
തിരുവനന്തപുരം: മഴയില്‍ കുതിര്‍ന്ന മേല്‍ക്കൂരയും ചുമരുകളും ഇടിഞ്ഞുവീഴുമ്പോള്‍ വീടിനുള്ളില്‍പ്പെട്ട അഞ്ചുവയസ്സുകാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വട്ടിയൂര്‍ക്കാവ് മൂന്നാംമൂട് പുലരിനഗര്‍ മേലേമങ്കാരത്തുവിള വിജയഭവനില്‍ വിനോദിന്റെ മകന്‍ വൈഷ്ണവാണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്. ശനിയാഴ്ച വൈകീട്ട് മൂന്നരയോടെയായിരുന്നു അപകടം.
മണ്‍കട്ടകൊണ്ടുള്ള ചുമരും ഓടുപാകിയ മേല്‍ക്കൂരയുമാണ് തകര്‍ന്നുവീണത് .അമ്മ ശകുന്തളയുടെ വീട്ടിലാണ് കൂലിപ്പണിക്കാരനായ വിനോദും ഭാര്യ അനിതയും മക്കളായ വിനയന്‍, വിഷ്ണുജിത്ത്, വൈഷ്ണവ് എന്നിവരും താമസിക്കുന്നത്. കാലപ്പഴക്കമേറിയ വീടിന്റെ മണ്‍കട്ടകൊണ്ടുള്ള ചുമരും ഓടുപാകിയ മേല്‍ക്കൂരയുമാണ് തകര്‍ന്നുവീണത്. മഴയില്‍ കുതിര്‍ന്ന അവസ്ഥയിലായിരുന്നു വീട്.
അപകടസമയത്ത് വിനോദ് കിണറ്റില്‍നിന്നു വെള്ളം കോരുകയായിരുന്നു. അനിത മുന്‍വശത്തെ മുറിയിലും വിനയനും വിഷ്ണുജിത്തും മുറ്റത്തും വൈഷ്ണവ് അടുക്കളയോടു ചേര്‍ന്നുള്ള മുറിയിലുമായിരുന്നു. അടുക്കളയുടെയും സമീപത്തെ മുറിയുടെയും ചുവര്‍ പെട്ടെന്ന് ഇടിയുകയും വലിയ ശബ്ദത്തോടെ മേല്‍ക്കൂര താഴേക്കു പതിക്കുകയുമായിരുന്നു.
വൈഷ്ണവ് നിന്നിരുന്ന മുറിയുടെ ഒരു വശത്തെ ചുമര്‍ മാത്രമാണ് അവശേഷിച്ചത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിപ്പോയ കുട്ടിയെ വിനോദ് ഓടിയെത്തി തടിയും ഓടുമെല്ലാം മാറ്റി പുറത്തെടുക്കുകയായിരുന്നു. അടുക്കളസാധനങ്ങളും വീട്ടുപകരണങ്ങളും നശിച്ചിട്ടുണ്ട്. വീടിന്റെ ബാക്കിഭാഗവും ഏതുനിമിഷവും വീഴാവുന്ന അവസ്ഥയിലാണ്.