ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ സ്വപ്നപദ്ധതിയായ ആത്മനിര്‍ഭര്‍ ഭാരതിന് ശക്തിപകരുന്ന നിര്‍ദേശം നടപ്പാക്കാനൊരുങ്ങി പ്രതിരോധ മന്ത്രാലയം. ഇന്ത്യയെ സ്വയംപര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മന്ത്രാലയത്തിന്റെ നടപടി. ആദ്യപടിയായി സൈനിക ക്യാന്റീനുകളിലേക്ക് വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പനങ്ങള്‍ വാങ്ങുന്നത് നിര്‍ത്താനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
രാജ്യത്തെ 4000 സൈനിക ക്യാന്റീനുകളില്‍ സര്‍ക്കാര്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കി. വിദേശ മദ്യത്തിനടക്കം നിരോധനം വന്നേക്കുമെന്നാണ് വിവരം. ഭാവിയില്‍ ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ സംഭരണം അനുവദിക്കില്ലെന്നാണ് പ്രതിരോധ മന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവിലെ നിര്‍ദേശം.
രാജ്യത്തെ സൈനികര്‍ക്കും വിരമിച്ച സൈനികര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും കുറഞ്ഞ വിലയ്ക്ക് മദ്യം, ഇലക്ട്രോണിക്സ് ഉത്പന്നങ്ങള്‍ തുടങ്ങി സാധനങ്ങള്‍ വില്‍ക്കുന്ന സൈനിക ക്യാന്റീനുകള്‍ ഇന്ത്യയിലെ വലിയ ചില്ലറ വില്‍പ്പന ശൃംഘലകളിലൊന്നാണ്. വിദേശ ഉത്പനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയെങ്കിലും ഏതെല്ലാം വിദേശ ഉത്പന്നങ്ങള്‍ക്കാണ് നിരോധനം എന്നത് ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല.
ഡയപ്പറുകള്‍, ഹാന്‍ഡ് ബാഗുകള്‍, വാക്വം ക്ലീനറുകള്‍, ലാപ്ടോപ്പ് തുടങ്ങിയ ചൈനീസ് ഉത്പ്പന്നങ്ങളാണ് രാജ്യത്തെ സൈനിക ക്യാന്റീനുകളില്‍ കൂടുതലും ഇറക്കുമതി ചെയ്യുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡിഫന്‍സ് സ്റ്റഡീസ് ആന്‍ഡ് അനാലിസിസിന്റെ ഓഗസ്റ്റിലെ കണക്കുകള്‍ അനുസരിച്ച് സൈനിക ക്യാന്റീനുകളിലെ മൊത്തം വില്‍പ്പന മൂല്യത്തിന്റെ ആറ് മുതല്‍ ഏഴ് ശതമാനം വരെ ഇറക്കുമതി ഉത്പന്നങ്ങളാണ്.
കര, വ്യോമ, നാവിക സേനകളുമായി മേയ്, ജൂലായ് മാസങ്ങളില്‍ ഈ വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും ആഭ്യന്തര ഉത്പനങ്ങള്‍ പ്രോത്സാഹിപ്പിക്കാനുളള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തെ പിന്തുണയ്ക്കുകയാണ് ലക്ഷ്യമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഉത്തരവിനോട് പ്രതികരിക്കാന്‍ പ്രതിരോധ മന്ത്രാലയ വക്താവ് വിസമ്മതിച്ചതായി വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.