സൈനിക വാഹനം 350 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞു, 5 സൈനികർക്ക് വീരമൃത്യു
ശ്രീനഗർ: സൈനികവാഹനം അപകടത്തിൽപെട്ട് അഞ്ച് സൈനികർക്ക് വീരമൃത്യു. ജമ്മു കാശ്‌മീരിലെ പൂഞ്ച് ജില്ലയിലെ മെന്ധറിലെ ബൽനോയ് മേഖലയിലാണ് അപകടം നടന്നത്. ഓട്ടത്തിനിടെ സൈനിക വാഹനം റോഡിൽ നിന്നും തെന്നിമാറി അഗാധമായ കൊക്കയിലേക്ക് മറിയുകയായിരുന്നു. അപകട സമയത്ത് 18 സൈനിക ഉദ്യോഗസ്ഥർ വാഹനത്തിലുണ്ടായിരുന്നു എന്നാണ് വിവരം. രക്ഷാപ്രവർത്തനം ആരംഭിച്ചതായി സൈനിക വൃത്തങ്ങൾ സൂചന നൽകി. ചില സൈനികരുടെ നില അതീവ ഗുരുതരമാണെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഡ്രൈവർക്ക് നിയന്ത്രണം നഷ്‌ടമായി റോഡിൽ നിന്ന് 350 അടി താഴ്‌ചയിലേക്ക് വാഹനം മറിയുകയായിരുന്നു.
ബൽനോയി നിലം ഹെഡ്‌ക്വാർട്ടേഴ്‌സിൽ നിന്ന് ഖോര പോസ്‌റ്റിലേക്ക് പോകുകയായിരുന്നു വാഹനം. 11 മറാത്ത ലൈറ്റ് ഇൻഫാൻട്രിയുടെ വാഹനമാണ് അപകടത്തിൽ പെട്ടത്. ‘ഇന്ന് വൈകുന്നേരം 5.40ന് നിലം ആസ്ഥാനത്ത് നിന്നും ഖോര പോസ്‌റ്റിലേക്ക് പോകുകയായിരുന്ന 11 മറാത്ത ലൈറ്റ് ഇൻഫാൻട്രിയുടെ വാഹനം ഖോര പോസ്‌റ്റിന് സമീപം വച്ച് അപകടത്തിൽ പെടുകയായിരുന്നു.’ പൊലീസ് പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു.