ഹരാരെ: ആദ്യ രണ്ട് ലോകകപ്പുകള്‍ നേടിയ കരുത്തന്‍മാര്‍, വിവ് റിച്ചാര്‍ഡ്‌സ്, ബ്രയാന്‍ ലാറ തുടങ്ങിയ ഇതിഹാസങ്ങള്‍ കളിച്ച ടീം. ഒടുവിലിതാ ഏകദിന ലോകകപ്പിന്റെ ചരിത്രത്തില്‍ ആദ്യമായി വെസ്റ്റിന്‍ഡീസ് യോഗ്യത നേടാനാകാതെ പുറത്തായിരിക്കുകയാണ്. ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ കരീബിയന്‍ കരുത്തര്‍ ഉണ്ടാകില്ല. ഈ വര്‍ഷം ആദ്യം നടന്ന ട്വന്റി20 ലോകകപ്പിനും വെസ്റ്റിന്‍ഡീസ് യോഗ്യത നേടിയിരുന്നില്ല.
ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ സൂപ്പര്‍ സിക്‌സ് മത്സരത്തില്‍ സ്‌കോട്ട്‌ലന്‍ഡിനോട് ഏഴു വിക്കറ്റിന്റെ തോല്‍വി വഴങ്ങിയതോടെയാണ് വിന്‍ഡീസിന്റെ വിധി കുറിക്കപ്പെട്ടത്. ഗ്രൂപ്പ് ഘട്ടത്തില്‍ നെതര്‍ലന്‍ഡ്‌സിനെതിരേയും സിംബാബ്‌വെയ്‌ക്കെതിരേയും നടന്ന മത്സരങ്ങള്‍ പരാജയപ്പെട്ടതിനു പിന്നാലെ തന്നെ വിന്‍ഡീസിന്റെ പുറത്തേക്കുള്ള വഴി തെളിഞ്ഞിരുന്നു.
നെതര്‍ലന്‍ഡ്‌സും സിംബാബ്‌വെയും സൂപ്പര്‍ സിക്‌സിലെത്തിയതോടെ ഗ്രൂപ്പ് ഘട്ടത്തില്‍ ഇവരോട് പരാജയപ്പെട്ട വിന്‍ഡീസ് ഇതോടെ ഒരു പോയന്റ് പോലുമില്ലാതെയാണ് സൂപ്പര്‍ സിക്‌സ് റൗണ്ടിലേക്ക് പ്രവേശിച്ചത്. അതത് ഗ്രൂപ്പില്‍ നിന്ന് സൂപ്പര്‍ സിക്‌സിലേക്ക് യോഗ്യത നേടുന്ന ടീമുകള്‍ പരസ്പരം മത്സരിച്ചപ്പോള്‍ നേടിയ പോയന്റ് കൂടി സൂപ്പര്‍ സിക്‌സില്‍ പരിഗണിക്കും. സൂപ്പര്‍ സിക്‌സ് റൗണ്ടില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ എത്തുന്ന ടീമുകള്‍ക്കാണ് ലോകകപ്പ് യോഗ്യത ലഭിക്കുക.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 43.5 ഓവറില്‍ 181 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ സ്‌കോട്ട്‌ലന്‍ഡ് 43.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയം കണ്ടു.
107 പന്തില്‍ നിന്ന് ഏഴ് ബൗണ്ടറിയടക്കം 74 റണ്‍സോടെ പുറത്താകാതെ നിന്ന മാത്യു ക്രോസാണ് സ്‌കോട്ട്‌ലന്‍ഡിന്റെ ടോപ് സ്‌കോറര്‍. 106 പന്തില്‍ നിന്ന് ഒരു സിക്‌സും എട്ട് ഫോറുമടക്കം 69 റണ്‍സെടുത്ത ബ്രാന്‍ഡന്‍ മക്മല്ലനും സ്‌കോട്ട്‌ലന്‍ഡിനായി തിളങ്ങി.
രണ്ടാം വിക്കറ്റില്‍ ക്രോസും മക്മല്ലനും ചേര്‍ന്ന് പടുത്തുയര്‍ത്തിയ 125 റണ്‍സ് കൂട്ടുകെട്ടാണ് സ്‌കോട്ട്‌ലന്‍ഡ് ജയത്തില്‍ നിര്‍ണായകമായത്. ഇന്നിങ്‌സിന്റെ ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ ക്രിസ്റ്റഫര്‍ മക്‌ബ്രൈഡിനെ നഷ്ടമായ ശേഷമായിരുന്നു ഇരുവരുടെയും രക്ഷാപ്രവര്‍ത്തനം.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന് സ്‌കോട്ട്‌ലന്‍ഡ് ബൗളിങ്ങിനു മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. മൂന്ന് വിക്കറ്റുമായി ബ്രാന്‍ഡന്‍ മക്മല്ലന്‍, രണ്ട് വിക്കറ്റ് വീതം വീഴ്ത്തി മാര്‍ക്ക് വാറ്റ്, ക്രിസ് ഗ്രീവ്‌സ്, ക്രിസ് സോള്‍ എന്നിവര്‍ തിളങ്ങിയതോടെ വിന്‍ഡീസ് 181 റണ്‍സിന് കൂടാരം കയറി.
45 റണ്‍സെടുത്ത ജേസണ്‍ ഹോള്‍ഡര്‍, 36 റണ്‍സെടുത്ത റൊമാരിയോ ഷെപ്പേര്‍ഡ് എന്നിവര്‍ മാത്രമാണ് അല്‍പമെങ്കിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ബ്രാന്‍ഡന്‍ കിങ് 22 റണ്‍സും നിക്കോളാസ് പുരന്‍ 21 റണ്‍സുമെടുത്ത് പുറത്തായി.