CrimeNationalNews

ഹൈദരാബാദ് നഗരത്തില്‍ ജര്‍മന്‍ യുവതി നേരിട്ടത് ക്രൂരപീഡനം; കാര്‍ ഡ്രൈവറെ 12 മണിക്കൂറിനകം പിടികൂടി പൊലീസ്

ഹൈദരാബാദ്: സുഹൃത്തിന്റെ ക്ഷണമനുസരിച്ച് ഇന്ത്യ കാണാനെത്തിയ 25കാരിയായ ജര്‍മന്‍ യുവതി യാത്രയ്ക്കിടെ കാറില്‍ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയായ ഡ്രൈവര്‍ അറസ്റ്റില്‍. തിങ്കളാഴ്ച രാത്രി ഹൈദരാബാദ് നഗരത്തില്‍ വെച്ചായിരുന്നു സംഭവം. നഗരത്തിലെ പ്രധാന സ്ഥലങ്ങള്‍ കാണിക്കാമെന്ന് പറഞ്ഞാണ് വിദേശ യുവതിയെയും ഒപ്പമുണ്ടായിരുന്ന ആണ്‍ സുഹൃത്തിനെയും ഇയാള്‍ കാറില്‍ കയറ്റി കൊണ്ടുപോയത്.

പിന്നീട് സുഹൃത്തിനെ വഴിയില്‍ ഇറക്കിയ ശേഷം യുവതിയെ ഒറ്റപ്പെട്ട ഒരു സ്ഥലത്ത് എത്തിച്ച് കാറിനുള്ളില്‍ വെച്ച് പീഡിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ ജര്‍മന്‍ യുവതിയുടെ പരാതി ലഭിച്ച് 12 മണിക്കൂറിനകം യുവാവ് പിടിയിലായി. ഇതിന് സഹായകമായതാവട്ടെ യുവതിക്കൊപ്പം ഇയാള്‍ എടുത്ത സെല്‍ഫിയും മറ്റ് ഫോട്ടോകളും.

ഇന്ത്യക്കാരനായ ഒരു സുഹൃത്തിന്റെ ക്ഷണം സ്വീകരിച്ചാണ് മാര്‍ച്ച് ആദ്യവാരം രണ്ട് ജര്‍മന്‍ സ്വദേശികള്‍ ഹൈദരാബാദില്‍ എത്തിയതെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് മീര്‍പെട്ടിലുള്ള സുഹൃത്തിന്റെ വീട്ടില്‍ കഴിഞ്ഞുവരികയായിരുന്നു. പല ഇന്ത്യന്‍ നഗരങ്ങളും ഇവര്‍ സന്ദര്‍ശിക്കുകയും ചെയ്തു.

ഏപ്രില്‍ മൂന്നാം തീയ്യതി ജര്‍മനിയിലേക്ക് മടങ്ങാനിരുന്ന ഇവര്‍ തിങ്കളാഴ്ച വൈകുന്നേരം ഹൈദരാബാദിലെ ഒരു പ്രാദേശിക പച്ചക്കറി മാര്‍ക്കറ്റ് സന്ദര്‍ശിക്കാന്‍ ഇറങ്ങി. ഈ സമയത്താണ് പ്രദേശവാസിയായ ഒരു യുവാവും പ്രായപൂര്‍ത്തിയാവാത്ത അഞ്ച് കുട്ടികളും ചേര്‍ന്ന് ഒരു സ്വിഫ്റ്റ് ഡിസയര്‍ കാറുമായി ഇവരെ സമീപിച്ചത്. കുറച്ച് നേരം സംസാരിച്ച ശേഷം നഗരം ചുറ്റിക്കാണിക്കാമെന്ന് വാഗ്ദാനം ചെയ്തു.

