കണ്ണട ധരിക്കുന്നവര്‍ക്ക് കൊറോണ വൈറസ് ബാധിക്കാനുള്ള സാധ്യത കുറവാണെന്ന് പഠന റിപ്പോര്‍ട്ട്. SARS-CoV-2 വൈറസ് മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നതിനുള്ള ഒരു പ്രധാന മാര്‍ഗമാണ് കണ്ണുകള്‍. എന്നാല്‍ കണ്ണടകള്‍ ഇതിനെ ചെറുക്കാന്‍ ഒരു സംരക്ഷണമായി പ്രവര്‍ത്തിക്കുന്നുവെന്നാണ് കണ്ടെത്തല്‍.
കണ്ണട വയ്ക്കുമ്പോള്‍ ഇവര്‍ കണ്ണുകള്‍ തടവുന്നത് കുറയും. മെഡ്റെക്സിവ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് പറയുന്നു. 304 പേരില്‍ നടത്തിയ പഠന റിപ്പോര്‍ട്ടാണിത്. 223 പുരുഷന്മാരിലും 81 സ്ത്രീകളിലുമാണ് പഠനം നടത്തിയത്. ഇവരില്‍ 19 ശതമാനം പേര്‍ മിക്കപ്പോഴും കണ്ണട ധരിക്കുന്നവരാണ്. പഠനം നടത്തിയവര്‍ ഒരു മണിക്കൂറില്‍ ശരാശരി 23 തവണ മുഖത്തും മണിക്കൂറില്‍ ശരാശരി മൂന്ന് തവണ കണ്ണിലും സ്പര്‍ശിച്ചതായി ഗവേഷകര്‍ കണ്ടെത്തി.
ഇന്‍ഡിപെന്‍ഡന്റിന്റെ അഭിപ്രായത്തില്‍, കണ്ണട ധരിക്കുന്നവരില്‍ കൊവിഡ് സാധ്യത രണ്ട് മുതല്‍ മൂന്ന് മടങ്ങ് വരെ കുറവാണെന്നാണ് റിപ്പോര്‍ട്ട്. വൈറസ് പകരുന്ന പ്രധാന മാര്‍ഗ്ഗം മലിനമായ കൈകളാല്‍ കണ്ണുകള്‍, മൂക്ക് അല്ലെങ്കില്‍ വായ എന്നിവിടങ്ങളില്‍ സ്പര്‍ശിക്കുന്നതാണ്.
എന്നാല്‍ കണ്ണട സ്ഥിരമായി ഉപയോഗിക്കുന്നവര്‍ കണ്ണുകളില്‍ തൊടുന്നത് കുറയും. അതിനാല്‍ കൊവിഡ് 19 പകരാനുള്ള സാധ്യതയും കുറയും. എട്ട് മണിക്കൂര്‍ കണ്ണട ധരിക്കുന്നവര്‍ക്ക് വൈറസ് പിടിപെടാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നു.
കൊറോണ വൈറസ് കണ്ണിലേക്ക് കടക്കാതിരിക്കാന്‍ കോണ്‍ടാക്റ്റ് ലെന്‍സുകള്‍ ധരിക്കുന്ന ആളുകളോട് ഗ്ലാസുകളിലേക്ക് മാറണമെന്ന് നേരത്തെ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് അനുസരിച്ച്, കഴിഞ്ഞ വര്‍ഷം ചൈനയില്‍ നടത്തിയ പഠനത്തില്‍ കോവിഡ് രോഗികളില്‍ കണ്ണട വയ്ക്കുന്നവരുടെ എണ്ണം കുറവാണെന്ന് കണ്ടെത്തിയിരുന്നു.
നാഞ്ചാങ് സര്‍വകലാശാലയിലെ ദി സെക്കന്‍ഡ് അഫിലിയേറ്റഡ് ഹോസ്പിറ്റലിലെ ഗവേഷകരുടെ സംഘം, വൈറസ് മനുഷ്യ കോശങ്ങളിലേക്ക് പ്രവേശിക്കുന്നതിനും ബാധിക്കുന്നതിനും സഹായകമാകുന്ന സ്വീകര്‍ത്താക്കള്‍ കണ്ണുകളില്‍ കാണപ്പെടുന്നുണ്ടെന്ന് വ്യക്തമാക്കിയിരുന്നു.