കൊച്ചി: ബോബി ചെമ്മണ്ണൂര്‍ – ഹണി റോസ് വിവാദത്തിനിടെ പുതിയ വെളിപ്പെടുത്തലുമായി മുന്‍ ഡിജിപി ആര്‍ ശ്രീലേഖ. ചെമ്മണ്ണൂര്‍ ജ്വല്ലറിയില്‍ നിന്ന് തനിക്കുണ്ടായ ദുരനുഭവത്തെ കുറിച്ചാണ് സസ്‌നേഹം ശ്രീലേഖ എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ ശ്രീലേഖ പങ്ക് വെക്കുന്നത്.
കുട്ടിക്കാലത്ത് ചെമ്മണ്ണൂര്‍ ജ്വല്ലറിയില്‍ നിന്ന് വ്യാജ സ്വര്‍ണം തന്ന് തന്നെ പറ്റിച്ചിട്ടുണ്ട് എന്നാണ് ശ്രീലേഖ പറയുന്നത്. പിന്നീട് ചെമ്മണ്ണൂര്‍ ജ്വല്ലേഴ്‌സില്‍ കയറിയിട്ടില്ല എന്നും അവര്‍ വ്യക്തമാക്കി. ഇത് കൂടാതെ താന്‍ സര്‍വീസിലായിരിക്കുന്ന സമയത്ത് ചെമ്മണ്ണൂര്‍ ഉടമയ്‌ക്കെതിരെ ലൈംഗിക പീഡന പരാതിയും ലഭിച്ചിരുന്നു എന്നും ശ്രീലേഖ പറഞ്ഞു. ശ്രീലേഖയുടെ വാക്കുകള്‍ ഇങ്ങനെയാണ്…
എനിക്കാണെങ്കില്‍ മഞ്ഞനിറമുള്ള സ്വര്‍ണത്തിനോട് ഒട്ടും പ്രിയമില്ല. പക്ഷെ സ്വര്‍ണം ധരിക്കണം എന്ന നിര്‍ബന്ധം നിലനില്‍ക്കുന്നത് കൊണ്ട് ഞാന്‍ പറയും എനിക്ക് ഏറ്റവും നേരിയ മാല മതി എന്ന്. അങ്ങനെ കിട്ടുന്ന ഒരു കട അന്വേഷിച്ചപ്പോള്‍ കിഴക്കെക്കോട്ടയിലുള്ള ചെമ്മണ്ണൂര്‍ ജ്വല്ലേഴ്‌സില്‍ കിട്ടും എന്ന് അറിഞ്ഞു. അങ്ങനെ ഞാനും അമ്മയും ചേച്ചിമാരും കൂടി അവിടെ പോയി.
അങ്ങനെ ചെമ്മണ്ണൂര്‍ ജ്വല്ലേഴ്‌സില്‍ നിന്ന് വളരെ നേരിയ ഒരു സ്വര്‍ണമാല വാങ്ങിയിട്ടാണ് കോളേജില്‍ പോകുന്നത്. അധികം വൈകാതെ അത് പൊട്ടിപ്പോയി. സ്വര്‍ണം പൊട്ടാറില്ലല്ലോ. അപ്പോള്‍ അങ്ങനെ ഒരു സംശയത്തില്‍ അത് പിന്നീട് മാറ്റാം എന്ന് വെച്ച് പെട്ടിക്ക് അകത്ത് വെച്ചു. കുറെ നാളുകള്‍ക്ക് ശേഷം ഞങ്ങള്‍ ചെമ്മണ്ണൂരില്‍ വീണ്ടും ഒരു പര്‍ച്ചേസിന് പോയപ്പോള്‍ ഈ സാധനം കൊടുത്തിട്ട് പറഞ്ഞു, ഇത് ഇവിടുന്ന് വാങ്ങിയതാണ് ഇതൊന്ന് എക്‌സ്‌ചേഞ്ച് ചെയ്ത് തരികയോ നന്നാക്കി തരികയോ വേണം എന്ന് പറഞ്ഞു.
അപ്പോള്‍ ഇത് നോക്കിയ ആള്‍ പറഞ്ഞു ഇത് സ്വര്‍ണമല്ല, ചെമ്പാണ് എന്ന് പറഞ്ഞു. ഇതിന് അകത്ത് 18 കാരറ്റ് പോലും സ്വര്‍ണമില്ല എന്ന് പറഞ്ഞു. ഞാന്‍ പറഞ്ഞു, ഇതിവിടെ നിന്ന് വാങ്ങിച്ചതാണ്, ഞാനിട്ട് കൊണ്ട് നടന്നതാണ് എന്ന്. പക്ഷെ അവര്‍ യാതൊരു കാരണവശാലും അംഗീകരിക്കുന്നില്ല. അപ്പോള്‍ ഞാന്‍ വേറൊരു സാധനം കൂടിയുണ്ടായിരുന്നു ചെമ്മണ്ണൂരില്‍ നിന്ന് വാങ്ങിയത്, ജമിക്കിയും വളയും. അതെടുത്ത് നോക്കാന്‍ പറഞ്ഞപ്പോള്‍ ഇതും ചെമ്പാണ് എന്ന് പറഞ്ഞു.
