
മുംബൈ: ദിവസങ്ങള്‍ക്ക് മുമ്പാണ് ഓടിടി പ്ലാറ്റ്‌ഫോമുകളായ ജിയോ സിനിമയും ഹോട്ട്‌സ്റ്റാറും ലയിച്ച് ജിയോ ഹോട്ട്‌സ്റ്റാര്‍ ആയി മാറിയത്. അതുവരെ ഹോട്‌സ്റ്റാറിലും ജിയോ സിനിമയിലുമുണ്ടായിരുന്ന എല്ലാ ഉള്ളടക്കങ്ങളും ഇപ്പോള്‍ ജിയോ ഹോട്ട്‌സ്റ്റാര്‍ ആപ്പില്‍ ലഭ്യമാണ്. ഐസിസി ചാമ്പ്യന്‍സ് ട്രോഫിയും ഇന്ത്യന്‍ പ്രീമിയര്‍ ലീഗുമെല്ലാം തത്സമയം സ്‌പ്രേഷണം ചെയ്യുന്നതും ഈ ആപ്പിലായിരിക്കും.
ജിയോ ഹോട്ട്‌സ്റ്റാറിന്റെ സബ്‌സ്‌ക്രിപ്ഷന്‍ എടുക്കുന്നവര്‍ക്ക് മാത്രമാണ് ഈ ക്രിക്കറ്റ് ടൂര്‍ണമെന്റുകള്‍ കാണാനാവുക. മൂന്ന് മാസത്തേക്ക് 149 രൂപ എന്നതാണ് ഏറ്റവും കുറഞ്ഞ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍. എന്നാല്‍ 949 രൂപയുടെ റീച്ചാര്‍ജില്‍ ജിയോ വരിക്കാര്‍ക്ക് സൗജന്യമായി ജിയോ ഹോട്ട്‌സ്റ്റാര്‍ സബ്‌സ്‌ക്രിപ്ഷന്‍ ലഭിക്കും.
84 ദിവസം വാലിഡിറ്റിയിലുള്ള പ്ലാനാണ് 949 രൂപയുടേത്. ഇതില്‍ 149 രൂപയുടെ ജിയോ ഹോട്ട്‌സ്റ്റാര്‍ സബ്‌സ്‌ക്രിപ്ഷന്‍ ഉപഭോക്താവിന് ലഭിക്കും. പ്രതിദിനം 2 ജിബി 4ജി ഡാറ്റ, അണ്‍ലിമിറ്റഡ് 5ജി ഡാറ്റ, അണ്‍ലിമിറ്റഡ് കോള്‍, 100 എസ്എംഎസ് എന്നിവയും ഈ പ്ലാനില്‍ ലഭിക്കും.
149 രൂപയുടെ പ്ലാന്‍ പരസ്യങ്ങള്‍ ഉള്‍പ്പെടുന്ന പ്ലാന്‍ ആണ്. അതായത്, ഹോട്ട്‌സ്റ്റാറില്‍ സിനിമയും തത്സമയ സ്ട്രീമിങും മറ്റും കാണുന്നതിനിടെ പരസ്യങ്ങള്‍ കാണിക്കും. മൊബൈലില്‍ മാത്രം ലഭിക്കുന്ന ഈ പ്ലാന്‍ ഒരു ഡിവൈസില്‍ മാത്രമേ ആസ്വദിക്കാനാവൂ. 720 പിക്‌സല്‍ റസലൂഷനിലുള്ള ഉള്ളടക്കങ്ങളാണ് ഇതില്‍ ലഭിക്കുക.
അതേസമയം 299 രൂപയുടെ പ്ലാനില്‍ 1080 പിക്‌സല്‍ റസൂഷനില്‍ മൊബൈലിലും വെബ്ബിലും സ്മാര്‍ട് ടിവികളിലും മറ്റ് ഡിവൈസുകളിലുമായി പരമാവധി രണ്ട് ഉപകരണങ്ങളില്‍ ഉള്ളടക്കങ്ങള്‍ ആസ്വദിക്കാം. 499 രൂപയുടെ പ്രീമിയം പ്ലാനില്‍ പരസ്യങ്ങള്‍ ഉണ്ടാവില്ല. 4കെ റസലൂഷനില്‍ സ്ട്രീമിങ് ആസ്വദിക്കാനാവും.