ടൊറന്റോ::കാനഡയിലെ ഭാരിച്ച ചിലവുകളില്‍ ആശ്വാസം കണ്ടെത്തുന്നതിനായി കുടിയേറ്റക്കാരായ വിദ്യാർത്ഥികള്‍ പലവിധത്തിലുള്ള ആശ്വാസങ്ങള്‍ കണ്ടെത്താറുണ്ട്. ചാരിറ്റി ഫുഡ് ബാങ്കുകളിൽ സൗജന്യ പലചരക്ക് സാധനങ്ങൾ എടുത്ത് ഉപയോഗിക്കുക എന്നുള്ളതാണ് ഇതില്‍ ഏറ്റവും പ്രധാനം. ഇതിലൂടെ വലിയ തോതില്‍ പണം മിച്ചം പിടിക്കാന്‍ സാധിക്കുന്നവരുമുണ്ട്
എന്നാല്‍ ഇപ്പോഴിതാ ഈ ആശ്വാസത്തിന് പൂട്ടുവീണിരിക്കുകയാണ്. അതിന് കാരണക്കാർ ആയതാവട്ടെ മലയാളികള്‍ അടക്കമുള്ള കുടിയേറ്റക്കാരാണ് എന്നതാണ് സത്യം. ചാരിറ്റി ഫുഡ് ബാങ്കുകളിൽ വിദേശ വിദ്യാർത്ഥികള്‍ പ്രവേശിക്കരുതെന്ന ബോർഡുകള്‍ കാനഡയിലുടനീളം പ്രത്യക്ഷപ്പെട്ട് തുടങ്ങിയെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
ഇത്രയും കാലം വിദേശ വിദ്യാർത്ഥികള്‍ക്കും ഇത്തരം സ്ഥാപനങ്ങള്‍ സാധനങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ അർഹരായവർക്ക് കിട്ടേണ്ട ആനുകൂല്യം വിദേശത്ത് നിന്ന് എത്തുന്നവർ ചൂഷണം ചെയ്യുന്നുവെന്ന ആരോപണം കനേഡിയന്‍ ജനവിഭാഗത്തില്‍ നിന്നും ശക്തമായിരുന്നു. ഇത്തരത്തില്‍ ഭക്ഷണ സാധനങ്ങള്‍ ലഭിക്കുന്നതിനെക്കുറിച്ച് മലയാളികള്‍ ഉള്‍പ്പെടെ യൂട്യൂബ് വീഡിയോകളും ചെയ്തിരുന്നു.
കാനഡയില്‍ എങ്ങനെ സൌജന്യ ഭക്ഷണം ലഭിക്കും’, ‘ഇതാ ഇവിടെ വരൂ ഫ്രീയായി ഭക്ഷണം കിട്ടും’ തുടങ്ങിയ തബ്നെയില്‍ സഹിതമായിരുന്നു മലയാളികള്‍ അടക്കമുള്ളവരുടെ വീഡിയോകള്‍. ഈ വീഡിയോകള്‍ അടക്കം തെളിവായി സ്വീകരിച്ചുകൊണ്ട് കാനഡയിലെ ഇന്‍ഫ്ലൂവന്‍സർമാർ കുടിയേറ്റ വിദ്യാർത്ഥികള്‍ക്കെതിരെ ശക്തമായ വികാരമായിരുന്നു ഉയർത്തിയിരുന്നത്. ഇതിന് എല്ലാത്തിനും ഒടുവിലാണ് വിദേശ വിദ്യാർത്ഥികള്‍ പ്രവേശിക്കരുതെന്ന ബോർഡുകള്‍ ചാരിറ്റി ഭക്ഷണ വിതരണ കേന്ദ്രങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്.
കോളേജുകളും വിദ്യാർത്ഥികള്‍ക്ക് നിർദേശവുമായി എത്തിയിട്ടുണ്ട്. ഫുഡ് ബാങ്കുകൾ സമൂഹത്തിലെ ഏറ്റവും ദുർബലരായവരെ ഉദ്ദേശിച്ചുള്ളതാണ്, അത് ദുരുപയോഗം ചെയ്യരുതെന്നുമാണ് കോളേജുകളിൽ നിന്നും നല്‍കിയ നോട്ടീസില്‍ പറയുന്നത്. ഒന്റാറിയോയിലെ ഒരു ഫുഡ് ബാങ്ക് ഫാൻഷാവേ കോളേജിൽ നിന്നുള്ള വിദ്യാർത്ഥികളുടെ തിരക്ക് കാരണം പെട്ടെന്ന് കാലിയാകുമായിരുന്നു.
വാൾമാർട്ടിൽ ഷോപ്പിംഗിന് പകരം ഫുഡ് ബാങ്ക് സന്ദർശിച്ച് പ്രതിവാര ചെലവുകൾ വെട്ടിക്കുറയ്ക്കാൻ നിർദ്ദേശിക്കുന്ന ഒരു മലയാളം വീഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് വിദ്യാർത്ഥികളുടെ കുത്തൊഴുക്കുണ്ടായത്. ഈ വീഡിയോ പലരെയും തെറ്റിദ്ധരിപ്പിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയതായും ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
“ആളുകളുടെ എണ്ണം അടുത്ത തോതില്‍ വലിയ തോതില്‍ വർധിച്ചിരുന്നു.ഞങ്ങളുടെ ജീവനക്കാർ ഈ വലിയ വരവ് ശ്രദ്ധിച്ചു. ഇതോ തുടർന്ന് നടപടി ആവശ്യമാണെന്ന് അവർ തീരുമാനിച്ചു.” കനേഡിയൻ ബ്രോഡ്‌കാസ്റ്റിംഗ് കോർപ്പറേഷൻ (സിബിസി) റിപ്പോർട്ട് ചെയ്ത പ്രകാരം ലണ്ടൻ ഫുഡ് ബാങ്കിന്റെ കോ-എക്‌സിക്യൂട്ടീവ് ഡയറക്ടർ ഗ്ലെൻ പിയേഴ്‌സൺ പറഞ്ഞു. ഫുഡ് ബാങ്ക് ഉടന്‍ തന്നെ കോളേജുമായി ബന്ധപ്പെടുകയും വിദ്യാർത്ഥികൾക്ക് നോട്ടീസ് നല്‍കുകയും ചെയ്തതായും അദ്ദേഹം പറയുന്നു.
കാനഡയിലെ ഏറ്റവും വലിയ അന്താരാഷ്‌ട്ര വിദ്യാർത്ഥി ജനസംഖ്യയുള്ള ഒന്റാറിയോയിലെ ബ്രാംപ്‌ടണിൽ, സെപ്റ്റംബറിൽ ആരംഭിക്കുന്ന ഫാൾ സെഷൻ ഉപഭോഗത്തോടനുബന്ധിച്ച്, അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണത്തിൽ വന്‍ വർദ്ധനവ് കണ്ടതിന് ശേഷം ഒരു ഫുഡ് ബാങ്ക് അന്താരാഷ്ട്ര വിദ്യാർത്ഥികളെ പൂർണ്ണമായും നിരോധിക്കുകയും ചെയ്തിട്ടുണ്ട്. കുറച്ചു പേർക്ക് ഭക്ഷണം നല്‍കാന്‍ ഞങ്ങള്‍ തയ്യാറാണ്, എന്നാല്‍ നൂറ് കണക്കിന് വിദ്യാർത്ഥികളേയും അവരുടെ കുടുംബത്തേയും പോറ്റാന്‍ സാധിക്കില്ലെന്നാണ് ബ്രാംപ്ടൺ ഫുഡ് ബാങ്കിലെ ഒരു ഉദ്യോഗസ്ഥൻ പറയുന്നത്.