മദ്യക്കുപ്പി കൈക്കൂലിയായി വാങ്ങി : പരാതിക്കാരിയെ ലൈംഗിക ബന്ധത്തിന് ക്ഷണിച്ചു, കോട്ടയം ഗാന്ധിനഗറിൽ ഗ്രേഡ് എ എസ് ഐ വിജിലൻസ് പിടിയിൽ

കോട്ടയം : ഗാന്ധിനഗർ സി ഐ അവധിയിലായിരിക്കെ പരാതിക്കാരിയെ ലൈംഗിക ബന്ധത്തിന് ക്ഷണിക്കുകയും മദ്യക്കുപ്പി കൈക്കൂലിയായി വാങ്ങുകയും ചെയ്ത ഗ്രേഡ് എ എസ് എ വിജിലൻസ് പിടിയിൽ. ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ബിജുവിനെയാണ് വിജിലൻസ് സംഘം പിടികൂടിയത്.
കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ ടി ശ്രീജിത്ത് കഴിഞ്ഞ രണ്ടുദിവസമായി അവധിയിലായിരുന്നു. ഇതേ തുടർന്ന് സ്റ്റേഷനിലെത്തിയ പരാതിക്കാരിയെ ലൈംഗിക ബന്ധത്തിന് എ എസ് ഐ ക്ഷണിക്കുകയും മദ്യക്കുപ്പി കൈക്കൂലി ആയി ആവശ്യപ്പെടുകയും ആയിരുന്നു.
താൻ മുൻപ് പരാതി നൽകിയ കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ടാണ് പരാതിക്കാരി സ്റ്റേഷനിൽ എത്തിയത്. ഈ സമയം എസ് എച്ച് ഒ അവധിയിൽ ആയതിനാൽ ഗ്രേഡ് എ എസ് ഐ ആയ ബിജുവിനെയാണ് പരാതിക്കാരി കണ്ടത്. തുടർന്നാണ് ഇയാൾ പരാതിക്കാരിയെ ലൈംഗിക ബന്ധത്തിന് ക്ഷണിക്കുകയും മദ്യക്കുപ്പി കൈക്കൂലിയായി ആവശ്യപ്പെടുകയും ചെയ്തത്.
ഇതോടെ ഇവർ പരാതിയുമായി കോട്ടയം വിജിലൻസ് സംഘത്തെ സമീപിക്കുകയായിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ വിജിലൻസ് സംഘം നിർദ്ദേശിച്ചതനുസരിച്ച് പരാതിക്കാരി മദ്യക്കുപ്പിയുമായി മാന്നാനം ഭാഗത്ത് കാത്തുനിന്നപ്പോഴാണ് പ്രതി എത്തിയത്.
തുടർന്ന് ഇയാളെ മദ്യക്കുപ്പി സഹിതം വിജിലൻസ് സംഘം പിടികൂടി. തുടർനടപടികൾ പുരോഗമിച്ചു വരികയാണ്. ഇന്ന് വൈകിട്ട് എട്ടുമണിയോടുകൂടിയാണ് ഇയാളെ വിജിലൻസ് സംഘം പിടികൂടിയത്.