കുവൈത്തിനെ മൂടി പൊടിക്കാറ്റ്; വിമാന സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു
കുവൈത്ത് സിറ്റി: കുവൈത്ത് വിമാനത്താവളത്തിന്റെ പ്രവർത്തനം താത്ക്കാലികമായി നിർത്തിവെച്ചു. പൊടിക്കാറ്റിനെ തുടർന്നാണ് തീരുമാനം. കുവൈത്ത് ഇന്റർനാഷണൽ എയർപോർട്ടിൽ പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 2:20 മുതൽ വിമാന ഗതാഗതം താത്ക്കാലികമായി നിർത്തിവച്ചതായി ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.
തിങ്കളാഴ്ച വീശിയ പൊടിക്കാറ്റില്‍ അന്തരീക്ഷം കടുത്ത ഓറഞ്ച് നിറത്തിലായി. വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനത്തെയും റോഡ് ഗതാഗതത്തെയും പൊടി സാരമായി ബാധിച്ചു. ഒഴിവാക്കാനാകാത്ത കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്നും പുറത്തിറങ്ങിയാല്‍ പൊടിയെ പ്രതിരോധിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും പൊതുജനങ്ങള്‍ക്ക് പൊലീസ് നിര്‍ദ്ദേശം നല്‍കി. അടിയന്തര സാഹചര്യങ്ങളില്‍ എമര്‍ജന്‍സി നമ്പരായ 112ല്‍ ബന്ധപ്പെടണമെന്നും അധികൃതര്‍ അറിയിച്ചു.
രാജ്യത്ത് മണൽക്കാറ്റിന് സാധ്യതയുണ്ടെന്ന് നേരത്തെ കുവൈത്ത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. പടിഞ്ഞാറൻ ദിശയിൽ നിന്ന് വീശിയടിക്കുന്ന പൊടിക്കാറ്റ് മെയ് 23-ന് കുവൈത്തിൽ പ്രവേശിക്കുമെന്നും, തുടർന്ന് രാജ്യത്തിന്റെ ഉൾഭാഗങ്ങളിലേക്ക് സഞ്ചരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. മണൽക്കാറ്റിന്റെ തീവ്രത മൂലം കാഴ്ച്ച തടസപ്പെടാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ദൃശ്യപരത ആയിരം മീറ്ററിൽ താഴെ എന്ന രീതിയിലായിരിക്കും അനുഭവപ്പെടുക. പൊടിക്കാറ്റിന്റെ പ്രഭാവം ചൊവ്വാഴ്ച്ച പുലർച്ചെ വരെ തുടരാനിടയുണ്ടെന്നും കാലാവസ്ഥാ വിദഗ്ധർ പ്രവചിക്കുന്നു. മണിക്കൂറിൽ അറുപത് കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശുമെന്നും കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കിയിട്ടുണ്ട്.