ചവറയില്‍ വാഹനാപകടം: നാല് മത്സ്യത്തൊഴിലാളികള്‍ മരിച്ചു

കൊല്ലം: ചവറയിൽ വാഹനാപകടത്തിൽ നാല് മത്സ്യത്തൊഴിലാളികൾ മരിച്ചു. 22 പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. പുലർച്ചെ 12.30 ഓടെയായിരുന്നു സംഭവം. വിഴിഞ്ഞത്ത് നിന്ന് ബേപ്പൂരിലേക്ക് മത്സ്യബന്ധനത്തിനായി പോയ തൊഴിലാളികളാണ് അപകടത്തിൽ പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന വാൻ നീണ്ടകരയിലേക്ക് മത്സ്യം എടുക്കാനായി പോയ ലോറിയിലിടിച്ചാണ് അപകടം. 34 പേരാണ് അപകടത്തിൽ പെട്ട വാനിലുണ്ടായിരുന്നത്.

പുല്ലുവിള സ്വദേശികളായ കരുണാംബരം(56) ബർക്കുമൻസ്(45), വിഴിഞ്ഞം സ്വദേശി ജസ്റ്റിൻ(56), തമിഴ്നാട് സ്വദേശി ബിജു(35) എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.

ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ 22 പേരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
അപകടത്തിൽ പെട്ടവരിൽ 12 പേർ തമിഴ്നാട് സ്വദേശികളാണ്. മാർത്താണ്ഡം സ്വദേശി റോയി, വിഴിഞ്ഞം സ്വദേശി വർഗീസ് എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്.