KeralaNews

കാട്ടുപന്നിശല്യം; കേന്ദ്രസര്‍ക്കാരിനെ സമീപിക്കാനൊരുങ്ങി വനം മന്ത്രി

കോഴിക്കോട്: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി വനം മന്ത്രി കേന്ദ്രസര്‍ക്കാരിനെ സമീപിക്കുന്നു. കാര്‍ഷിക വിളകള്‍ക്കു പുറമേ കാട്ടുപന്നികള്‍ മനുഷ്യര്‍ക്കു കൂടി ഭീഷണിയായി മാറുന്ന സാഹചര്യത്തിലാണ് കേന്ദ്രവനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവുമായി കൂടിക്കാഴ്ച നടത്താന്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ ഡല്‍ഹിയിലേക്കു പോകുന്നത്.

തിങ്കളാഴ്ചയാണു കൂടിക്കാഴ്ച. ഞായറാഴ്ച വൈകുന്നേരം ഡല്‍ഹിയിലേക്കു പുറപ്പെടുന്ന മന്ത്രിക്കൊപ്പം പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹയും വനംവകുപ്പു മേധാവി പി.കെ. കേശവനും ഉണ്ടാകും. കാട്ടുപന്നിയെ വെടിവച്ചുകൊല്ലാന്‍ എംപാനല്‍ ചെയ്ത കര്‍ഷകര്‍ക്കാണ് അനുമതി നല്‍കിയത്. എന്നാല്‍ ശല്യം രൂക്ഷമായി തുടരുകയാണ്. കാട്ടുപന്നി വിഷയവുമായി ബന്ധപ്പെട്ട് കത്തിലൂടെയായിരുന്നു കാര്യങ്ങള്‍ വിശദീകരിച്ചത്.

നേരിട്ടുള്ള കൂടിക്കാഴ്ചയില്‍ കാര്യങ്ങള്‍ വിശദീകരിക്കുകയാണ് യാത്രയുടെ ഉദ്ദേശ്യമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ ദീപികയോടു പറഞ്ഞു. അഞ്ചുവര്‍ഷത്തിനുള്ളില്‍ കൃഷിനാശം വരുത്തിയ 10,335 സംഭവമുണ്ടായെന്നും വനംവകുപ്പ് 5.54 കോടി രൂപ കര്‍ഷകര്‍ക്കു നഷ്ടപരിഹാരമായി നല്‍കിയെന്നും നാലുപേര്‍ മരിച്ചെന്നുമുള്ള കണക്കുകള്‍ നിരത്തിയാണ് കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്നത്.

കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്നും കൊല്ലുന്നതിന് അനുമതി നല്‍കണമെന്നുമാവശ്യപ്പെട്ടു കഴിഞ്ഞ വര്‍ഷം സംസ്ഥാന വനംവകുപ്പു കേന്ദ്രത്തിനു ശിപാര്‍ശ സമര്‍പ്പിച്ചിരുന്നു.എന്നാല്‍ ഈ ആവശ്യം കേന്ദ്രം അംഗീകരിച്ചിരുന്നില്ല. ഈ വര്‍ഷം ജൂണില്‍ വീണ്ടും ശിപാര്‍ശ നല്‍കിയിരുന്നെങ്കിലും വിശദവിവരങ്ങള്‍ കേന്ദ്രം ആവശ്യപ്പെടുകയായിരുന്നു.

തുടര്‍ന്നാണ് കണക്കുകള്‍ കൂടി ഉള്‍പ്പെടുത്തി വീണ്ടും കേന്ദ്രത്തെ സമീപിക്കുന്നത്. ജാഗ്രതാസമിതികള്‍ ചേര്‍ന്ന് എംപാനല്‍ ചെയ്ത കര്‍ഷകര്‍ക്ക് ഇപ്പോള്‍ വെടിവെച്ചുകൊല്ലാമെങ്കിലും വനംവകുപ്പിനെ അറിയിച്ച് മഹസര്‍ തയാറാക്കുകയും അവരുടെ അനുമതിയോടെ മറവുചെയ്യുകയും വേണം. തോക്കുപയോഗിക്കാന്‍ ലൈസന്‍സ് ഉള്ളവര്‍ക്കെ വെടിവയ്ക്കാന്‍ അനുമതിയുള്ളൂ. കടുത്ത നിയമമായതിനാല്‍ പലരും വെടിവച്ചുകൊല്ലാന്‍ മടിക്കുന്ന സാഹചര്യമാണുള്ളത്.

1972-ലെ വന്യജീവി സംരക്ഷണനിയമത്തിലെ പട്ടിക മൂന്നില്‍നിന്നു പട്ടിക അഞ്ചിലേക്കുമാറ്റി കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചാല്‍ കര്‍ഷകര്‍ക്കു നടപടിക്രമങ്ങളില്ലാതെ വെടിവച്ചുകൊല്ലാം. ഈ ആവശ്യമാണ് മന്ത്രിയും സംഘവും കേന്ദ്രത്തിനു മുന്നില്‍ അവതരിപ്പിക്കുക. ഇതിനു പുറമേ കേരളത്തില്‍ ദേശീയ നിലവാരത്തിലുള്ള വനംപരിശീലന കേന്ദ്രം അനുവദിക്കുന്നതു സംബന്ധിച്ചും ആവശ്യപ്പെടുമെന്നാണ് വിവരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker