യുവാക്കളുടെ ശല്യം ചെയ്യലില്‍ പൊറുതിമുട്ടി പെണ്‍കുട്ടികള്‍ ഓടുന്ന ബസില്‍ നിന്ന് പുറത്തേക്ക് ചാടി!
ലക്നൗ: യുവാക്കളുടെ ശല്യം ചെയ്യലില്‍ പൊറുതിമുട്ടിയ പെണ്‍കുട്ടികള്‍ ഓടുന്ന ബസില്‍ നിന്ന് പുറത്തേയ്ക്ക് എടുത്തുചാടി. ഉത്തര്‍പ്രദേശില്‍ ഗ്രേറ്റര്‍ നോയിഡയില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം. ബുലന്ദ്ഷാഹറിലേക്ക് പോകുന്ന സ്വകാര്യ ബസില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികളായ രണ്ട് പെണ്‍കുട്ടികള്‍ കയറി. വാഹനത്തിന്റെ നടുവിലാണ് ഇരുവരും ഇരുന്നത്. ഇതേസമയം പെണ്‍കുട്ടികള്‍ ഇരിക്കുന്ന സീറ്റിന് മുന്‍വശം ഇരുന്ന് നാലു യുവാക്കള്‍ ഇവരെ നോക്കി അശ്ലീലം പറയാന്‍ തുടങ്ങി.
യുവാക്കളുടെ പീഡനം അസഹ്യമായതോടെ ബസില്‍ നിന്ന് ഇറങ്ങാന്‍ തീരുമാനിച്ചു. എന്നാല്‍ ബസ് നിര്‍ത്താന്‍ പെണ്‍കുട്ടികള്‍ ആവശ്യപ്പെട്ടിട്ടും വാഹനം നിര്‍ത്താന്‍ ഡ്രൈവര്‍ തയ്യാറായില്ല. പോകുന്ന വഴിയില്‍ വിദ്യാര്‍ത്ഥികള്‍ കൂട്ടമായി ബസ് കാത്തുനിന്ന സ്റ്റോപ്പില്‍ പോലും ഡ്രൈവര്‍ ബസ് നിര്‍ത്തിയില്ല. പകരം വാഹനത്തിന്റെ വേഗത കൂട്ടി യുവാക്കളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് ഡ്രൈവര്‍ സ്വീകരിച്ചതെന്നാണ് റിപോര്‍ട്.
പന്തിക്കേട് തോന്നിയ പെണ്‍കുട്ടികള്‍ മറ്റൊന്നും ആലോചിക്കാതെ വണ്ടിയില്‍ നിന്ന് പുറത്തേയ്ക്ക് ചാടുകയായിരുന്നുവെന്നാണ് റിപോര്‍ട്. സംഭവത്തില്‍ രണ്ടു പെണ്‍കുട്ടികള്‍ക്കും പരിക്കേറ്റു. ഒരു കുട്ടിയുടെ തലയ്ക്കും പാദത്തിനും അരയ്ക്കുമാണ് പരിക്ക്. രണ്ടാമത്തെ പെണ്‍കുട്ടിയുടെ കൈയ്ക്കും കാലിനും ഒടിവുണ്ട്.