗോകുലം ഗോപാലന്‍ കോഴിക്കോട്ട് ഉണ്ടായിരുന്നു.
ഇവിടെവെച്ച് പ്രാഥമികമായി ഗോപാലനെ ഇഡി ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്തുവെന്നാണ് വിവരം. തുടര്‍ന്ന് വിശദമായി ചോദ്യംചെയ്യാന്‍ നോട്ടീസ് നല്‍കി ഗോപാലനെ ചെന്നൈയില്‍ എത്തിക്കുകയായിരുന്നു. വിദേശനാണ്യവിനിമയച്ചട്ടലംഘനവുമായി ബന്ധപ്പെട്ടാണ് പരിശോധന എന്നായിരുന്നു വിവരം. കോഴിക്കോട്ടെ പരിശോധന രാവിലെ 11-ന് ആരംഭിച്ച് മൂന്നുമണിയോടെ അവസാനിച്ചിരുന്നു.
ഏറെ വിവാദമായ എമ്പുരാന്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ പങ്കാളിയാണ് ഗോകുലം ഗോപാലന്‍. എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് ഈ സിനിമയുടെ നിര്‍മാതാക്കളിലൊരാളായ ഗോകുലം ഗോപാലന്റെ ഓഫീസുകളില്‍ ഇഡി പരിശോധന നടന്നത്.