NationalNews

സഹാറ മരുഭൂമിയിൽ വെള്ളപ്പൊക്കം; അരനൂറ്റാണ്ടിനിടെ ആദ്യത്തെ സംഭവം

മൊറോക്കോ: ഭൂമിയിലെ ഏറ്റവും വരണ്ട പ്രദേശങ്ങളിലൊന്നായ സഹാറ മരുഭൂമിയിൽ വെള്ളപ്പൊക്കം. തെക്കുകിഴക്കൻ മൊറോക്കോയിൽ കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയെ തുടർന്നാണിത്. സഹാറ മരുഭൂമിയുടെ ചില ഭാഗങ്ങൾ കടുത്ത വെള്ളപ്പൊക്കത്തിന് സാക്ഷ്യം വഹിക്കുകയാണെന്ന് മൊറോക്കയിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ‌ഇറിക്വി തടാകം പ്രളയത്തിൽ നിറഞ്ഞു കവിഞ്ഞു. അരനൂറ്റാണ്ടായി ഈ തടാകം വരണ്ട അവസ്ഥയിലായിരുന്നു. നാസ പകർത്തിയ ഉപഗ്രഹ ചിത്രങ്ങളിൽ തടാകം നിറഞ്ഞു കവിഞ്ഞൊഴുകുന്നത് കാണാം.

വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ഇത്രയധികം മഴ ലഭിച്ചിട്ട് 30 മുതൽ 50 വർഷം വരെയായെന്ന് മൊറോക്കോയിലെ കാലാവസ്ഥാ ഏജൻസിയിലെ ഉദ്യോഗസ്ഥനായ ഹുസൈൻ യൂബെബ് പറഞ്ഞു. കാലാവസ്ഥാ നിരീക്ഷകർ ഈ പ്രതിഭാസത്തെ ഒരു എക്സ്ട്രാ ട്രോപ്പിക്കൽ സ്റ്റോം എന്നാണ് വിശേഷിപ്പിച്ചത്. ഇത് പ്രദേശത്തിൻ്റെ കാലാവസ്ഥയിൽ ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. 

മൊറോക്കോയിലെ വെള്ളപ്പൊക്കം കഴിഞ്ഞ മാസം 18 പേരുടെ ജീവൻ അപഹരിച്ചിരുന്നു. തെക്കുകിഴക്കൻ മേഖലയിലെ അണക്കെട്ടുകളുള്ള ജലസംഭരണികൾ സെപ്റ്റംബറിൽ വലിയ രീതിയിൽ വീണ്ടും നിറഞ്ഞതായി റിപ്പോർട്ടുണ്ട്. തലസ്ഥാനമായ റബാറ്റിൽ നിന്ന് 450 കിലോ മീറ്റർ തെക്ക് സ്ഥിതി ചെയ്യുന്ന ടാഗോനൈറ്റ് ഗ്രാമത്തിൽ 24 മണിക്കൂറിനുള്ളിൽ 100 ​​മില്ലി മീറ്ററിലധികം മഴയാണ് സെപ്റ്റംബറിൽ രേഖപ്പെടുത്തിയത്.

ഒൻപത് ദശലക്ഷം ചതുരശ്ര കിലോ മീറ്ററിൽ വ്യാപിച്ചുകിടക്കുന്നതാണ് സഹാറ മരുഭൂമി. ഇവിടുത്തെ തീവ്രമായ കാലാവസ്ഥാ വ്യതിയാനം വലിയ ഭീഷണികളാണ് ഉയർത്തുന്നത്. ഭാവിയിൽ ഈ മേഖലയിൽ തീവ്രതയുള്ള കൊടുങ്കാറ്റുകൾ ഇടയ്ക്കിടെ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker