മുംബൈ:ഇന്ത്യന്‍ നിരത്തുകളില്‍ വില്‍പ്പനയ്ക്ക് എത്തുന്ന എട്ട് സീറ്റര്‍ വാഹനങ്ങള്‍ക്ക് ആറ് എയര്‍ബാഗ് നല്‍കുന്നതിന് സമയം നീട്ടി നല്‍കി കേന്ദ്ര സര്‍ക്കാര്‍. വരുന്ന ഒക്ടോബര്‍ ഒന്ന് മുതല്‍ നടപ്പാക്കുമെന്ന് അറിയിച്ചിരുന്ന നിര്‍ദേശമാണ് 2023 ഒക്ടോബര്‍ ഒന്നിലേക്ക് നീട്ടിയിരിക്കുന്നത്. എട്ട് പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന എം1 കാറ്റഗറി വാഹനങ്ങളില്‍ ആറ് എയര്‍ബാഗ് നിര്‍ബന്ധമാക്കണമെന്ന കരട് നിര്‍ദേശം 2022 ജനുവരിയാണ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നത്.
ഈ വര്‍ഷം നിയമം നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നതെങ്കിലും ഇത് പ്രാബല്യത്തില്‍ വരുത്തുന്നതോടെ 10 ലക്ഷം അധിക എയര്‍ബാഗുകള്‍ ആവശ്യമായി വരുമെന്ന് ഇത് നിര്‍മിക്കുന്നതിനുള്ള ശേഷി നിലവില്‍ ഇല്ലെന്നതും പരിഗണിച്ചാണ് ഒരു വര്‍ഷം കൂടി സമയം അനുവദിച്ചിരിക്കുന്നത്. കാറിന്റെ മോഡലും വിലയും പരഗണിക്കാതെ യാത്രക്കാരുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കണമെന്നും 2023 ഒക്ടോബര്‍ ഒന്ന് മുതല്‍ ഇത് നടപ്പാക്കുമെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു.
എട്ടുപേര്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കുന്ന വാഹനങ്ങളുടെ മുന്‍നിരയില്‍ രണ്ട് സാധാരണ എയര്‍ബാഗും പിന്നിലെ രണ്ട് നിരകളിലായി കര്‍ട്ടണ്‍ എയര്‍ബാഗും നല്‍കണമെന്നാണ് നിര്‍ദേശം. കഴിഞ്ഞ ജനുവരി മുതല്‍ ഇന്ത്യയില്‍ എത്തിയിട്ടുള്ള കാറുകളിലെ അടിസ്ഥാന മോഡല്‍ മുതല്‍ മുന്‍നിരയില്‍ രണ്ട് എയര്‍ബാഗ് നല്‍കിയാണ് എത്തിയിട്ടുള്ളത്. അതേസമയം, ഇന്ത്യയില്‍ എത്തുന്ന എല്ലാ വാഹനങ്ങള്‍ക്കും ആറ് എയര്‍ബാഗ് നിര്‍ബന്ധമാക്കുമെന്നും നിതിന്‍ ഗഡ്കരി ഒരുഘട്ടത്തില്‍ അറിയിച്ചിരുന്നു.
ഇന്ത്യയില്‍ ഇറങ്ങുന്ന വാഹനങ്ങള്‍ കൂടുതല്‍ സുരക്ഷിതമാക്കാനാണ് ഈ നീക്കം. വാഹനങ്ങളുടെ എണ്ണം വര്‍ധിക്കുന്നതിനൊപ്പം അപകടങ്ങളുടെ എണ്ണവും ഉയരുകയാണ്. വാഹനങ്ങളിലെ എയര്‍ബാഗുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതോടെ അപകടത്തില്‍ പരിക്കേല്‍ക്കുന്നവരുടെ എണ്ണത്തില്‍ കുറവ് വരുത്താന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍, എയര്‍ബാഗുകളുടെ എണ്ണം ഉയരുന്നതോടെ വാഹനത്തിന്റെ വില വര്‍ധിപ്പിക്കേണ്ടിവരുമെന്നതാണ് നിര്‍മാതാക്കള്‍ക്ക് മുന്നിലെ വെല്ലുവിളി.
ഇന്ത്യയില്‍ നിലവില്‍ വില്‍പ്പനയിലുള്ള പല വാഹനങ്ങളുടെയും ഉയര്‍ന്ന വകഭേദത്തില്‍ പോലും ആറ് എയര്‍ബാഗുകള്‍ നല്‍കുന്നില്ല. കര്‍ട്ടണ്‍ എയര്‍ബാഗുകള്‍ പോലുള്ളവ നല്‍കുന്നതിന് കാറുകളുടെ ബോഡി ഷെല്ലുകളിലും ഇന്റീരിയറിലും മറ്റും കാര്യമായ മാറ്റം വരുത്തേണ്ടി വരുമെന്നതും നിര്‍മാതാക്കള്‍ക്ക് മുന്നിലുള്ള വെല്ലുവിളിയാണ്. എയര്‍ബാഗുകളുടെ എണ്ണം ഉയരുന്നതോടെ കാറുകളുടെ വിലയില്‍ വലിയ വര്‍ധനവ് വരുത്താന്‍ നിര്‍മാതാക്കള്‍ നിര്‍ബന്ധിതരായേക്കും.
സമീപകാലം വരെ ഇന്ത്യയില്‍ ഇറങ്ങുന്ന വാഹനങ്ങളില്‍ എയര്‍ബാഗ് നിര്‍ബന്ധമായിരുന്നില്ല. 2019 ഏപ്രില്‍ മാസം മുതലാണ് ഡ്രൈവര്‍ എയര്‍ബാഗ് ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ കര്‍ശനമാക്കിയത്. ഇതിനുപിന്നാലെ 2022-ഓടെ മുന്‍നിരയിലെ രണ്ടുപേര്‍ക്കും എയര്‍ബാഗ് നിര്‍ബന്ധമാക്കണമെന്ന് നിര്‍ദേശം വന്നിരുന്നു. സുരക്ഷ കൂടുതല്‍ കാര്യക്ഷമാക്കുന്നതിനായി ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തുന്ന 800 സി.സിയില്‍ അധിക ശേഷിയുള്ള വാഹനങ്ങള്‍ക്ക് എ.ബി.എസും ഇ.ബി.ഡിയും നിര്‍ബന്ധമാക്കിയിട്ടുണ്ട്.