യുവാവിന്റെ വാഗ്ദാനം സ്വീകരിച്ച യുവതിയെയും സുഹൃത്തിനെയും ഇവര്‍ കാറില്‍ കയറ്റി പല സ്ഥലങ്ങളിലും കൊണ്ടുപോയി. ഇതിനിടെ ഇവര്‍ ഒരുമിച്ച് ഭക്ഷണം കഴിക്കുകയും പല സ്ഥലങ്ങളില്‍ നിന്ന് സെല്‍ഫിയെടുക്കുകയുമൊക്കെ ചെയ്തു. രണ്ട് മണിക്കൂറോളം കഴിഞ്ഞ് മെയിന്‍ റോഡിലെ വിജനമായ ഒരു സ്ഥലത്ത് വാഹനം നിര്‍ത്തിയിട്ട് ജര്‍മന്‍ യുവാവിനോടും ഒപ്പമുള്ള കുട്ടികളോടും വാഹനത്തില്‍ നിന്ന് ഇറങ്ങി ഫോട്ടോകള്‍ എടുക്കാന്‍ പറഞ്ഞു. ഇവര്‍ ഇറങ്ങിക്കഴിഞ്ഞപ്പോള്‍ യുവതിയോട് അല്‍പം കൂടി മുന്നോട്ട് പോയാല്‍ നല്ല ഫോട്ടോകളെടുക്കാന്‍ പറ്റുന്ന സ്ഥലമുണ്ടെന്ന് പറഞ്ഞ് വാഹനം 100 മീറ്ററോളം അകലേക്ക് കൊണ്ടുപോയി.

പറഞ്ഞ സ്ഥലത്ത് യുവതി പുറത്തിറങ്ങി കുറച്ച് ഫോട്ടോകളെടുത്തു. യുവാവിനൊപ്പമുള്ള സെല്‍ഫികളും എടുത്തു. ശേഷം യുവതി കാറിന്റെ പിന്‍സീറ്റില്‍ കയറിയപ്പോള്‍ ഇയാളും ഒപ്പം കയറുകയും ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയും ചെയ്തു. പിന്നീട് യുവതിയെയും കൊണ്ട് കാറോടിച്ച് മറ്റുള്ളവര്‍ നേരത്തെ ഇറങ്ങിയ സ്ഥലത്തെത്തി. യുവതി കാറില്‍ നിന്ന് ചാടി പുറത്തിറങ്ങിയതും ഇയാള്‍ നല്ല വേഗത്തില്‍ കാറോടിച്ച് അവിടെ നിന്ന് രക്ഷപ്പെട്ടു.

കൂടെയുണ്ടായിരുന്ന കുട്ടികള്‍ നേരത്തെ തന്നെ ഓടി രക്ഷപ്പെട്ടിരുന്നു. ജര്‍മന്‍ യുവാവും യുവതിയും അപരിചിതമായ സ്ഥലത്ത് തനിച്ചായി. ഇവര്‍ പിന്നീട് ഹൈദരാബാദിലെ തങ്ങളുടെ സുഹൃത്തിനെ വിളിച്ച് അറിയിച്ചു. അദ്ദേഹം എത്തിയാണ് ഇവരുമായി പഹാഡി ശരീഫ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്.

യുവതിയുടെ ഫോണില്‍ ഉണ്ടായിരുന്ന പ്രതിയുടെ ഫോട്ടോകള്‍ തന്നെ ഇയാളെ തിരിച്ചറിയാന്‍ സഹായകമായി. പൊലീസുകാര്‍ നേരെ വീട്ടിലെത്തി യുവാവിനെ അറസ്റ്റ് ചെയ്തു. പീഡനത്തിനിരയായ യുവതിയുടെ മൊഴി രേഖപ്പെടുത്തുകയും മെഡിക്കല്‍ പരിശോധനയ്ക്കും കൗണ്‍സിലിങിനും വിധേയമാക്കുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു.

നേരത്തെ ദുബൈയില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന പ്രതി ഏതാനും വര്‍ഷം മുമ്പാണ് ഹൈദരാബാദില്‍ തിരിച്ചെത്തിയതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഒരു ഏജന്‍സിയില്‍ നിന്ന് വാടകയ്ക്ക് എടുത്തതായിരുന്നു ഈ കാറെന്ന് പിന്നീട് പൊലീസ് കണ്ടെത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker