നോയിഡ:ഉത്തർപ്രദേശിലെ നോയിഡയിൽ ഹോട്ടലുടമ വെടിയേറ്റു മരിച്ച കേസിന്റെ അന്വേഷണത്തിൽ നാടകീയ വഴിത്തിരിവ്. ഭക്ഷണം തയ്യാറാകാൻ വൈകിയതിന്റെ പേരിൽ ഹോട്ടലുടമയെ ഡെലിവറി ബോയി വെടിവെച്ചു കൊന്നുവെന്നാണ് പോലീസ് ആദ്യം സംശയിച്ചത്. എന്നാൽ, ഹോട്ടൽ ഉടമയ്ക്കുനേരെ വെടിവച്ചത് പുറത്തുനിന്ന് എത്തിയ മൂന്നുപേരിൽ ഒരാളാണെന്നും ഡെലിവറി ബോയിക്ക് സംഭവവുമായി നേരിട്ട് ബന്ധമില്ലെന്നും പോലീസ് പിന്നീട് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി.
സംഭവം നടന്ന് മണിക്കൂറുകൾക്കുശേഷം സിനിമയെ വെല്ലുന്ന നീക്കങ്ങൾക്കും വെടിവെപ്പിനും ശേഷം പോലീസ് യഥാർഥ പ്രതികളെ പിടികൂടിയപ്പോഴാണ് നടന്നതെന്താണെന്ന് വ്യക്തമായത്. വികാസ്, ദേവേന്ദർ, സുനിൽ എന്നിവരാണ് പിടിയിലായത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: ഓൺലൈൻ വഴി ബുക്കിങ് വന്ന ഓർഡർ ശേഖരിക്കാനായി ബുധനാഴ്ച പുലർച്ചെ 12.15നാണ് ഒരു സ്വകാര്യ ഭക്ഷണ ഡെലിവറി സ്ഥാപനത്തിന്റെ ഏജന്റായ യുവാവ് ഹോട്ടലിലെത്തിയത്. ഓർഡർ ചെയ്ത വിഭവങ്ങളിൽ ഒന്ന് തയ്യാറാവാൻ താമസമുണ്ടെന്ന് ഹോട്ടൽ ജോലിക്കാരൻ ഇയാളെ അറിയിച്ചു. എന്നാൽ ഇതുകേട്ട് പ്രകോപിതനായ യുവാവ് ഹോട്ടൽ തൊഴിലാളിയുമായി വാക്കേറ്റമുണ്ടായി. ഇതേ സമയം ഹോട്ടലിനു പുറത്തു കറങ്ങി നടന്ന ലഹരിയിലായിരുന്ന മൂന്നുപേർ സംഭവത്തിൽ ഇടപെട്ടു. തുടർന്ന് പ്രശ്നം തണുപ്പിക്കാനെത്തിയ ഹോട്ടലുടമ സുനിൽ അഗർവാളിനെ മൂന്നുപേരിൽ ഒരാളായ വികാസ് വെടിവെക്കുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ യഥാർഥ പ്രതികളെ പോലീസ് കണ്ടെത്തിയെങ്കിലും ഇവർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഇവരെ പിൻതുടർന്ന പോലീസ് മുഖ്യപ്രതി വികാസിന്റെ കാലിൽ വെടിവച്ച് കീഴ്പ്പെടുത്തുകയായിരുന്നു. തുടർന്ന് മൂന്നുപേരെയും കസ്റ്റഡിയിലെടുത്തു. കൊലനടത്താനുപയോഗിച്ച തോക്ക് കൂടാതെ മറ്റൊരു തോക്കും പ്രതിയിൽ നിന്ന് പോലീസ് കണ്ടെടുത്തു. പ്രതി വികാസ് ആശുപത്രിയിൽ ചികിത്സയിലാണ്.