KeralaNews

‘ഗീന ചേച്ചി ആദ്യം തന്നത് നല്ല ഒരു ചുരിദാറായിരുന്നു’; ആശംസകള്‍ക്കൊപ്പം മേയര്‍ ആര്യ

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ ഗവ. പ്ലീഡര്‍ ആയി നിയമിതയായ ഗീനാ കുമാരിക്ക് ആശംസകളുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍. ഗീനാ കുമാരിക്കൊപ്പമുള്ള ഓര്‍മ്മകള്‍ പങ്കുവച്ചാണ് മേയര്‍ ആര്യയുടെ ആശംസകള്‍. മേയറായി പുതിയ ചുമതല നല്‍കിയപ്പോള്‍ ഗീനാ കുമാരി ആദ്യം തന്നത് നല്ല ഒരു ചുരിദാറായിരുന്നു. താന്‍ കടന്നു പോകുന്ന ജീവിത സാഹചര്യമെന്തെന്ന് അന്നും ഇന്നും നന്നായി അറിയുന്നവരില്‍ ഒരാളാണ് അവരെന്നും ആര്യ പറഞ്ഞു. 

മേയര്‍ ആര്യയുടെ കുറിപ്പ്: ”തിരുവനന്തപുരം ജില്ലാ ഗവ. പ്ലീഡര്‍ ആയി നിയമിതയായ ഗീനചേച്ചിക്ക് ആശംസകള്‍. മേയറായി പാര്‍ട്ടി പുതിയ ചുമതല നല്കിയപ്പോള്‍ ഗീന ചേച്ചി ആദ്യം തന്നത് നല്ല ഒരു ചുരിദാറായിരുന്നു. ഞാന്‍ കടന്ന് പോകുന്ന ജീവിത സാഹചര്യമെന്തെന്ന് അന്നും ഇന്നും നന്നായി അറിയുന്നവരില്‍ ഒരാളാണ് ചേച്ചി. എന്റെ അമ്മയെ പോലെ കരുതലോടെ വാത്സല്യത്തോടെയുള്ള ചേച്ചിയുടെ പിന്തുണ എന്നും എനിക്കൊപ്പം ഉണ്ട്.

തന്റെ മുന്നില്‍ എത്തുന്ന ഓരോ മനുഷ്യരെയും ഗീന ചേച്ചി കാണുന്നത് അങ്ങനെ തന്നെ ആണ്. അല്പ ദിവസം മുന്‍പാണ് ഒരു സമരമുഖത്ത് സ്വന്തം തല തല്ലി പൊളിച്ച പോലീസ് ഉദ്യോഗസ്ഥന്‍ ക്ഷമ പറയാന്‍ വേണ്ടി കാണാന്‍ വന്ന കാര്യം ഗീന ചേച്ചി കുറിക്കുന്നത്. ഇങ്ങനെ എത്ര അനുഭവങ്ങള്‍. ഏറ്റെടുക്കുന്ന പുതിയ ഉത്തരവാദിത്തത്തിലും ചേച്ചിക്ക് എല്ലാ വിജയങ്ങളും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.”


തല തല്ലി പൊട്ടിച്ച പൊലീസുകാരന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വന്നു; ഗീനാ കുമാരിയുടെ കുറിപ്പ്  

1994ലെ വിദ്യാര്‍ത്ഥി സമര കാലഘട്ടത്തിലെ ജ്വലിക്കുന്ന മുഖമായിരുന്നു തലസ്ഥാനത്തെ എസ്എഫ്‌ഐ നേതാവായിരുന്ന ഗീനാ കുമാരി. സമരത്തിനിടെ പൊലീസ് മര്‍ദ്ദനത്തില്‍ തല പൊട്ടി ചോരയില്‍ കുളിച്ച് നില്‍ക്കുന്ന ഗീനയുടെ ചിത്രങ്ങള്‍ അന്ന് വലിയ കോളിളക്കങ്ങള്‍ സൃഷ്ടിച്ചിരുന്നു. ആ സംഭവം കഴിഞ്ഞ് 29 വര്‍ഷങ്ങള്‍ക്ക് ശേഷം ഗീനയെ മര്‍ദിച്ച പൊലീസുകാരന്‍ അവരെ നേരിട്ട് കാണാനെത്തി. കഥയിലെ നായികയും വില്ലനും കണ്ടുമുട്ടിയ വിവരം ഗീന തന്നെയാണ് കഴിഞ്ഞദിവസം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. 