പുതിയ സ്വര്‍ണം വാങ്ങിക്കണമെങ്കില്‍ സ്വര്‍ണത്തിന്റെ മുഴുവന്‍ വിലയും കൊടുക്കണം എന്ന് പറഞ്ഞു. ബില്ലുണ്ടെങ്കില്‍ കാണിക്കാനും പറഞ്ഞു. ഞാന്‍ അന്ന് ബില്ലൊന്നും സൂക്ഷിച്ച് വെച്ചിരുന്നില്ല. അതിന് ശേഷം അവിടെ നിന്നിറങ്ങി. പിന്നെ ഞാന്‍ ചെമ്മണ്ണൂര്‍ ജ്വല്ലേഴ്‌സിലേക്ക് കയറിയിട്ടേ ഇല്ല. കാരണം അവര്‍ സ്വര്‍ണത്തിന്റെ വിലയും വാങ്ങിച്ച് സ്വര്‍ണം എന്ന് പറഞ്ഞ് തന്നത് ചെമ്പാണ് എന്നതിനാല്‍.
എനിക്ക് തന്നെ പറ്റിയ തെറ്റാണത്. കാരണം വളരെ കനം കുറഞ്ഞ മാലയൊക്കെ കിട്ടും എന്ന് പറഞ്ഞത് കൊണ്ട് പോയതാണ്. ഇത് പറ്റിച്ചു എന്ന് എനിക്ക് വ്യക്തമായി. അങ്ങനെ എനിക്ക് അത് കളയേണ്ടി വന്നു, കാരണം പിന്നെ എനിക്ക് അതൊന്നും ചെയ്യാന്‍ പറ്റില്ല. പിന്നീട് കുറെ വര്‍ഷങ്ങള്‍ക്ക് ശേഷം എറണാകുളം റേഞ്ച് ഡി ഐ ജിയായിട്ടിരിക്കുമ്പോഴാണ് വീണ്ടും ചെമ്മണ്ണൂര്‍ ജ്വല്ലേഴ്‌സ് എന്ന് കേള്‍ക്കുന്നത്.
പടങ്ങളിലും പത്രങ്ങളിലും പരസ്യങ്ങള്‍ കാണുമ്പോള്‍ തോന്നും ആളുകളെ പറ്റിക്കാനായിട്ട് പരസ്യങ്ങള്‍ കൊടുക്കുന്നുണ്ടല്ലോ എന്ന്. ആയിടെ ഒരു പെണ്‍കുട്ടി എന്റെ അടുത്ത് വന്ന് മാഡം എനിക്കൊരു കാര്യം പറയാനുണ്ട് എന്ന് പറഞ്ഞു വന്നു. ആ കുട്ടി എറണാകുളത്തെ ചെമ്മണ്ണൂരില്‍ സെയില്‍സ് ഗേളാണ് എന്ന് പറഞ്ഞു. അതിന്റെ കുറെ ദുരനുഭവം വിവരിക്കാന്‍ തുടങ്ങി. അതിന്റെ ഉടമസ്ഥനായിട്ടുള്ള ആള്‍ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നു എന്നാണ് പറഞ്ഞത്.
അയാളെ വിശ്വസിച്ചാണ് കൂടെ പോയിരുന്നത് എന്നും പിന്നീടാണ് വഞ്ചിക്കുകയാണ് എന്ന് മനസിലായത് എന്നുമാണ് ആ പെണ്‍കുട്ടി പറഞ്ഞത്. വേറെയും പല സെയില്‍സ് ഗേളിനും ദുരനുഭവമുണ്ടായിട്ടുണ്ട് എന്ന് പറഞ്ഞു. അപ്പോള്‍ ഞാന്‍ പറഞ്ഞു ശരി നമുക്കെന്നാല്‍ കേസെടുക്കാം എന്ന്. പണ്ട് എന്നെ വ്യാജ സ്വര്‍ണം തന്ന് പറ്റിച്ച സ്ഥാപനത്തിന്റെ ഉടമയാണല്ലോ എന്നതിനാല്‍ കേസെടുക്കാന്‍ എനിക്കും ഉത്സാഹമായി.
പക്ഷെ ഈ പെണ്‍കുട്ടി കേസെടുക്കാന്‍ സമ്മതിച്ചില്ല. വീട്ടുകാര്‍ അറിഞ്ഞാല്‍ പ്രശ്‌നമാകും എന്നും തനിക്ക് ഇനിയൊരു വിവാഹജീവിതം ഉണ്ടാകില്ല എന്നുമെല്ലാം ആ പെണ്‍കുട്ടി ഭയപ്പെട്ടു. അങ്ങനെ പരാതി നല്‍കാന്‍ ആ കുട്ടി തയ്യാറായില്ല,’ ശ്രീലേഖ പറഞ്ഞു.