ഹൈദരാബാദ്: ഭാര്യയെ കൊലപ്പെടുത്തി വെട്ടിനുറുക്കി കഷ്ണങ്ങളാക്കി പ്രഷർ കുക്കറിലിട്ട് പാചകം ചെയ്ത ഭർത്താവ് അറസ്റ്റിൽ. 36കാരിയായ വെങ്കട്ട മാധവിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ ഹൈദരാബാദ് സ്വദേശിയായ ഗുരു മൂർത്തിയാണ്(45) അറസ്റ്റിലായത്. കൊലപാതകം മറച്ചു വയ്ക്കുന്നതിനുവേണ്ടിയാണ് ഇയാൾ ഭാര്യയെ കഷ്ണങ്ങളാക്കി പാചകം ചെയ്തത്. ദിവസങ്ങൾക്ക് മുൻപ് ഗുരു മൂർത്തി, ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് അന്വേഷണം നടക്കുന്നതിനിടയിലാണ് സത്യം പുറത്തുവന്നത്.
ജനുവരി 16 മുതലാണ് വെങ്കട്ട മാധവിയെ കാണാതായത്. അന്വേഷണത്തിനിടയിൽ സംശയം തോന്നിയതോടെയാണ് ഗുരു മൂർത്തിയെ പൊലീസ് ചോദ്യം ചെയ്തത്. ഒടുവിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. മാധവിയെ കൊലപ്പെടുത്തിയ രീതിയും തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതിനെക്കുറിച്ചും ഗുരു മൂർത്തി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. അതേസമയം, കൊലപാതകം ചെയ്യാനിടയായ സാഹചര്യത്തെക്കുറിച്ചുളള വിവരങ്ങളൊന്നും പൊലീസ് പുറത്തുവിട്ടിട്ടില്ല.
തെളിവുകൾ ഇല്ലാതാക്കാനാണ് മൃതദേഹം കഷണങ്ങളാക്കി മുറിച്ച് കുക്കറിൽ വേവിച്ചതെന്നാണ് ഇയാളുടെ പ്രതികരണം. ‘‘ശുചിമുറിയിൽ വച്ചായിരുന്നു ശരീരം വെട്ടിനുറുക്കിയത്. ഭാഗങ്ങൾ പ്രഷർ കുക്കറിൽ വച്ചു വേവിച്ചു. പിന്നീട് അസ്ഥികൾ വേർപെടുത്തി. ഉലക്ക ഉപയോഗിച്ചു കുത്തിപ്പൊടിച്ചു വീണ്ടും വേവിച്ചു. മൂന്നുദിവസത്തോളം പലവട്ടം മാംസവും അസ്ഥികളും വേവിച്ചശേഷം പായ്ക്ക് ചെയ്ത് മീർപേട്ട് തടാകത്തിൽ ഉപേക്ഷിച്ചു’’ – ഗുരുമൂർത്തി പൊലീസിനോടു പറഞ്ഞു.
ബുധനാഴ്ച രാത്രി വരെ തടാകത്തിൽനിന്ന് മൃതദേഹാവശിഷ്ടങ്ങളൊന്നും കണ്ടെടുക്കാനായിട്ടില്ല. വിശാലമായ തിരച്ചിലിന് പരിശോധക സംഘങ്ങളും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തിയതായി പൊലീസ് അറിയിച്ചു.
13 വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. ഹൈദരാബാദിലെ ജില്ലേലഗുഡയിലാണ് താമസം. ഇവരുടെ രണ്ടു കുട്ടികളും സംഭവദിവസം മാധവിയുടെ സഹോദരിയുടെ വീട്ടിൽ പോയിരിക്കുകയായിരുന്നു.സൈനികനായിരുന്ന ഇയാൾ നിലവിൽ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷനിൽ സെക്യൂരിറ്റി ഉദ്യോഗസ്ഥനയാണ് ജോലി ചെയ്യുന്നത്.