അമ്പലപ്പുഴ: തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മിക്കയിടത്തുനിന്നും കൗതുകകരമായ വാർത്തകളാണ് പുറത്തുവരുന്നത്. അത്തരത്തിലൊരു വാർത്തയാണ് അമ്പലപ്പുഴയിൽ നിന്നും പുറത്തുവരുന്നത്. അമ്പലപ്പുഴയിലെ എൽ ഡി എഫ് സ്ഥാനാർഥി എച്ച് സലാമിന്റെ തെരഞ്ഞെടുപ്പ് പോസ്റ്ററുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
ആദ്യഘട്ടത്തിൽ എച്ച് സലാമിന്റെ പോസ്റ്ററുകളിൽ ഒപ്പമുണ്ടായിരുന്നത് മന്ത്രി ജി സുധാകരന്റെ ചിത്രമായിരുന്നു. തെരഞ്ഞെടുപ്പ് അടുത്തതോടെ, നിറം മാറി. ജി സുധാകരനെ വെട്ടിമാറ്റി പകരം എ എം ആരിഫിനെ പ്രതിഷ്ഠിക്കുകയാണ് സഖാക്കൾ ചെയ്തത്. എച്ച് സലാമിനൊപ്പം സുധാകരന്റെ ചിത്രമുള്ള പോസ്റ്ററുകൾ വലിച്ചു കീറി ചവറ്റുകൊട്ടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണാം. ഇതിൻ്റെ വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു.
തുടർച്ചയായി രണ്ടു തവണ തെരഞ്ഞെടുപ്പിൽ വിജയിച്ചവർ ഇത്തവണ മാറി നിൽക്കട്ടെയെന്ന തീരുമാനത്തോടെ സീറ്റ് നിഷേധിക്കപ്പെട്ടയാളാണ് മന്ത്രി ജി സുധാകരൻ. മന്ത്രിയെ മത്സരിപ്പിക്കണമെന്ന് അമ്പലപ്പുഴയിലെ പ്രാദേശിക നേതാക്കൾ പോലും വാശി പിടിച്ചിരുന്നു. പക്ഷേ, പാർട്ടി തീരുമാനമാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. ഇതോടെ, സീറ്റ് മോഹം മന്ത്രിയും ഉപേക്ഷിക്കുകയായിരുന്നു.