ഗീനാ കുമാരിയുടെ പോസ്റ്റ് ഇങ്ങനെ: ”ഒരിക്കല്‍ പോലും കണ്ടുമുട്ടും എന്ന് പ്രതീക്ഷിക്കാത്ത ഒരാള്‍ എന്നെ കാണാന്‍ വന്നു. എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ടയാള്‍ തന്നെയാണ്. ആദ്യമായാണ് മുഖം കാണുന്നത്. എന്ത് പറയണമെന്ന് ആകെ കണ്‍ഫ്യൂഷന്‍ ആയിരുന്നു. ഇരുപതാം വയസ്സില്‍ തലതല്ലി പൊട്ടിച്ചയാള്‍. കുറ്റബോധത്തോടെ ,’ക്ഷമ ചോദിക്കുന്നു, പറ്റിപ്പോയി, മുപ്പതു വര്‍ഷമായി കൊണ്ടുനടക്കുന്ന ഉള്ളിലെ നീറ്റല്‍ നേരിട്ട് കണ്ട് പറയാനാണ് വന്നത്’.

ജോര്‍ജ്ജിന്റെ വാക്കുകള്‍ പതറുകയായിരുന്നു. 1994 നവംബര്‍ 15ന് ഉച്ചയ്ക്ക് 12.15 നായ് ജോര്‍ജ്ജിന്റെ ലാത്തി എന്റെ നെറ്റിയിലേക്ക് ആഞ്ഞു പതിച്ചത്. ട്രെയിനിംഗ് കഴിഞ്ഞു ഫീല്‍ഡില്‍ ലേക്ക് വന്ന പൊലീസ് തന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം ആണ് നടത്തിയത്. പശ്ചാത്തപിക്കാനൊന്നും ഇല്ല. ”

”ഞങ്ങളും പോരാട്ടഭൂമികയില്‍ അടിയുറച്ച് നിന്നിരുന്നു. അതിന്റെ ഫലമായി നേരിട്ട വിഷമതകള്‍ മാഞ്ഞു പോയിട്ടൊന്നും ഇല്ല. പൊലീസ് അസോസിയേഷന്‍ നേതാവ് സി.പി.ബാബുരാജിനൊപ്പം പാലക്കാട് നിന്നാണ് ജോര്‍ജ് വന്നത്. ദേശാഭിമാനി ഫോട്ടോഗ്രാഫര്‍ ആയിരുന്നു രാജേന്ദ്രന്‍ സഖാവിനെയും ഫോണില്‍ വിളിച്ച് സംസാരിച്ചു.

മെയ് മാസത്തില്‍ റിട്ടയര്‍ ചെയ്യുന്നതിന് മുമ്പായി നേരിട്ട് കാണണമെന്ന് നേരത്തെ സുബൈദ സഖാവ് Subaida Issac പറഞ്ഞിരുന്നെങ്കിലും ഞാനത് പ്രോത്സാഹിപ്പിച്ചില്ല.  എങ്കിലും ജോര്‍ജ് നിങ്ങള്‍ വന്നല്ലോ. വര്‍ഷങ്ങള്‍ക്ക് ശേഷം ഇത്രയും ഒന്നും വേണ്ടായിരുന്നു എന്നു തിരിച്ചറിഞ്ഞല്ലോ..നന്ദി.. സുഹൃത്തേ..”

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker