ബെംഗളൂരു: സുഹൃത്തുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ കാമുകിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. യുവതിയുടെ കാമുകനായ ഹരീഷ്, ഇയാളുടെ സുഹൃത്ത് ഹേമന്ത് എന്നിവരെ ബെംഗളൂരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് (സി.സി.ബി) ആണ് പിടികൂടിയത്.
ബംഗളൂരുവില്‍ സ്വകാര്യപാര്‍ട്ടികളുടെ മറവില്‍ പങ്കാളികളെ കൈമാറുന്ന സംഘത്തിലെ അംഗങ്ങളാണിവരെന്നാണ് പോലീസ് പറയുന്നത്. ബലപ്രയോഗത്തിലൂടെയും ഭീഷണിപ്പെടുത്തിയുമാണ് ഇവര്‍ സ്ത്രീകളെ ലൈംഗിക പ്രവര്‍ത്തനങ്ങള്‍ക്ക് വിധേയരാക്കുന്നതെന്നാണ് വിവരം.
32-കാരിയായ യുവതി സി.സി.ബിയിൽ പരാതി നൽകിയതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. പ്രതികളുമായും ഇവരുടെ പരിചയക്കാരുമായും ശാരീക ബന്ധത്തിൽ ഏർപ്പെടാൻ താൻ നിര്‍ബന്ധിതയായെന്ന് അവർ വെളിപ്പെടുത്തി. മറ്റു സുഹൃത്തുക്കളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ ഹരീഷ് തന്നെ നിർബന്ധിക്കുകയായിരുന്നു. ഇതിനെ എതിർത്തപ്പോൾ സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയിൽ പറഞ്ഞു.
അന്വേഷണത്തിൽ, മറ്റു സ്ത്രീകളുടേത് അടക്കം സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പ്രതികളിൽനിന്ന് പോലീസ് കണ്ടെടുത്തു. ഇവ ഉപയോഗിച്ചാണ് ഇരുവരും ഇരകളെ ഭീഷണിപ്പെടുത്തിയിരുന്നത്. പ്രതികൾ ഇരുവരും സ്ഥിരം കുറ്റവാളികളാണെന്നും മുൻപും ഇത്തരം പ്രവൃത്തികളിൽ ഏർപ്പെട്ടിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്.
ബെംഗളൂരിവിൽ സ്വകാര്യ പാർട്ടികൾ സംഘടിപ്പിക്കാനായി പ്രതികൾ വാട്സാപ്പ് ഗ്രൂപ്പുകൾ ഉപയോഗിച്ചിരുന്നു. സാമൂഹിക പരിപാടികൾ എന്ന പേരിൽ നടത്തുന്ന പാർട്ടികൾക്ക് മറവിൽ സ്ത്രീകളെ കൈമാറ്റം ചെയ്യുന്നതുൾപ്പടെയുള്ള കാര്യങ്ങളാണ് നടന്നിരുന്നത്.