കൊല്ലം: കൊല്ലം നിലമേലിലെ സൂപ്പർമാർക്കറ്റിൽ സിഐടിയു പ്രവർത്തകരുടെ ഗുണ്ടായിസം. സൂപ്പർമാർക്കറ്റിലേക്ക് ഇരച്ചെത്തിയ സിഐടിയു പ്രവർത്തകർ സൂപ്പർമാർക്കറ്റിൻ്റെ ഉടമ ഷാനിനെ വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നു. മദ്യപിച്ചു സ്ഥാപനത്തിൽ എത്തിയത് ചോദ്യം ചെയ്തതിനാണ് മർദനമെന്ന് പരിക്കേറ്റ സൂപ്പർമാർക്കറ്റ് ഉടമ ഷാൻ പറഞ്ഞു. സംഭവത്തിൽ 13 സി.ഐ.ടി.യു പ്രവർത്തകർക്കെതിരെ ചടയമംഗലം പൊലീസ് കേസെടുത്തു. ഇവരിൽ അഞ്ച് പേരെ പൊലീസ് വൈകിട്ടോടെ അറസ്റ്റ് ചെയ്തു. പ്രവർത്തകർ തെറ്റ് ചെയ്തെങ്കിൽ നടപടിയെടുക്കുമെന്ന് സിഐടിയു നേതൃത്വം വ്യക്തമാക്കി.
നിലമേലിലെ യൂണിയൻ കോർപ് സൂപ്പർമാർട്ട് ഉടമ ഷാനിനാണ് സിഐടിയു തൊഴിലാളികളുടെ അതിക്രൂര മർദനമേറ്റത്. ഒരു തൊഴിലാളി മദ്യപിച്ചു സ്ഥാപനത്തിൽ വന്നത് ചോദ്യം ചെയ്തതാണ് തർക്കത്തിന്റെ തുടക്കമെന്ന് ഷാൻ പറയുന്നു. ഇയാൾ പോയി മറ്റുള്ളവരെ കൂട്ടിയെത്തി തന്നെ ആക്രമിക്കുകയായിരുന്നുവെന്ന് ഷാൻ പറയുന്നു. പ്രദേശത്ത് ചുമട്ടുതൊഴിലാളികളുടെ ഗുണ്ടായിസം പതിവാണെന്ന് ആരോപണമുണ്ട്.
എന്നാൽ സ്ഥാപന ഉടമ കഴിഞ്ഞ ദിവസം സിഐടിയു തൊഴിലാളിയെ മർദിച്ചിരുന്നു എന്നാണ് സിഐടിയുവിന്റെ വാദം. ഷാനിനെ മർദിച്ച സംഭവത്തിൽ 13 സി.ഐ.ടി.യു പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിൽ അഞ്ച് പേരെയാണ് ഇപ്പോൾ അറസ്റ്റ് ചെയ്തത്. എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞെന്നും ഉടൻ അറസ്റ്റ് ഉണ്ടാകുമെന്നും ചടയമംഗലം പൊലീസ് അറിയിച്ചു.
സൂപ്പർമാർക്കറ്റ് ഉടമയെ മർദിച്ചെന്ന പരാതി അന്വേഷിക്കാൻ ചുമട്ടു തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റിനെ ചുതലപ്പെടുത്തിയെന്ന് സിഐടിയു ജില്ലാ സെക്രട്ടറി എസ്.ജയമോഹൻ അറിയിച്ചു. തൊഴിലാളികളുടെ ഭാഗത്ത് തെറ്റുണ്ടെങ്കിൽ നടപടി സ്വീകരിക്കും എന്നും ജയമോഹൻ പറഞ്ഞു.