KeralaNews

ഡീസലും സെഞ്ചുറിയിലേക്ക്; ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു

കൊച്ചി: കോവിഡില്‍ നട്ടംതിരിയുന്ന ജനത്തിന് ഇരുട്ടടിയായി ഇന്ധന വില. തുടര്‍ച്ചയായ പതിനഞ്ചാം ദിവസവും ഇന്ധനവില വര്‍ധിപ്പിച്ചു. ഇന്ന് ഡീസലിന് 37 പൈസയും പെട്രോളിന് 30 പൈസയുമാണ് വര്‍ധിപ്പിച്ചത്.

ഇതോടെ കൊച്ചിയില്‍ പെട്രോളിന് 103.97 രൂപയും ഡീസലിന് 97.39 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 105.78 രൂപയും ഡീസല്‍ 99.08 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 104.17 രൂപയും ഡീസലിന് 97.41 രൂപയുമാണ് വില. രണ്ടാഴ്ച കൊണ്ട് പെട്രോളിന് 2.37 രൂപയും ഡീസലിന് 3.42 രൂപയുമാണ് വര്‍ധിച്ചത്.

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വിലയിലും വര്‍ധന തുടരുകയാണ്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ ഇന്നലെയും വര്‍ധന ഉണ്ടായി. മൂന്നു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് ഇപ്പോള്‍ ക്രൂഡ് ഓയില്‍ വില. രാജ്യത്ത് ഇന്ധന വിലയില്‍ വരും ദിവസങ്ങളിലും വര്‍ധനയ്ക്ക് സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.

മുംബൈയിലും ഡീസല്‍ വില നൂറിനരികെയാണ്. ലിറ്ററിന് 99.92 ആണ് വില. പെട്രോള്‍ വില ലിറ്ററിന് 109.54 രൂപയാണ്. ഡല്‍ഹിയില്‍ പെട്രോളിന് 103.54 രൂപയും ഡീസലിന് 92.12 രൂപയുമായി വില. ഹൈദരാബാദില്‍ ഡീസല്‍ വില ഇന്നലെ നൂറ് കടന്നിരുന്നു.

അതേസമയം, കല്‍ക്കരി ക്ഷാമത്തിന് പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. കല്‍ക്കരി വകുപ്പ് സെക്രട്ടറി അനില്‍ കുമാര്‍ ജെയിന്റെ നേതൃത്വത്തില്‍ കല്‍ക്കരി വ്യവസായ സംഘടനയുടെ യോഗം ചേര്‍ന്നു. കല്‍ക്കരി സംഭരണ ചട്ടങ്ങള്‍ ലളിതമാക്കാന്‍ യോഗം തീരുമാനിച്ചു.

കല്‍ക്കരി ക്ഷാമം രാജ്യത്തെ വൈദ്യുതി ഉത്പാദനത്തെ അടക്കം ബാധിക്കുന്ന വിധത്തില്‍ രൂക്ഷമായതോടെയാണ് കേന്ദ്ര ഇടപെടല്‍. കല്‍ക്കരി ക്ഷാമത്തിന് പിന്നാലെ സിമന്റ്, അലൂമിനിയം ഉത്പാദനം രാജ്യത്ത് കടുത്ത പ്രതിസന്ധിയിലായി. 150 രൂപയുടെ വര്‍ധനയാണ് ഒരാഴ്ചക്കിടെ സിമന്റ് വിലയില്‍ ഉണ്ടായിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button