CrimeNews

കുറുപ്പന്തറയിൽ പോലീസിന്റെ വൻ കഞ്ചാവ് വേട്ട , ലോറിയിൽ നിന്നും 60 കിലോഗ്രാം കഞ്ചാവ് പിടികൂടി

കോട്ടയം:കുറുപ്പന്തറയിൽ വൻ കഞ്ചാവ് വേട്ട. നാഷണൽപെർമിറ്റ് ലോറിയിൽ കടത്തിക്കൊണ്ടു വന്ന അറുപത് കിലോ കഞ്ചാവുമായി രണ്ടു പേരെയാണ് ജില്ലാ പൊലീസ് മേധാവിയുടെ സ്‌പെഷ്യൽ സ്‌ക്വാഡും കടുത്തുരുത്തി പോലീസും ചേർന്നു പിടികൂടിയത്. നാഷണൽ പെർമിറ്റ് ലോറിയുടെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന കഞ്ചാവാണ് പോലീസ് സംഘം പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട് പേരൂർ ആലഞ്ചേരി തെള്ളകം കളപ്പുരയ്ക്കൽ വീട്ടിൽ ജോസ് (40), തലയാഴം തോട്ടകം തലപ്പുള്ളിൽ ഗോപു (27) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി ജി.ജയദേവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

ബുധനാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് കുറുപ്പന്തറ മാർക്കറ്റിനു സമീപത്തു വച്ച് ലോറിയിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തത്. ആന്ധ്രയിൽ നിന്നും ആർപ്പൂക്കരയിലെ കഞ്ചാവ് വിതരണ സംഘങ്ങൾക്കു വൻ തോതിൽ കഞ്ചാവ് എത്തുന്നതായി വൈക്കം ഡിവൈ.എസ്.പി സനിൽകുമാറിനു രഹസ്യ വിവരം ലഭിച്ചിരുന്നു.

ഇതേ തുടർന്നു ദിവസങ്ങളായി കടുത്തുരുത്തി പോലീസിന്റെ നേതൃത്വത്തിൽ പ്രദേശത്ത് രഹസ്യ നിരീക്ഷണം നടത്തി വരികയായിരുന്നു. ഇതിനിടെയാണ് ആന്ധ്രയിലേയ്ക്കു പൈനാപ്പിളുമായി പോയ ശേഷം മടങ്ങിയെത്തിയ നാഷണൽ പെർമിറ്റ് ലോറിയുടെ രഹസ്യ അറയിൽ കഞ്ചാവ് സൂക്ഷിച്ചിരിക്കുന്നതായി പൊലീസ് സംഘത്തിനു രഹസ്യ വിവരം ലഭിച്ചത്.
തുടർന്നു കടുത്തുരുത്തി സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ സി.എസ് ബിനു, എസ്.ഐ ടി.എസ് റെനീഷിന്റെ നേതൃത്വത്തിൽ ജില്ലാ പോലീസിന്റെ സ്‌പെഷ്യൽ സ്‌ക്വാഡ് അംഗങ്ങളായ ഗ്രേഡ് എസ്.ഐ വിജയപ്രസാദ്, എ.എസ്.ഐ സിനോയ്, സിവിൽ പൊലീസ് ഓഫിസർ അനീഷ്, രാഗേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കുറുപ്പന്തറ മാർക്കറ്റിൽ പരിശോധന നടത്തിയത്. ഇതോടെയാണ് നാഷണൽ പെർമിറ്റ് ലോറിയുടെ രഹസ്യ അറയിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തത്.

രണ്ടു കിലോ വീതമുള്ള മുപ്പത് പാഴ്‌സലുകളിലായാണ് കഞ്ചാവ് എത്തിച്ചിരുന്നത്. ആന്ധ്രയിൽ നിന്നുള്ള മലയാളി യുവാക്കളാണ് കഞ്ചാവ് കേരളത്തിലേയ്ക്കു കടത്തിക്കൊണ്ടു വന്നിരിക്കുന്നത്. അതിരമ്പുഴ, ആർപ്പൂക്കര പ്രദേശങ്ങളിൽ വിതരണത്തിന് എത്തിച്ചതാണ് കഞ്ചാവ് എന്നാണ് പോലീസിനു ലഭിച്ച വിവരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button