CrimeNationalNews

പ്രണയത്തെ എതിർത്തു, അച്ഛനെ കൊല്ലാനുള്ള ക്വട്ടേഷന് മകൾ നൽകിയത് വജ്രമോതിരം

ജംഷേദ്പുര്‍: ജാര്‍ഖണ്ഡിലെ ആദിത്യപുരില്‍ വ്യവസായിയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ മകള്‍ ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. വ്യവസായിയായ കനയ്യസിങ്ങിനെ കൊലപ്പെടുത്തിയ കേസിലാണ് മൂത്തമകള്‍ അപര്‍ണ(19) കാമുകനായ രജ് വീര്‍(21) നിഖില്‍ ഗുപ്ത, സൗരഭ് കിസ്‌കു എന്നിവരെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. മകളുടെ പ്രണയം എതിര്‍ത്തതാണ് കൊലപാതകത്തിന് കാരണമായതെന്നും കേസിലെ രണ്ട് പ്രതികള്‍ ഒളിവിലാണെന്നും പോലീസ് പറഞ്ഞു.

ജൂണ്‍ 30-ാം തീയതിയാണ് ഹരി ഓംനഗറിലെ അപ്പാര്‍ട്ട്‌മെന്റിന് പുറത്തുവെച്ച് കനയ്യസിങ് കൊല്ലപ്പെട്ടത്. വാഹനത്തിലെത്തിയ മൂന്നംഗസംഘം കനയ്യസിങ്ങിന് നേരേ വെടിയുതിര്‍ത്ത ശേഷം രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ച പോലീസിന് ആദ്യദിവസങ്ങളില്‍ കടുത്ത വെല്ലുവിളികളാണ് നേരിടേണ്ടിവന്നത്. സംഭവസ്ഥലത്തും സമീപത്തും സിസിടിവി ക്യാമറകള്‍ ഇല്ലാതിരുന്നതും ദൃക്‌സാക്ഷികള്‍ ഇല്ലാത്തതും അന്വേഷണത്തിന് വെല്ലുവിളിയായി. തുടര്‍ന്നാണ് കനയ്യസിങ്ങിന്റെ മകളിലേക്ക് അന്വേഷണം എത്തിയത്.

കനയ്യസിങ്ങിന്റെ മകള്‍ അപര്‍ണയും രജ് വീറും കഴിഞ്ഞ അഞ്ചുവര്‍ഷമായി പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഈ ബന്ധത്തെ കനയ്യസിങ് ശക്തമായി എതിര്‍ത്തിരുന്നു. മകളുമായുള്ള അടുപ്പത്തിന്റെ പേരില്‍ രജ് വീറിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതേത്തുടര്‍ന്ന് രജ് വീറും കുടുംബവും ആദിത്യപുരിലെ മറ്റൊരിടത്തേക്ക് താമസംമാറ്റി.

രജ് വീറുമായുള്ള പ്രണയം അറിഞ്ഞതോടെ മറ്റൊരാളുമായി മകളുടെ വിവാഹം നടത്താനായിരുന്നു കനയ്യസിങ്ങിന്റെ ശ്രമം. വീട്ടില്‍ വിവാഹാലോചനകള്‍ തുടങ്ങിയതോടെയാണ് പിതാവിനെ വകവരുത്താന്‍ അപര്‍ണ തീരുമാനിച്ചത്. ഇക്കാര്യം കാമുകനോട് അവതരിപ്പിച്ച യുവതി പിന്നാലെ കൊലപാതകത്തിനുള്ള ആസൂത്രണവും ആരംഭിച്ചു.

കാമുകന്റെ സഹായത്തോടെയാണ് നിഖില്‍ ഗുപ്ത, രവി സര്‍ദാര്‍, ഛോട്ടു ഡിഗ്ഗി എന്നിവരെ ക്വട്ടേഷന്‍ ഏല്‍പ്പിച്ചത്. ക്വട്ടേഷന്‍ സംഘത്തിന് തന്റെ വജ്രമോതിരവും പണവും അഡ്വാന്‍സായി നല്‍കി. ഇതിനിടെ, രജ് വീര്‍ സൗരഭ് കിസ്‌കു എന്നയാളുടെ സഹായത്തോടെ 8500 രൂപയ്ക്ക് ബിഹാറില്‍നിന്ന് നാടന്‍ തോക്കും സംഘടിപ്പിച്ചു.

ജൂണ്‍ 20-ാം തീയതി കൃത്യം നടത്താനായിരുന്നു പ്രതികളുടെ ആദ്യതീരുമാനം. പിതാവ് പോകുന്ന സ്ഥലങ്ങളെക്കുറിച്ചെല്ലാം അപര്‍ണ കൃത്യമായി മറ്റുള്ളവര്‍ക്ക് വിവരങ്ങള്‍ കൈമാറിയിരുന്നു. എന്നാല്‍ ജൂണ്‍ 20-ാം തീയതിയിലെ പദ്ധതി സംഘത്തിന് നടപ്പാക്കാനായില്ല. തുടര്‍ന്നാണ് 29-ാം തീയതി ആദിത്യപുരിലെ അപ്പാര്‍ട്ട്‌മെന്റില്‍വെച്ച് കൃത്യം നടത്തിയത്.

ക്വട്ടേഷന്‍ സംഘാംഗങ്ങളായ നിഖില്‍ ഗുപ്ത, രവി സര്‍ദാര്‍, ഛോട്ടു ഡിഗ്ഗി എന്നിവരാണ് കനയ്യസിങ്ങിന് നേരേ വെടിയുതിര്‍ത്തത്. സംഭവത്തിന് ശേഷം മൂവരും വ്യത്യസ്ത സ്ഥലങ്ങളിലായി ഒളിവില്‍പോയി. ഇവരില്‍ നിഖില്‍ ഒഴികെ ബാക്കി രണ്ടുപേരും ഇപ്പോഴും ഒളിവിലാണ്.

കൃത്യം നടത്താന്‍ ഉപയോഗിച്ച നാടന്‍തോക്കും വെടിയുണ്ടകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. സംഭവസമയം നിഖില്‍ ഗുപ്ത ധരിച്ച വസ്ത്രവും ഇയാളുടെ നാല് മൊബൈല്‍ ഫോണുകളും കണ്ടെടുത്തു. നേരത്തെ അപര്‍ണ നല്‍കിയ വജ്രമോതിരവും നാലായിരം രൂപയും ഇയാളില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. അഡ്വാന്‍സായാണ് മോതിരവും പണവും നല്‍കിയതെന്നും കൊലപാതകത്തിന് ശേഷം കൂടുതല്‍ പണം നല്‍കാമെന്ന് അപര്‍ണയും രജ് വീറും പറഞ്ഞിരുന്നതായും നിഖില്‍ ഗുപ്ത പോലീസിന് മൊഴിനല്‍കി.

അറസ്റ്റിലായ സൗരഭ് കിസ്‌കു കോണ്‍ഗ്രസിന്റെ ജില്ലാ നേതാവ് ഛോത്രെ കിസ്‌കുവിന്റെ മകനാണ്. ഗൂഢാലോചനയിലും തോക്ക് സംഘടിപ്പിച്ച് നല്‍കിയതിലും പങ്കുണ്ടെന്ന് കണ്ടെത്തിയതിനാലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതികളെ പിടികൂടിയ പ്രത്യേക അന്വേഷണംഘത്തിന് തക്കതായ പാരിതോഷികം നല്‍കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button