തിരുവനന്തപുരം: തലസ്ഥാനത്ത് ഫോര്‍മാലിന്‍ ചേര്‍ത്ത 663 കിലോ മത്സ്യങ്ങളും 1122 കിലോ പഴകിയ മത്സ്യങ്ങളും പിടിച്ചെടുത്തു. നഗരത്തിലെ മത്സ്യ മാര്‍ക്കറ്റുകളില്‍ കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് ഫോര്‍മലിന്‍ കലര്‍ന്ന 663 കിലോഗ്രാം മത്സ്യവും പഴകിയ 1122 കിലോ മത്സ്യവും പിടിച്ചെടുത്തത്. ശ്രീകാര്യം, പാങ്ങോട്, കഴക്കൂട്ടം, കേശവദാസപുരം, പാപ്പനംകോട്, പാളയം, പേരൂര്‍ക്കട, മുക്കോല, ഉള്ളൂര്‍ നീരാഴി, മണക്കാട്, കുത്തുകല്ലുംമൂട് മാര്‍ക്കറ്റുകളിലായിരുന്നു പരിശോധന.
അതേസമയം, മത്സ്യം കേടുകൂടാതെ ഏറെക്കാലം സൂക്ഷിക്കുന്നതിന് ഉപയോഗിക്കുന്നതും ശരീരത്തിനു ഹാനികരവുമായ അമോണിയ പിടിച്ചെടുത്ത മത്സ്യങ്ങളില്‍ കണ്ടെത്തിയിട്ടില്ലെന്നു മേയര്‍ കെ. ശ്രീകുമാര്‍ അറിയിച്ചു. മൊത്ത വിതരണ കേന്ദ്രങ്ങളിലേക്കു മറ്റു സംസ്ഥാനങ്ങളില്‍ നിന്നു മത്സ്യവുമായെത്തിയ വാഹനങ്ങളിലും പരിശോധന നടത്തി. ഇവയില്‍ നിന്നാണു ഫോര്‍മലിന്‍ കലര്‍ന്ന മത്സ്യം കൂടുതല്‍ പിടിച്ചെടുത്തത്.